Thursday, August 22, 2013

കാനത്തും മങ്ങലവും - എന്റെ നാട്ടിലെ മുസ്‌ലിം കല്യാണം


എന്റെ നാട്ടില്‍ പഴയ കാലത്ത് കല്യാണത്തിനു പറഞ്ഞിരുന്ന പേരാണ് കാനത്തും മങ്ങലവും. കാനത്തു എന്ന് വെച്ചാല്‍ മുസ്ലിങ്ങളുടെ 'നിക്കാഹ്' എന്ന് പറയുന്ന പരിപാടി ആണ്. മങ്ങലം എന്നാല്‍ എല്ലാവരും ആഘോഷിക്കുന്ന സാധാരണ കല്യാണം. 

പിന്നെ  കാനത്തും മങ്ങലവും എന്ന് പറയുന്നത് എന്തിനാണ് എന്ന് ചോദിച്ചാല്‍ ചില ആളുകള്‍ സൌകര്യാര്‍ത്ഥം നികാഹ് (ഒഫീഷ്യല്‍ മാരിയേജ്) ആദ്യം നടത്തും എന്നിട്ട് കുറച്ചു നാളുകള്‍ക്കു ശേഷം മാത്രം എല്ല്ലാവരെയും വിളിച്ചു കല്യാണം (റിസപ്ഷന്‍) നടത്തും. പക്ഷെ അധിക സന്ദര്‍ഭങ്ങളിലും നികാഹും കല്യാണവും ഒന്നിച്ചുണ്ടാകാറാണ് പതിവ്. അത് കൊണ്ട് തന്നെ പ്രാദേശികമായി അതിനെ കാനത്തും മങ്ങലവും എന്ന് പറഞ്ഞു വന്നു.. കാലാകാലങ്ങളില്‍ ലോപം സംഭവിച്ചു ഇപ്പോള്‍ അത് വെറും 'മങ്ങലം' മാത്രമായി ചുരുങ്ങി. എങ്കിലും 'മങ്ങലത്തിനു ബിളിക്കാന്‍ ബന്നാല്‍ കാനത്തു കെയിഞ്ഞോ ന്ന് ചോയിക്കും ' അത് ഉറപ്പാണ്, പതിവാണ്.

മങ്ങലം എന്നത് ശെരിക്കും രണ്ടു ദിവസമാണ്. കല്യാണത്തിന്റെ പ്രധാന ദിവസം എന്നത് കൂടുതലും വ്യാഴാഴ്ച അല്ലെങ്കില്‍ ഞായറാഴ്ചയാണ്.  പക്ഷെ തലേ ദിവസം തൊട്ടേ ആഘോഷം തുടങ്ങും. ബന്ധുക്കളൊക്കെ നേരത്തെ തന്നെ എത്തിച്ചേരും. കുട്ടികളുടെ കളിയും ചിരിയും ബഹളവും. ഒക്കെ ആയി മൂന്നു നാല് ദിവസം മുന്‍പേ തന്നെ ഒരു കല്യാണത്തിന്റെ മൂഡ്‌ ആ വീട്ടില്‍ ഉണ്ടാകും.

ഞങ്ങളുടെ നാട്ടിലെ ആചാരം അനുസരിച്ച് കല്യാണ ശേഷം ചെക്കന്‍ പെണ്ണിന്റെ വീട്ടിലാണ് താമസം ഉണ്ടാകുക, കണ്ണൂര്‍ കാസറഗോഡ് ഒഴിച്ചാല്‍ തിരുവനന്തപുരത്തു ചില ഭാഗങ്ങളില്‍ മാത്രമാണ് ഈ ആചാരം ഉള്ളതായി കേട്ടിട്ടുള്ളത്. ഇങ്ങനെ ആയത് കൊണ്ട് തന്നെ പെണ്ണിന്റെ വീട്ടില്‍ ഏറ്റവും ആഡംബരമായ രീതിയില്‍ ഒരു മണിയറ ഒരുക്കും. ഏറ്റവും ചുരുങ്ങിയത്‌  അതില്‍ ഒരു അലമാര, ഒരു കസേര / സോഫ, പേരെഴുതിയ ടീപോയ്‌, കട്ടില്‍, വലിയ കിടക്ക, ഒരു ഡ്രസ്സ്‌ ഹാങ്ങര്‍, വൃത്തിയുള്ള സീലിംഗ്, ഓവര്‍ഹെഡ് ഡിസ്പ്ലേ റാക്കുകള്‍ എന്നിവ  നിര്‍ബന്ധമാണ്. പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ നല്‍കുന്ന സമ്മാനങ്ങള്‍  റാക്കിലാണ് ഡിസ്പ്ലേ ചെയ്യുക. ഈ പറഞ്ഞതില്‍ എന്തെങ്കിലും കുറഞ്ഞാല്‍ വരന്റെ വീട്ടുകാര്‍ക്ക് അതൊരു അപമാനമായാണ് കരുതപ്പെടുക. അത് കൊണ്ട് തന്നെ പെണ് വീട്ടുകാര്‍ ഏറ്റവും ശ്രദ്ധിക്കുന്നത് മണിയരയുടെ ആഡാംബരത്തില്‍ ആയിരിക്കും. പറ്റുമെങ്കില്‍ ഏ സി. മൌള്‍ട് ചെയ്ത സീലിംഗ്, വാട്ടര്‍ ബെഡ്, ടെലിഫോണ്‍, ടീ വീ, മ്യൂസിക്‌ സിസ്റ്റം, പോര്‍ഷ് കര്ട്ടന്‍സ്, വുഡന്‍ ഫ്ലോരിംഗ്, ടിം ലൈറ്റ്‌ സിസ്റ്റം, ബാല്‍ക്കണി സൗകര്യം എന്നിവ ഓരോരുത്തരും കഴിവിന്റെ പരമാവധി ഒരുക്കാന്‍ ശ്രമിക്കും. മണിയറയുടെ വില എന്നത് വരന്റെ കൂട്ടുകാര്‍ പറയുന്ന കമന്റുകള്‍ അനുസരിച്ചായിരിക്കും. ലക്ഷങ്ങള്‍ മുടക്കിയാലും 'ബോര്‍' ആയ മണിയറകളും ഉണ്ട്.

മകള്‍ക്ക് വിവാഹ പ്രായമായാല്‍ ഒരു പുതിയപ്ലയെ കണ്ടെത്തുക എന്നതാണ് വിഷമം പിടിച്ച ചടങ്ങ്. ഒരാള്‍ ശെരിയായയാല്‍ പിന്നെ കാര്യങ്ങളൊക്കെ ഒരു താളത്തില്‍ നടക്കും. ഉടനെ തന്നെ ചെക്കന്റെ ജമാഅത്തില്‍ ചെന്ന് അവനെ കുറിച്ച് അന്വേഷിക്കും. നല്ല അഭിപ്രായം ലഭിച്ചാല്‍ അവരെ പെണ്ണ് കാണലിന് ക്ഷണിക്കും.

ഒരു ദിവസം ചെക്കന്‍ പെണ്ണിനെ കാണാന്‍ വരും  അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടാല്‍ പിന്നെ ചെക്കന്റെ വീട്ടില്‍ നിന്നും ഔദ്യോഗികമായ പെണ്ണ് കാണല്‍ ചടങ്ങിനു ബന്ധുക്കള്‍ വരും. ഒരു വലിയ സല്‍ക്കാരം തന്നെ അന്ന് നടക്കും. പെണ്ണിന കാണാന്‍ വരുമ്പോള്‍ ആഭരണങ്ങളും പുത്തന്‍ വസ്ത്രങ്ങളും കൊണ്ട് വരും. അതൊക്കെ അണിയിച്ചു സല്‍ക്കാരവും കഴിഞ്ഞു അവര്‍ പിരിയും.

പിന്നെ വരുന്ന ചടങ്ങ് കല്യാണ നിശ്ചയമാണ്. ഇത് സാധാരണയായി ചെക്കന്റെ വീട്ടിലാണ് നടത്താറുള്ളത്. നിശ്ചയം നടക്കുന്നതിനു മുന്‍പ് തന്നെ കൊടുക്കല്‍ വാങ്ങലുകള്‍ മൂന്നാമതൊരാള്‍ വഴി ഉറപ്പിചിട്ടുണ്ടാകും. സ്ത്രീധനം വാങ്ങുന്നവര്‍ ആണെങ്കില്‍ ആ കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ പറഞ്ഞു ഉറപ്പിച്ചതിനു ശേഷം മാത്രമേ പെണ്ണ് കാണല്‍ ചടങ്ങ് നടത്തുകയുള്ളൂ.  അധികം ചെക്കന്മാരും സ്ത്രീധനത്തിന് വാശി പിടിക്കാറില്ല. പക്ഷെ നിങ്ങള്‍ എന്തെങ്കിലും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കൊടുത്തോളൂ, എനിക്ക് ഒരു കണ്ടീഷനും ഇല്ല എന്ന് മാത്രമേ പറയൂ. സ്ത്രീധനം വിഷയമാകുമ്പോള്‍ അത് രഹസ്യ ചര്‍ച്ചയിലൂടെ ആണ് പരിഹരിക്കുക. എന്നാലും പെണ് വീട്ടുകാരുടെ അഭിമാന ബോധം കൊണ്ട് അവര്‍ വളരെയധികം സമ്പത്ത് ആ പെണ്‍കുട്ടിക്ക് നല്‍കും. കല്യാണ ദിവസത്തെ ഭക്ഷണം, വാഹനം, വീഡിയോ, വേദി, എന്നിവയൊക്കെ നിശ്ചയ സമയത്ത് ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഓരോ മഹാല്ലിലെയും നിയമങ്ങളും നിയന്ത്രണങ്ങളും പരസ്പരം അറിയിക്കും. ചില സ്ഥലത്ത് വീഡിയോ പാടില്ല, പള്ളിയില്‍ ഫോട്ടോ പാടില്ല, നിക്കാഹിന്റെ ചാര്‍ജ്‌, തുടങ്ങിയവ ഷെയര്‍ ചെയ്തു സലക്കാരവും കഴിഞ്ഞു പിരിയും.

ഇതിനിടയില്‍ ചെക്കന്റെ മഹല്ല് പള്ളിയില്‍ നിന്നും നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പെണ്ണിന്റെ മഹല്ല് പള്ളിയില്‍ ഏല്‍പ്പിക്കണം. ഈ കടലാസില്‍ ആ വ്യക്തി നാട്ടില്‍ നല്ല നടപ്പുള്ള ആളാണോ എന്നും ഈ വിവാഹം നടക്കുന്നതില്‍ ആ മഹല്ല് കമ്മറ്റിക്ക് എതിര്പുണ്ടോ എന്നാ കാര്യവും രേഖപ്പെടുത്തിയിരിക്കും. ഈ ലെറ്റര്‍ കിട്ടാതെ നിക്കാഹ് നടത്താന്‍ സാധിക്കില്ല. ഈ ലെറ്റര്‍ കിട്ടനമെന്കില്‍ പള്ളി കമ്മറ്റിയുമായി വല്ല ഇടപാടും ബാക്കി ഉണ്ടെങ്കില്‍ അതെല്ലാം നല്ല രീതിയില്‍ തീര്‍ത്തിരിക്കണം. ഈ നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ചെക്കന്റെ മഹല്ലിലെ സെക്രടറി വന്നു പെണ്ണിന്റെ മഹല്ലിലെ സെക്രടരിയെ നേരിട്ട് ഏല്‍പ്പിക്കണം. നിയമ വ്യവസ്ഥ അതിന്റെ വഴിക്ക് തീര്‍ന്നാല്‍ പിന്നെ കല്യാണം നടക്കും.

പെണ്ണിന്റെ വീട്ടിലാണ് ശെരിക്കും കല്യാണത്തിന്റെ ആഘോഷങ്ങള്‍ കൂടുതല്‍ നടക്കുക. ചെക്കന്റെ വീട്ടില്‍ ബന്ധുക്കളും കൂട്ടുകാരും കൂടും എന്നതൊഴിച്ചാല്‍ വേറെ വലിയ സംഭവങ്ങള്‍ ഒന്നും തെന്നെ ഉണ്ടാകാറില്ല. പക്ഷെ പെണ് വീട്ടില്‍ കല്യാണത്തിനു തലേദിവസം ഉച്ച ഭക്ഷണത്തോടെ ആണ് സല്‍ക്കാരം തുടങ്ങുന്നത്, കാരണം അടുത്ത ബന്ധുക്കളും കൂട്ടുകാരും ഉച്ചയോടെ എത്തിച്ചേരും. പന്തല് പണിക്കാരും, പെയിന്ടടിക്കുന്നവരും, ആശാരിമാരും ഏകദേശം അന്നെ ദിവസം ഉച്ചക്ക് മുന്‍പ്‌ അവസാന മിനുക്കു പണിയും തീര്‍ത്ത്‌ ഉച്ച ഭക്ഷണവും കഴിച്ചു പിരിഞ്ഞു പോകും. പിന്നെ അവര്‍ പിറ്റേന്ന് 'മങ്ങലത്തിന്റെ ചോറ് ബെയിക്കാനെ ബെരൂ'. അങ്ങനെ തലേ ദിവസം ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും കാര്യങ്ങളൊക്കെ ഒരുക്കുന്ന തിരക്കായിരിക്കും.

അസര്‍ നിസ്കാരം കഴിഞ്ഞാല്‍ ഉടനെ ബിരിയാണിയുടെ ആള്‍ക്കാര്‍ എത്തും. അവരുടെ ബിരിയാണി സാധനങ്ങള്‍ പെണ്ണിന്റെ ഉമ്മ അല്ലെങ്കില്‍ ഉപ്പ (മാതാവ് അല്ലെങ്കില്‍ പിതാവ്) ബിരിയാണിക്കാരന് കൈമാറുന്നതോടെ ഭക്ഷണത്തിന്റെ പരിപാടികള്‍ക്ക് തുടക്കമാകുന്നു. ആദ്യം കൊടുക്കുക തോര്‍ത്തു മുണ്ടും സിഗരറ്റുമാണ്. പിന്നെ മറ്റു സാധനങ്ങള്‍. ബിരിയാണി വെക്കാന്‍ വരുന്നവര്‍ മിക്കവാറും രണ്ടോ മൂന്നോ പേരോ ആയിരിക്കും. സഹായിയായി ഒരു സ്ത്രീയും വരും. വീടിന്റെ അടുത്തായി അടുപ്പും വെള്ളത്തിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ടാകും. അത് ബിരിയാനിക്കാരുടെ ലോകമാണ്, അവിടെ മറ്റാര്‍ക്കും അധികം സ്വാതന്ത്ര്യം ഉണ്ടാകില്ല. പുകയും ഉള്ളിയുടെ നീറ്റലും, ഇറച്ചിയുടെ ചോരയും, നിറഞ്ഞ ഒരു ലോകം. ഉള്ളിയുടെ തൊലി കളയാനും വെളുത്തുള്ളി തോലിക്കാനും വെള്ളം കൊണ്ട് വരാനും മാത്രമേ മറ്റുള്ളവര്‍ക്ക് അവകാശമുള്ളൂ.

വൈകുന്നേരം ഒരു ചായ കിട്ടും പക്ഷെ അതിനെ സാധാരണ കല്യാണ വീട്ടില്‍ 'പൂസിലാന്‍ വെള്ളം' എന്ന് വിളിക്കും. കാരണം അടുക്കളയില്‍ വന്നു ചായ ചോദിക്കുന്ന ഏതാനും  പേര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ചായയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വെള്ളം ചേര്‍ത്ത് ചേര്‍ത്ത് കൊടുക്കും. അപ്പോള്‍ അത് വെറും ഒരു ചായയുടെ നിറം മാത്രമേ ഉണ്ടാകൂ.

മഗ്രിബ് നിസ്കാരം കഴിഞ്ഞാല്‍ പിന്നെ രാത്രി ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടാകും. ഇഷാ നിസ്കാരം കഴിയുന്നതോടെ വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ ഫ്രൈ, മട്ടന്‍ റോസ്റ്റ്‌, തൈര്, അങ്ങനെ സകലമാന സാധനങ്ങളും ഒരുക്കി ബിരിയാണിക്കാര്‍ കാത്തു നില്‍ക്കുന്നുണ്ടാകും. അതോടെ വിഷിഷ്ടാഥിതികളുടെ തിരക്കാണ്. അതായത് കല്യാണത്തിനു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ തലേ ദിവസം രാത്രി വന്നു മുഖം കാണിച്ചു പോകും. അതില്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍, കല്യാണ പ്രായമെത്തിയ പെണ്‍കുട്ടികള്‍, രോഗികള്‍, മൌലവിമാര്‍,  തുടങ്ങിയവര്‍ ഒക്കെ ഉണ്ടാകും. കല്യാണ ദിവസത്തെ ചിലവിന്റെ പകുതിയോളം തലേ ദിവസം ചെലവ് വരും.

കല്യാണ തലേന്ന് വരന്റെ വീട്ടില്‍ നിന്നും ഏകദേശം പന്ത്രണ്ടോളം സ്ത്രീകളും കുട്ടികളും മൈലാഞ്ചി കല്യാണത്തിനായി വീട്ടില്‍ വധുവിന്റെ വരും. ഇവരുടെ വരവിന്റെ പ്രധാന ഉദ്ദേശ്യം പെണ്ണിന് മൈലാഞ്ചി ഇട്ടു കൊടുക്കുക എന്നതാണ്. പുതിയ ഡ്രെസ്സും ഫാന്‍സി ആഭരണങ്ങളും ഇവര്‍ കൊണ്ട് വന്നു മണവാട്ടിയെ ചമയിക്കും. എന്നിട്ട് ഒപ്പനയോടെ സദസില്‍ ഇരുന്നു മൈലാഞ്ചി കല്യാണം നടത്തും. മൈലാഞ്ചി കല്യാണം എന്നാല്‍ ഒപ്പ്നയുടെ അകമ്പടിയോടെ പെണ്‍കുട്ടിയുടെ കയ്യില്‍ മൈലാഞ്ചി വെച്ച് കൊടുക്കുന്ന പരിപാടി ആണ്. വീട്ടിലെ ഏറ്റവും പ്രായമായ വ്യക്തി മൈലാഞ്ചി ഇട്ടു കൊണ്ട് ഉല്‍ഘാടനം ചെയ്യും. ക്യാമറയുടെ മുന്നില്‍ കല്യാണ പെണ്ണിന്റെ കൈ പിടിച്ചു കൊണ്ട മൈലാഞ്ചി ഇടുന്നത് പോലെ  പോസ് ചെയ്യുക എന്നത് മാത്രമാണ് ചടങ്ങ്. മണവാട്ടിക്കു മൈലാഞ്ചി ഇടുന്നതൊക്കെ അതില്‍ കഴിവുള്ള കുട്ടികള്‍ ആയിരിക്കും. ബന്ധു മിത്രാധികള്‍ എല്ലാം ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ ചടങ്ങ് തീര്‍ന്നു. അതോടെ വരന്റെ വീട്ടില്‍ നിന്നും വന്നവര്‍ക്ക് പ്രത്യേക സല്‍ക്കാരം തന്നെ ഉണ്ടാകും. ഇതിനിടയില്‍ വരന്റെ വീട്ടില്‍ നിന്ന് വന്നവര്‍ വധുവിന്റെ വീട്ടിലെ ഒരുക്കങ്ങളും മണിയറയും, പന്തലും , ആഭരണങ്ങളും എല്ലാം നോക്കി വിലയിരുത്തിയിട്ടുണ്ടാകും.എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ ഈ സമയത്ത് ചില കശ പിശകള്‍ സാധാരണമാണ്. അങ്ങനെ ഭക്ഷണവും കഴിഞ്ഞു വന്നവരൊക്കെ പിരിഞ്ഞു പോകും. പിന്നെ ബന്ധുക്കളും വീട്ടുകാരും ബാക്കിയാകും.

ഇതിനിടയില്‍ അറവുകാര്‍ പോത്തിനെയും കൊണ്ട് വന്നിട്ടുണ്ടാകും, ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് അറവു നടത്തും, പിന്നെ പൊളിക്കലും തറിക്കലും ഒക്കെയായി അതോരാഘോഷം. ചില സമയത്ത് അറവു ശാലയില്‍ നിന്നും ഇറച്ചി വണ്ടിയില്‍ കൊണ്ട് വരും... കോഴിയാണെങ്കിലും ആടാണെന്കിലും എല്ലാം റെഡി ആക്കിയാണ് കൊണ്ട് വരിക. പാതി രാത്രിയോടെ ഇറച്ചി വെപ്പ് കാരന് കിട്ടിയിരിക്കണം.

ബന്ധുക്കളൊക്കെ കഥയും പറഞ്ഞു കിട്ടുന്ന സ്ഥലത്തോക്കെ കിടന്നുറങ്ങും, അടുത്ത വീടുകളിലും കല്യാണ പന്തലിലും ഒക്കെയായി ഉറക്കാരുടെ തിരക്കായിരിക്കും. ഇവിടെ പ്രായമായ സ്ത്രീകളും പുരുഷന്മാരും മറ്റുള്ളവരെ വളരെ ശ്രദ്ധിക്കും, പൂവാലന്മാരും ചെക്കന്മാരും കറങ്ങി നടക്കുന്നത് കണ്ടാല്‍ ഓടിച്ചു വിടും. പെണ്‍കുട്ടികള്‍ അവരവരുടെ മാതാവിന്റെ കൂടെ മാത്രമേ പോകാന്‍ പാടുള്ളൂ, ഒറ്റക്കോ അല്ലെങ്കില്‍ പരിച്ചയമില്ലാത്രവരുടെയോ കൂടെ കണ്ടാല്‍ അടി ഉറപ്പ്‌. നേരം വെളുക്കുന്നത് വരെ പ്രായമായവര്‍ മറ്റുള്ളവര്‍ ഉറങ്ങുന്ന സ്ഥലത്ത് ചെറിയ വെളിച്ചത്തില്‍ ഉലാത്തിക്കൊണ്ടിരിക്കും. കാവലാളായി.

നാളത്തെക്കുള്ള ബിരിയാണിയുടെ പരിപാടികളില്‍ മുഴുകി വെപ്പുകാര്‍ തിരക്കിലായിരിക്കും. സിഗരറ്റ് വലിച്ചും പരസ്പരം സംസാരിച്ചും ചട്ടുകം കൊണ്ട് ബിരിയാണി ചെമ്പില്‍ തട്ടി ശബ്ദമുണ്ടാക്കിയും അവരുടെ ഉറക്കത്തെ അവര്‍ അകത്തി നിര്‍ത്തും.

രാവിലെ സുബഹി ബാങ്ക് കൊടുത്താല്‍ എല്ലാവരും എണീറ്റ്‌ പ്രഭാത ക്രുത്ത്യങ്ങള്‍ തുടങ്ങും.തൈര് മുല്ലപ്പൂവ് എന്നിവ വാങ്ങാനായി സിറ്റിയിലേക്ക് ആള്‍ക്കാര്‍ പോകും. കുളിക്കാനും ഡ്രസ്സ്‌ മാറാനുമായി ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടിലും ആള്‍ക്കാര്‍ എത്തും. ചിലര്‍ പുഴയിലും തോട്ടിലും പോയി കാര്യങ്ങള്‍ സാധിക്കും. അധികം പേര്‍ക്കും ബ്രഷോ പെയിസ്ടോ സോപ്പോ ഒന്നും കിട്ടില്ല. എങ്കിലും സന്തോഷം.

സുബഹിയുടെ ശേഷം പോത്തിന്റെ കരളു വറുത്തത് കിട്ടും. എല്ലാര്‍ക്കും കിട്ടില്ല വെപ്പുകാരന് കനിവ് തോന്നിയാല്‍ മാത്രം അയാള്‍ കൊടുക്കും അല്ലെങ്കില്‍ അത് അവര്‍ക്കുള്ളതാണ്. വെപ്പ് കാരും അറവുകാരും തമ്മിലുള്ള ഒരു അഡ്ജസ്റ്റുമെന്റ്. എങ്കിലും മറ്റുള്ളവര്‍ക്കായി പൊറോട്ടയും ഇറച്ചി കറിയും തയ്യാറായിട്ടുണ്ടാകും. കൂടെ ചായയും കിട്ടും. രാവിലത്തെ ഭക്ഷണം ചെറിയ തോതില്‍ ഉണ്ടാക്കുന്നതിനാല്‍  ആദ്യമാദ്യം വരുന്ന ഏതാനും പേര്‍ക്ക് മാത്രമേ ഇത് കിട്ടുകയുള്ളൂ.

രാവിലത്തെ ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും വിശാലമായ ഒരുങ്ങലാണ്. പുതു വസ്ത്രങ്ങള്‍ അണിഞ്ഞും അണിയിപ്പിച്ചും  അങ്ങനെ പത്തു മണി ആകുംബഴത്തെക്കും എല്ലാരും കല്യാണ പന്തലില്‍ ഒത്തു ചേരും. കല്യാണത്തിനു വരുന്നവരെ സ്വീകരിക്കാനും ഇരുത്താനും സര്‍ബത് കൊടുക്കാനും വീട്ടുകാരും ബന്ധുക്കളും ശ്രദ്ധിക്കും. ഫോട്ടോഗ്രാഫറും വീഡിയോ ഗ്രഫരും തിരക്കായി തുടങ്ങും. ഇതിനിടയില്‍ കാരണവന്മാര്‍ പുതിയാപ്പിളയെ തേടാന്‍ പോകും. അതായത്‌ പെണ് വീട്ടുകാര്‍ വരന്റെ വീട്ടില്‍ ചെന്ന് വരനെ ആനയിച്ചു കൊണ്ട് വരണം. അതിനായി ഉത്തരവാദപ്പെട്ട കാരണവന്മാരും ബന്ധുക്കളുമായി പത്തുപേര്‍ പോകും. വരന്റെ വീട്ടില്‍ ഇവര്‍ക്കായി ഒരു ചെറിയ രീതിയിലുള്ള സല്കാരം വീടിനകത്ത് വെച്ച് നല്‍കും. ഇവര്‍ എത്തി ക്ഷണിച്ചാല്‍ മാത്രമേ വരാനും കൂട്ടുകാരും വീട്ടില്‍ നിന്നും ഇറങ്ങുകയുള്ളൂ.. അങ്ങനെ വരാനും കൂട്ടുകാരും ബന്ധുക്കളുമായ പുരുഷന്മാരും ആണ്‍കുട്ടികളും മാത്രം  വധു ഗ്രഹത്തിനടുത്തുള്ള പള്ളിയില്‍ എത്തിച്ചേരും. അവിടെ അവര്‍ക്ക് തണുത്ത സര്‍ബത്ത് വിതരണം ചെയ്യും.

ചെക്കനും കൂടരും പള്ളിയില്‍ എത്തിയെന്നരിഞ്ഞാല്‍ പെണ്ണിന്റെ പിതാവും മറ്റുള്ള പുരുഷന്മാരും പള്ളിയിലേക്ക് പുറപ്പെടും. പുറപ്പെടുന്നതിനു മുന്‍പേ പെണ്‍കുട്ടിയുടെ പിതാവോ മാതാവോ അവളോട്‌  ' ഉപ്പ കാനത്തിനു പോവുകയാണെന്ന്' പറയും. ആ പെണ്ണിനെ വിവരം അറിയിക്കുക അവളുടെ ഒരു 'ങാ' മൂളല്‍ കേള്‍ക്കുക എന്നൊരു ചടങ്ങ്.

പള്ളിയില്‍ ളുഹര്‍ നിസ്കാരം കഴിഞ്ഞാല്‍ എല്ലാവരും കൂട്ടം കൂടിയിരിക്കും, വധുവിന്റെ പിതാവും വരനും മധ്യത്തിലായി ഇരിക്കും. പള്ളിയിലെ ഇമാം ഇവരുടെ അടുത്തിരിക്കും എന്നിട്ട്  വിവാഹത്തിന്റെ ഖുതുബ (സന്ദേശം) ചൊല്ലും. അറബിയിലാണ് ചൊല്ലുക. പിന്ന വരനും വധുവിന്റെ പിതാവിനും പ്രതിജ്ഞ അല്ലെങ്കില്‍ നിക്കാഹിന്റെ വാചകങ്ങള്‍ ചൊല്ലിക്കൊടുക്കും. ലളിതമായി പറഞ്ഞാല്‍ ' എന്റെ മകളെ ഇത്രയും വിവാഹ മൂല്യത്തിന് (മെഹര്‍)പൂര്‍ണ സമ്മതത്തോടെ  നിങ്ങള്ക്ക് ഭാര്യയാക്കി തന്നിരിക്കുന്നു' എന്ന് വധുവിന്റെ പിതാവ് നാലാള്‍ സാക്ഷി നിര്‍ത്തി പറയുമ്പോള്‍ 'നിങ്ങളുടെ മകളെ ഇത്രയും വിവാഹ മൂല്യത്തിന് (മെഹര്‍) ഞാന്‍ ഭാര്യയായി പൂര്‍ണ സമ്മതത്തോടെ   സ്വീകരിച്ചിരിക്കുന്നു' എന്ന് മറു വാചകം ചൊല്ലുകയും, വിവാഹ മൂല്യമായി പറഞ്ഞ ധനം / സ്വര്‍ണം വധുവിന്റെ പിതാവിന് കൈമാറുകയും ചെയ്തു  ഷെയിക്ക് ഹാന്‍ഡ്‌ കൊടുക്കുന്നതോടെ നിക്കഹ് തീര്‍ന്നു. അതോടെ ചെക്കന്‍ 'പുത്യാപ്ല' യും പെണ്ണ് 'പുതിയെണ്ണും ' ആയി മാരും. വിവാഹ മൂല്യം (മെഹര്‍) സാധാരണയായി വരന്‍ വധുവിന്റെ പിതാവിനു കൊടുക്കേണ്ടതാണ് എങ്കിലും ഉപ്പമാര്‍ അത് തന്റെ മകള്‍ക്ക് തന്നെ കൊടുത്താല്‍ മതി എന്ന് പറയും. പിന്നെ   വധുവിന്റെ ബന്ധുക്കളില്‍ ആരെങ്കിലും അല്ലെങ്കില്‍ വധുവിന്റെ സഹോദരന്‍ വില കൂടിയ ഒരു വാച് ആ സദസില്‍ വെച്ച് തന്നെ വരനെ അണിയിക്കും. അതൊരു വിവാഹ സമ്മാനം മാത്രം.  പിന്നെ പള്ളി കമ്മറ്റിയുടെ രേജിസ്ടരില്‍ വരനും വധുവിന്റെ പിതാവും , വിവാഹം നടത്തിയ ഇമാമും പിന്നെ നാല് ദൃക്ശാക്ഷികളും ഒപ്പ് വെക്കണം. അതോടെ പിതാവിന്റെ ഉത്തരവാദിത്വം തീര്‍ന്നു.  അതോടെ ആശംസകളുടെ സമയം തുടങ്ങുകയായി.

കാനത്തു (നികാഹ്) കഴിഞ്ഞ വിവരം ലഭിച്ച നിമിഷം  തന്നെ വരന്റെ വീട്ടില്‍ നിന്നും  പത്തു സ്ത്രീകള്‍ പുതു വസ്ത്രങ്ങളും ആഭാരണങ്ങള്മായി പുതിയെണ്ണിന്റെ പൊരക്ക് (വധു ഗ്രഹത്തില്‍) എത്തും. പുതിയെണ്ണിനെ (മണവാട്ടി) ചമയിക്കാന്‍ (അലങ്കരിക്കാന്‍) തുടങ്ങും. ചമയിക്കാന്‍ വരുന്നവര്‍ക്ക് പ്രത്യേകം ശ്രദ്ധയോടെ സല്കാരം നല്‍കും.

കാനത്തു കഴിഞ്ഞാല്‍ പിന്നെ ചെക്കനും കൂട്ടരും നേരെ വധുവിന്റെ വീട്ടിലേക്കു ചെല്ലും. ഒരു സ്ഥലത്ത് മാത്രമാണ് എല്ലാവര്ക്കും ഭക്ഷണം എന്ന് തീരുമാനിചിട്ടുന്ടെന്കില്‍ വധുവിന്റെ വീട്ടില്‍ വരനും കൂട്ടര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ടാകും ഇല്ലെങ്കില്‍ ഒരു ലൈറ്റ്‌ സ്നാക്സ് മാത്രമേ ഉണ്ടാകൂ. അങ്ങനെ വരനും കൂട്ടരും നേരെ മണിയറയിലേക്ക്‌ കടക്കും. ആഡംബരങ്ങള്‍ എല്ലാം നോക്കി കഴിഞ്ഞാല്‍ ഉടനെ തന്നെ വരനൊഴികെ വരന്റെ കൂട്ടുകാര്‍  അല്ലെങ്കില്‍ ആണുങ്ങള്‍, തങ്ങള്‍ വന്ന വാഹനത്തില്‍  മടങ്ങും. അതോടെ ആണുങ്ങളുടെ കല്യാണം കഴിഞ്ഞു. ഇനിയാണ് പെണ്ണുങ്ങളുടെ കല്യാണം. ആണുങ്ങള്‍ പോയി കഴിഞ്ഞാല്‍  വരനും ഒന്നോ രണ്ടോ പേരും പിന്നെ മണവാട്ടിയെ ഒരുക്കാന്‍ വന്ന സ്ത്രീകളും മണവാട്ടിയുടെ വീട്ടില്‍ തന്നെ കാത്തു നില്‍ക്കും.

ആണുങ്ങള്‍ ചെക്കന്റെ വീട്ടില്‍ തിരിച്ചെത്തിയാല്‍ അതെ വാഹനത്തില്‍ ചെക്കന്റെ വീട്ടിലെ പെണ്ണുങ്ങളൊക്കെ പുതിയെണ്ണിന്റെ പൊര കാണാന്‍ വരും. ഈ സമയം കൊണ്ട് നേരത്തെ വന്ന സ്ത്രീകള്‍  പുതിയെണ്ണിനെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടാകും. ചെക്കന്റെ വീട്ടിലെ പെണ്ണുങ്ങള്‍ എത്തിയ ഉടനെ അവര്‍ക്ക് ചെറിയ ഒരു സ്വീകരണം നല്‍കും. പിന്നെ പുതിയെണ്ണിനെ അറ കാണിക്കുന്ന ചടങ്ങാണ്. അതായത് ഒരുക്കി നിര്‍ത്തിയ പുതിയെണ്ണിനെ മാതാ പിതാക്കളുടെ അനുവാദത്തോടെ ചെക്കന്‍ ഇരിക്കുന്ന മണിയറയിലേക്ക്‌ കയറ്റി വിടും എന്നിട്ട് വാതില്‍ പുറത്തു നിന്നും അടച്ചു പിടിക്കും അല്ലെങ്കില്‍ പുതിയെണ്ണ്  ഇറങ്ങി ഓടും.

മണിയറയില്‍ പുതിയെണ്ണ് കയറി വാതില്‍ അടഞ്ഞാല്‍ പിന്നെ ചെക്കന്‍ തന്റെ കയ്യിലെ സമ്മാനവും മെഹറും അവള്‍ക്കു സമ്മാനിക്കണം. അതോടെ വാതില്‍ തുറക്കപ്പെടും പുതിയെണ്ണ് പുറത്തേക്ക് ഇറങ്ങും. ഉടനെ തന്നെ വീട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ ഒരു ഗ്ലാസ്‌ പാലുമായി മണിയറയിലേക്ക്‌ വരും.  ആ പാലെടുത്ത് പകുതി കുടിച്ചിട്ട്  അതില്‍ ഒരു സ്വര്‍ണ നാണയമോ മോതിരമോ ഇട്ടു നല്‍കണം. അങ്ങനെ ആ വല്യൂമ്മമ്മയും പുറത്തിറങ്ങിയാല്‍ വരന്‍ മണിയറയില്‍ സ്വതന്ത്രനാകും. പുതിയെണ്ണ് പുറത്തിറങ്ങിയാല്‍ പുതിയാപ്ല കൊടുത്ത സമ്മാനങ്ങള്‍ പ്രായമായ സ്ത്രീകള്‍  എല്ലാവര്ക്കും ഉയര്‍ത്തി കാണിച്ചു കൊടുക്കും. പാലിലിട്ട സ്വര്‍ണവും എല്ലാവര്ക്കും കാണിച്ചു കൊടുക്കും. പിന്നെ വന്നവരൊക്കെ തിരിച്ചു പോക്കിനുള്ള തിരക്കായി.

വരന്റെ വീട്ടില്‍ നിന്നും വന്ന സ്ത്രീകളും കുട്ടികളും അവരുടെ ബസിലും ചമയിക്കാന്‍ ആദ്യം വന്നവര്‍ അവരുടെ വണ്ടിയിലും പുതിയാപ്ലയും പുതിയെണ്ണും പുതിയാപ്ലയുടെ ചമയിച്ച കാറിലും തിരിച്ചു പുതിയാപ്ലയുടെ വീട്ടിലേക്കു യാത്രയാകും. ഇതിന്റെ കൂടെ പുതിയെണ്ണിന്റെ വീട്ടിലെ കുറച്ചു സ്ത്രീകള്‍ പുതിയാപ്ലയുടെ വീട് കാണാന്‍ വേറെ ഒരു വാഹനത്തില്‍ ഇവരുടെ കൂടെ പുറപ്പെടും. ഈ സമയം പുതിയെണ്ണിന്റെ വീട്ടിലെ പന്തല് പൊളിക്കലും ബന്ധുക്കളെ യാത്രയയക്കലും ഒക്കെ നടക്കും.

പുതിയാപ്ലയുടെ വീട്ടിലെത്തിയാല്‍ പുതിയെണ്ണിനെയും കൂടെ വന്ന സ്ത്രീകളെയും വീടുകാര്‍ ചെറിയ തോതില്‍ സ്നാക്സ്‌ നല്‍കി സ്വീകരിക്കും. എല്ലാം നോക്കി കണ്ടു പെട്ടെന്ന് തന്നെ വധൂ വരന്മാരുടെ കൂടെ വന്ന സ്ത്രീകളും വാഹനവും തിരിച്ചു പോകും. പുതിയെണ്ണിനെ പുതിയാപ്ലയുടെ കൂടെ ആ വീട്ടില്‍ വിടും കൂട്ടിനായി സ്വന്തത്തില്‍ പെട്ട ഏതെങ്കിലും ഒരു കുട്ടിയെ അവിടെ നിര്‍ത്തും. ആപോഴേക്കും മഗ്രിബ് ബാങ്ക് വിളിചിട്ടുണ്ടാകും. പുതിയാപ്ലയുടെ വീട്ടില്‍ ഒരു ചെറിയ സല്കാരം കഴിയുമ്പോഴേക്കും പുതിയെണ്ണിന്റെ വീട്ടില്‍ നിന്നും രണ്ടു പേര്‍ ഇവരെ ക്ഷണിക്കാനായി പുതിയാപ്ലയുടെ വീട്ടില്‍ എത്തും . അങ്ങനെ പുതിയാപ്ലയും പുതിയെണ്ണും തിരിച്ചു പുതിയെണ്ണിന്റെ വീട്ടിലെ മണിയറയില്‍ എത്തും. അതോടെ ചടങ്ങുകള്‍ക്ക് ഒരു അര്‍ദ്ധ വിരാമം ആകും.

പുതിയെണ്ണിന്റെ വീട്ടിലെത്തിയ പുതിയാപ്ല ഒന്ന് കുളിച്ചു കല്യാണ ട്രെസ്സോക്കെ മാറി സാധാരണ ഡ്രെസ്സും ധരിച്ചു റെഡി ആകുംബഴത്തെക്കും വളരെ അടുത്ത ബന്ധുക്കലെല്ലാം കൂടി ഡിന്നര്‍ കഴിക്കാന്‍  കാത്തിരിക്കുന്നുണ്ടാകും. പരിചയപ്പെടലും ഭക്ഷണം കഴിക്കലും ഒന്നിച്ചു നടക്കും. എല്ലാം കഴിഞ്ഞു മണിയറയില്‍ തിരിച്ചു കയറുന്ന പുതിയാപ്ല  പുതിയെണ്ണിനായി കാത്തിരിക്കും. അവസാനം കയ്യില്‍ ഒരു ഗ്ലാസ്‌ പാലുമായി പുതിയെണ്ണ മണിയറയിലേക്ക്‌ കടന്നു വരുന്നതോടെ മറ്റുള്ളവരുടെ ആ ദിവസം തീരുകയും മണിയറയില്‍ ആ ദിവസം അവസാനിക്കാതെ തുടരുകയും ചെയ്യും.

പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു വരുമ്പോഴേക്കും രാവിലത്തെ നാസ്ത (പ്രാതല്‍) റെഡി ആയിട്ടുണ്ടാകും. പുതിയെണ്ണിന്റെ വീട്ടുകാരുടെ മാഹാത്മ്യം വിളിചോതുന്നതായിരിക്കും ഈ നാസ്ത. നാട്ടില്‍ ലഭ്യമായിട്ടുള്ള സകല വിഭവങ്ങളും മേശപ്പുറത്ത് നിരത്തിയിട്ടുണ്ടാകും. അത് കഴിച്ചു കുറച്ചു കഴിഞ്ഞാല്‍ അളിയനെയും കൂട്ടി പോകുക എന്നാ ചടങ്ങാണ്. അതായത് കല്യാണത്തിന്റെ പിറ്റേന്ന് പുതിയെണ്ണിന്റെ വീട്ടിലെ ഒരു കുട്ടിയെ അല്ലെങ്കില്‍ പുതിയെണ്ണിന്റെ ആങ്ങളെയെ പുതിയാപ്ലയുടെ വീട്ടില്‍ കൊണ്ട് പോയി സമ്മാനങ്ങള്‍ കൊടുക്കണം. ആ കുട്ടിയേയും കൂട്ടി സ്വന്തം വീട്ടില്‍ വരുന്ന പുതിയാപ്ലയുടെ വീട്ടുകാര്‍ നല്ല സല്കാരം തന്നെ നടത്തും പിന്നെ ആ കുട്ടിക്കുള്ള ഡ്രസ്സ്‌ ഷൂ മറ്റു സമ്മാനങ്ങള്‍ എന്നിവയുമായി അവനെയും കൂട്ടി ഉച്ച കഴിഞ്ഞു വീണ്ടും ഭാര്യ വീട്ടില്‍ എത്തും. അതോടെ അയാളുടെ വലിയ ചടങ്ങുകള്‍ തീര്‍ന്നു.

കല്യാണ ദിവസം മുതല്‍ നാല്പത്തൊന്നു ദിവസം പുതിയാപ്ല സലക്കാരം എന്നൊരു ചടങ്ങുണ്ട്. ഏറ്റവും നല്ല വിഭാവങ്ങളായിരിക്കും ഈ നാല്പത്തൊന്നു ദിവസവും ഭാര്യ വീട്ടില്‍ പുതിയാപ്ലക്ക് ലഭിക്കുക. മേശ നിറയെ കാണുന്ന വിഭവങ്ങള്‍ തിന്നു തീര്‍ക്കുക എന്നത് മാത്രമായിരിക്കും അയാളുടെ ജോലി.

കല്യാണം കഴിഞ്ഞു ഏഴു ദിവസം ആകുന്നതിനു മുന്‍പേ പുതിയാപ്ലയുടെ വീട്ടുകാരെ സല്കാരത്തിനു ക്ഷണിചിരിക്കണം. പുതിയാപ്ലയുടെ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ഈ ചടങ്ങില്‍ ഉണ്ടാവുക. പുതിയെണ്ണിന്റെ വീട്ടുകാരുടെ കുടുംബ മാഹാത്മ്യം മനസിലാക്കാനും പരസ്പരം കൂടുതല്‍ പരിചയപ്പെടാനും ഈ വിരുന്നു കൊണ്ട് സാധിക്കും.

കല്യാണം കഴിഞ്ഞ ദിവസം മുതല്‍ പുതിയെണ്ണിനും പുതിയാപ്ലക്കും സല്ക്കാരങ്ങളുടെ തിരക്കായിരിക്കും .. രണ്ടു പേരുടെയും എല്ലാ ബന്ധുക്കളും ഇവരെ വിളിച്ചു വിരുന്നൊരുക്കും. ഇതിനിടയില്‍ ഹണിമൂണ്‍ ടൂര്‍ പോകുന്നവരും ഉണ്ട്. അങ്ങനെ അവരും ദാമ്പത്യ ജീവിതത്തിലേക്ക് പറന്നുയരും....










Saturday, August 10, 2013

ഫോട്ടോഗ്രാഫി : പുതിയ SLR ക്യാമറ വാങ്ങുമ്പോള്‍


ഫോട്ടോഗ്രാഫര്‍ എന്നാ നിലയില്‍ പുതിയ ക്യാമറ വാങ്ങുമ്പോള്‍ എല്ലാരും എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെ നിങ്ങള്‍ക്കും ഉപകാരപ്പെടും എന്ന് കരുതി ഷെയര്‍ ചെയ്യുകയാണ്. . ഒന്ന് വായിച്ചു നോക്കൂ.. എന്തെങ്കിലും പുതിയത് നിങ്ങള്‍ക്കും കിട്ടിയേക്കാം...  ഞാന്‍ ഫോട്ടോഗ്രാഫി പഠിച്ചു തുടങ്ങിയ കാലം എനിക്ക് കിട്ടിയ ഉപദേശം  പഠിക്കാന്‍ ഒരു ക്യാമറ വാങ്ങുക എന്നിട്ട് പണിയെടുക്കാന്‍ മറ്റൊരു ക്യാമറ വാങ്ങുക എന്നതായിരുന്നു. അങ്ങനെ ഞാന്‍ 1000D എന്നാ മോഡല്‍ വാങ്ങി.. രണ്ടു മാസം കൊണ്ട് ഞാന്‍ ചെയ്തത് മണ്ടത്തരം ആണെന്ന് എനിക്ക് മനസിലായി. 


നിങ്ങള്‍ ഫോട്ടോഗ്രഫി കൊണ്ട് എന്ത് ചെയ്യാന്‍ പോകുന്നു എന്നത് പോലെയാണ് കാര്യങ്ങള്‍. , കാരണം സ്വന്തം വീട്ടുകാരുടെ ഫോട്ടോ എടുക്കാന്‍ മാത്രമാണെങ്കില്‍ വലിയ പ്രൊഫഷനല്‍ ക്യാമറയുടെ ആവശ്യമില്ല, ഒരു സാധാരണ ക്യാമറ വാങ്ങിയാല്‍ മതി. ചില അത്യാവശ്യ സാഹചര്യങ്ങളില്‍ ഒരു പ്രൊഫഷനല്‍ ഫോറ്റൊഗ്രഫരുടെ സഹായം തേടിയാല്‍ മതിയല്ലോ, പക്ഷെ ഞാന്‍ പറയുന്നത്  ഫോട്ടോഗ്രാഫിയില്‍ ഉയര്‍ന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്. താങ്കള്‍ ഏതാണോ ഉദ്ദേശിക്കുന്നത് അതിനനുസരിച്ചാണ് ക്യാമറ വാങ്ങേണ്ടത്.


1. വ്യക്തിപരമായി ഞാന്‍ CANON തിരഞ്ഞെടുക്കാന്‍ കാരണം ഉപയോഗിക്കാന്‍ എളുപ്പവും കണ്ഫ്യൂഷന്‍സ് കുറഞ്ഞ നിറമാണ രീതിയുമാണ്. അതായത് മറഞ്ഞിരിക്കുന്നചതിക്കുഴികള്‍ ഇല്ല എന്നത് തന്നെ (ഉദാഹരണം ഫോക്കസ് മോട്ടോര്‍) ).


2. CANON ക്യാമറ ബോടിയില്‍ ഒന്നിലും ഫോക്കസ മോട്ടോര്‍ ഉണ്ടാവില്ല, കാരണം CANON ലെന്‍സുകളില്‍ മാത്രമാണ് ഫോക്കസ് മോട്ടോര്‍ വരുന്നത്. പക്ഷെ NIKONല്‍ ബോടിയിലും ലെന്‍സിലും ഫോക്കസ്മാ മോട്ടോര്‍ മാറി മാറി വരുന്നുണ്ട്. ഇത് വളരെയധികം കണ്ഫ്യൂഷന്‍സ് ഉണ്ടാക്കുന്നുണ്ട്. പക്ഷെ ശെരിക്കും നിക്കോണ്‍ ഇഷ്ടപ്പെടുന്നവര്‍ അല്ലെങ്കില്‍ നിക്കോണ്‍ എക്സ്പെര്ടസ് ഇത് കാര്യമാക്കാറില്ല. എങ്കിലും തുടക്കക്കാര്‍ ശ്രദ്ദിച്ചു ക്യാമറ വാങ്ങിയില്ലെങ്കില്‍ പെട്ട് പോകും എന്ന് ഉറപ്പ്. അതായത് NIKONന്‍റെ പ്രത്യേകതകള്‍ നല്ല പോലെ പഠിച്ചു വാങ്ങിയില്ലെങ്കില്‍ ഭാവിയില്‍ ബുദ്ധിമുട്ടും.

3. SLR ക്യാമറകള്‍ മൂന്നായി തിരിക്കാം, തുടക്കക്കര്‍ക്കുള്ളത് (Beginners level) , ഇടത്തരക്കാര്‍ (Intermediate level), പ്രഫഷനലുകല്‍ക്കുല്ലത് (Professional level). നിങ്ങള്‍ നല്ല പോലെ കാശ് ചിലവാക്കാന്‍ പറ്റുന്ന ആളാണെങ്കില്‍ ഏതു ക്യാമറയും വാങ്ങാം, പക്ഷെ ഒരു സാധാരണക്കാരന്‍ ഒരു ക്യാമറ തന്നെ വര്‍ഷങ്ങളോളം ഉപയോഗിക്കണം എന്ന് കരുതുന്നുണ്ടെങ്കില്‍ ഒരല്പം കൂടുതല്‍ കാശ് മുടക്കി ഒരു പ്രൊഫഷനല്‍ ലെവലില്‍ ഉള്ള ക്യാമറ വാങ്ങുക. ഒരിക്കലും ബിഗിനെര്സ് ക്യാമറ വാങ്ങാതിരിക്കുക. അഥവാ ബിഗിനെര്സ് ക്യാമറ വാങ്ങിപ്പോയാല്‍ രണ്ടു മാസം കഴിയുമ്പോള്‍ നിങ്ങള്‍ ആ തീരുമാനത്തില്‍ ഖേദിക്കും.

4. ഞാന്‍ വ്യക്തിപരമായി എല്ലാവരോടും CANON ക്യാമറ ആണ് സജസ്റ്റ് ചെയ്യുക, കാരണം വീഡിയോ ഓപ്ഷന്‍, ലെന്‍സുകള് ലഭ്യത, തേര്‍ഡ് പാര്‍ടി സോഫ്ട്വെയര്‍ സപ്പോര്‍ട്ട്, വിലക്കുറവു മുതലായ ഒരു പാട് പ്രത്യേകതകള്‍ കൊണ്ട് എനിക്ക് ഇപ്പോഴും CANON നന്നായി തോന്നുന്നത്. മറ്റുള്ളവര്‍ക്ക് വേറെ ബ്രാണ്ട് ആയിരിക്കാം താല്പര്യം..

5. CANON മോടലില്‍ പറ്റുമെങ്കില്‍ 5D / 6D (ഫുള്‍ ഫ്രെയിം) വാങ്ങുക, അതിനു പറ്റില്ലെങ്കില്‍ 7D വാങ്ങാന്‍ ശ്രമിക്കുക. ഏറ്റവും ചുരുങ്ങിയത് 60D/70D വാങ്ങുക. ഫോട്ടോഗ്രാഫി സീരിയസായി കാണുന്നുണ്ടെങ്കില്‍ ഒരിക്കലും മൂന്നക്ക മോഡല്‍ അല്ലെങ്കില്‍ നാലക്ക മോടലുകളിലെക്ക് പോകാതിരിക്കുക (600, 700, 1100, etc).

6. നിങ്ങളുടെ ലെന്‍സാണ് ചിത്രങ്ങളുടെ മേന്മ / കൃത്യത തീരുമാനിക്കുന്നത്, അത് കൊണ്ട് തന്നെ ഹൈ സ്പീഡ് ലെന്‍സുകള്‍ വാങ്ങുക. (അപേര്‍ച്ചര്‍ F 1.4, 1.8, 2.8 തുടങ്ങിയവ നല്ല റിസള്‍ട്ട് തരുന്ന ലെന്‍സുകള്‍ ആയിരിക്കും.) ക്യാമറ ബോഡിയും ലെന്‍സും ഒരേ കമ്പനി തന്നെ വാങ്ങുക. ലെന്‍സ്‌ വാങ്ങുമ്പോള്‍ സ്ടബിലൈസര്‍ ഉള്ളത് തന്നെ വാങ്ങുക. ക്യാമറ ബോടികള്‍ മാറി മാറി വന്നേക്കാം പക്ഷെ ലെന്‍സുകള്‍ ഒരു സര്‍വ കാല നിക്ഷേപമാണ് എന്ന്തോര്‍ക്കുക. ലെന്‍സിനു കൂടുതല്‍ കാശ് മുടക്കുന്നതിന് പേടിക്കേണ്ടതില്ല എന്നര്‍ത്ഥം.

7. കുറഞ്ഞ വെളിച്ചത്തില്‍ എത്രത്തോളം നല്ല ചിത്രങ്ങള്‍ ലഭിക്കുന്നു എന്നത് ക്യാമറ ബോഡി സെലക്റ്റു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതയാണ്.

അവസാനമായി, നിങ്ങള്‍ ഫോട്ടോഗ്രാഫിയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളുടെ ക്യാമറയില്‍ കയരിപ്പോകാനുള്ള പടവുകള്‍ അഥവാ ഓപ്ഷന്‍സു ഉണ്ടെന്നു ഉറപ്പു വരുത്തുക. ക്യാമറയില്‍ ഓപ്ഷന്‍സു കൂടി പോയാല്‍ പ്രശ്നമില്ല പക്ഷേ എന്തെങ്കിലും കുറഞ്ഞു പോയാല്‍ അത് നിങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ഓര്‍ക്കുക. കുറഞ്ഞ കാശ് പലപ്രാവശ്യം മുടക്കുന്നതിനെക്കാളും നല്ലത് ഒറ്റ പ്രാവശ്യം ഒരല്പം കൂടുതല്‍ കാശ് കൊടുത്ത് നല്ല ഒരു ഹൈ ഏന്‍ഡ് ക്യാമറ വാങ്ങുന്നതാണ്. എങ്കിലും എപ്പോഴും ഈ കാര്യം സ്വയം ചോദിക്കുക...."എനിക്ക് ശെരിക്കും ഇത് വേണോ??? "