Friday, October 25, 2013

ഗള്‍ഫിലെ റേഡിയോ സ്റേഷനുകള്‍ ശ്രോതാക്കളുടെ കാശ് ഊറ്റി എടുക്കുന്നതെങ്ങനെ?

ഗള്‍ഫിലെ റേഡിയോ സ്റേഷനുകള്‍ ശ്രോതാക്കളുടെ കാശ് ഊറ്റി എടുക്കുന്നതെങ്ങനെ?

1. റോഡില്‍ നിങ്ങള്‍ എവിടെയെങ്കിലും ട്രാഫിക്‌ ജാം കണ്ടാല്‍ ഉടനെ ഒരക്ഷരം മെസേജ് അയക്കുക, അവര്‍ നിങ്ങളെ തിരിച്ചു വിളിച്ചു റോഡിലെ എല്ലാ പ്രശ്നങ്ങളും തീര്‍ത്ത്‌ തരും. സത്യത്തില്‍ നിങ്ങള്‍ ഇത്തരം ഷോര്‍ട്ട് നമ്പരുകളിലേക്ക് ഒരു മെസേജ് അയക്കുമ്പോള്‍ ഒരക്ഷരം ആയാലും ഒരു വാക്ക് ആയാലും നിങ്ങളുടെ രണ്ടു ദിര്‍ഹം പോയി കിട്ടും. (അതില്‍ തന്നെ 60% അവര്‍ക്ക് കിട്ടിയാലും 1.20 ദിര്‍ഹം ലാഭം - ചില നമ്പരുകളിലേക്ക് മെസേജ് അയച്ചാല്‍ പത്തു ദിര്‍ഹം വരെ പോകും.) അവര്‍ തിരിച്ചു വിളിച്ചാല്‍ അവര്‍ക്ക് ചെലവ് 30 Fils മാത്രം കാരണം ഒരു മിനിട്ടില്‍ കൂടുതല്‍ അവര്‍ക്ക് ഒന്നും ചോദിക്കാനുണ്ടാകാറില്ല. അധികവും തിരിച്ചു വിളിക്കാറില്ല എന്നത് സത്യം, എങ്കിലും നൂറു കണക്കിന് ആളുകള്‍ മെസേജ് അയക്കുന്നു. അതില്‍ നിന്നും നല്ലൊരു വരുമാനം കിട്ടുന്നു. ഇവര്‍ കാശിനു ആര്‍ത്തി ഇല്ലാത്തവ ജന സേവകര്‍ ആണെങ്കില്‍ ഒരു ടോള്‍ ഫ്രീ നമ്പര്‍ കൊടുത്തിട്ട് അതിലേക്കു വിളിക്കാന്‍ പറഞ്ഞാ പോരെ?? നല്ല രേസ്പോന്സും കിട്ടും ജനങ്ങളുടെ കാശും പോകില്ല.

2. കൊണ്ടസ്ടുകളില്‍ സമ്മാനം കിട്ടാന്‍ മെസേജ് അയച്ചാലും രണ്ടു ദിര്‍ഹം തന്നെ ആണ് ചാര്‍ജ്‌. ഏതെന്കിലും സ്പോണ്സര്‍ നല്‍കുന്ന ഗിഫ്റ്റ്‌ ഹാംപരുകള്‍ ചിലപ്പോള്‍ ഒരു സിനിമയുടെ സീ ഡീ യോ അല്ലെങ്കില്‍ വില കുറഞ്ഞ എന്തെങ്കിലും വസ്തുക്കളായിരിക്കും കിട്ടുക , സമ്മാനം കിട്ടിയാല്‍ അത് വാങ്ങാനായി ഇവരുടെ ഓഫീസില്‍ തന്നെ പോകണം. ഇതിനൊന്നും റേഡിയോ സ്റേഷന് ഒരു രൂപ പോലും നഷ്ടം വരുന്നില്ല. അതൊക്കെ പോട്ടെ, ഒരു കൊണ്ടസ്ടിലെക്ക് മെസേജ് അയക്കുന്ന ആയിരക്കണക്കിന് ശ്രോതാക്കളുടെ മൊബൈലില്‍ നിന്നും ഊറ്റി എടുക്കുന്ന പണത്തിന്റെ കണക്കുകള്‍ ഒന്ന് ചിന്തിച്ചു നോക്കൂ .

3. ഒരു റേഡിയോ സ്റേഷന്‍ എന്നാല്‍ ഒരു പാട് പരസ്യ സ്പോണ്സര്‍മാരാല്‍ നടന്നു പോകുന്ന സംഭവമാണ്. നമ്മള്‍ കേള്‍ക്കുന്ന ഓരോ നിമിഷവും ഏതെന്കിലും ഒരു പരസ്യത്തിന്റെ കാശ് കൊണ്ട് പ്രക്ഷേപണം ചെയ്യുന്നതായിരിക്കും, ഈ ഒരു അവസ്ഥയില്‍ റേഡിയോ കമ്പനിക്ക് വരുമാനം അല്ലാതെ നഷ്ടം ഒന്നും വരുന്നില്ല. (ഒരു ബിസിനസ് സ്ഥാപനം തീര്‍ച്ചയായും അങ്ങനെ തന്നെ ആയിരിക്കണം), പക്ഷെ റേഡിയോയിലെ അവതാരകര്‍ അവര്‍ എന്തോ വലിയ ഔദാര്യം അല്ലെങ്കില്‍ ജന സേവനം ചെയ്യുന്നത് പോലെ ആണ് പെരുമാറുക. ഭാഷയുടെയും ദേശത്തിന്റെയും പേര് പറഞ്ഞു സഹതാപം പിടിച്ചു പറ്റുക. അവരും നമ്മളും ജോലി ചെയ്യുന്നു കൂലി വാങ്ങുന്നു, പക്ഷെ നമ്മളെ പറഞ്ഞു പറ്റിച്ചു നമ്മുടെ വരുമാനത്തിന്റെ ഒരു പങ്കു മേസേജായി അവരും പറ്റുന്നു. അതായത്‌ ചിരിച്ചു കൊണ്ട് പോക്കറ്റടിക്കുക.

4. ചില മല്‍സരങ്ങള്‍ നടക്കുമ്പോള്‍ അവതാരകര്‍ അറിയാതെ ഉത്തരം പറഞ്ഞു പോകുന്ന അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. ഇതിന്റെ പിന്നില്‍ ചതി ഇല്ലേ??? അതായത്‌ ഒരേ ഒരു അവതാരകന്‍ ആണെങ്കില്‍ അറിയാതെ ഉത്തരം പറഞ്ഞു പോയി എന്നാ നിലയില്‍ അദ്ദേഹം അത് വിഴുങ്ങാന്‍ നോക്കും.. പക്ഷെ ചോദ്യം മാറ്റില്ല. ഇനി രണ്ടു പേര്‍ അവതാരകരായി ഉണ്ടെങ്കില്‍ ഒരാള്‍ അറിയാതെ ഉത്തരം പറഞ്ഞു പോയി എന്നാ നിലയില്‍ മറ്റയാള്‍ അയാളെ സംരക്ഷിക്കാന്‍ നോക്കും അല്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ ശ്രമിക്കും. പക്ഷെ ചോദ്യം മാറ്റില്ല. ഉത്തരം അറിയാതിരുന്ന നമ്മള്‍ ഉത്തരം കിട്ടിയല്ലോ എന്നാ സന്തോഷത്തില്‍ സമ്മാനവും പ്രതീക്ഷിച്ചു ഇന്നാ പിടിച്ചോ എന്ന രീതിയില്‍ പെട്ടെന്ന് തന്നെ ഒന്നോ രണ്ടോ മെസേജ് അയക്കും. ചുരുക്കി പറഞ്ഞാല്‍ അവര്‍ക്ക്‌ ഒരു ദിവസം കൊണ്ട് കിട്ടുന്ന മെസേജുകളുടെ വരുമാനം പത്തു മിനിട്ട് കൊണ്ട് കിട്ടുന്നു എന്നര്‍ത്ഥം. എപ്പടീ???

5. പാവങ്ങളെ ലോകം കാണിക്കാനായി ഞങ്ങള്‍ പ്രേക്ഷകര്‍ക്കായി വിദേശ ടൂര്‍ സംഘടിപ്പിക്കുന്നു, സൌജന്യമായി മാതാ പിതാക്കളെ ഗള്‍ഫ്‌ കാണിക്കാന്‍ കൊണ്ട് വരുന്നു, റംസാന്‍ സമയത്ത് ലേബര്‍ ക്യാമ്പില്‍ ഭക്ഷണം നല്‍കുന്നു, മെഡിക്കല്‍ ക്യാമ്പ്‌, ഫുട് ബോള്‍ കളി, ക്രിക്കെറ്റ്, സംഗീത മല്‍സരം, ഓഡിയോ റിയാലിറ്റി ഷോ, ചര്‍ച്ചകള്‍, സൌജന്യ യാത്രാ ടിക്കറ്റുകള്‍, എന്തുമാകട്ടെ പ്രേക്ഷകാ ഒരു മെസേജ് അയച്ചാല്‍ നിനക്കും പങ്കെടുക്കാം. വലിയ മല്‍സരങ്ങള്‍ക്ക് നമുക്ക് ചാന്‍സ് കൂടുതല്‍ കിട്ടാന്‍ നമ്മള്‍ മൊബൈലിലെ കാശ് തീരുന്നത് വരെ മെസേജ് അയച്ചു കൊണ്ടേയിരിക്കുന്നു. സത്യത്തില്‍ ഇതിന്റെ പിന്നിലെ പരിപാടി എന്താ??? വിദേശ ടൂര്‍ അല്ലെങ്കില്‍ ഒരു പരിപാടി എന്നത് പല സ്പോന്സര്മാര്‍ ഏറ്റെടുക്കുന്ന കാര്യമാണ്. അതില്‍ റേഡിയോ സ്റേഷന് ഒരു രൂപ പോലും ചിലവില്ല. അങ്ങനെ ഉള്ള പരിപാടിക്ക്‌ പങ്കെടുത്തവര്‍ക്ക് അറിയാം അവിടെ എത്തിയാല്‍ സ്പോന്സര്മാരുടെ പേരെഴുതിയ ടീ ഷര്‍ട്ട്, കേര്ചീഫ്‌, കുപ്പി വെള്ളം, എന്തിനു അടിവസ്ത്രം പോലെ അവരുടെ പെരെഴുതിയത് തന്നെ. അപ്പോള്‍ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ അയക്കുന്ന മേസേജിന്റെ വരുമാനം റേഡിയോക്ക്. ഒരു കാര്യം ശ്രടിച്ചാല്‍ അറിയാം മെസേജ് അയക്കേണ്ട ഫോര്‍മാറ്റ്‌ എപ്പോഴും വളരെ ചെറുതായിരിക്കും കാരണം ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ്‌ മെസേജ് മൊബൈലില്‍ ടൈപ്പ് ചെയ്ത അയച്ചിരിക്കണം. വലിയ മെസേജുകള്‍ ടൈപാന്‍ മടിയാകും. വരുമാനം കുറയും. സൈക്കോളജിക്കല്‍ അപ്പ്രോച്.. വലിയ കളി അവിടെ ഒന്നുമല്ല, ഇത്തരം വലിയ പരിപാടികളില്‍ അവസരം കിട്ടുന്നവരില്‍ കൂടുതല്‍ പേരും റേഡിയോ അവതരകരുടെയും അണിയറ പ്രവര്‍ത്തകരുടെയും ബന്ധുക്കളും സുഹൃത്തുകള്മായിരിക്കും, വിരലില്‍ എണ്ണാവുന്ന പൊതു ജനവും ഉണ്ടാകും. അപ്പോള്‍ വീട്ടിലയക്കാന്‍ വെച്ച കാശിനു മേസേജയച്ച പ്രേക്ഷകര്‍ എന്തായി?? ശശി.

6. റംസാന്‍ സമയത്ത് പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് നല്ല കാര്യം. പക്ഷെ ദാനം കൊടുക്കാന്‍ തയ്യാറാണെങ്കില്‍ ഒരു മെസേജ് അയക്കുക. അതായത്‌ പാവങ്ങള്‍ക്കുള്ള കഞ്ഞിയില്‍ നിന്നും രണ്ടു ദിര്‍ഹം വെച്ച് ഞങ്ങള്‍ക്ക് തരൂ എന്ന്.. ഏതെന്കിലും കാറ്ററിംഗ് കംബനിക്കാരന്‍ ദാനം ചെയ്യുന്ന ഭക്ഷണവും പൊതിഞ്ഞു കെട്ടി ലേബര്‍ ക്യാമ്പുകളില്‍ സ്പോന്സര്‍മാരെ എല്ലാം കൂട്ടി എത്തും. വിശന്നിരിക്കുന്നവന് ഭക്ഷണം കിട്ടിയില്ലെങ്കിലും ഫോട്ടോ എടുപ്പ് നടക്കും. (ഫോട്ടോ കാണുമ്പോള്‍ മറ്റുള്ളവര്‍ കൂടി ഇത്തരം നല്ല പ്രവര്‍ത്തികള്‍ക്ക് മുന്നിട്ടിറങ്ങും എന്നാണിവരുടെ വാദം, പക്ഷെ ഇത എത്ത്രത്തോളം ഇസ്ലാമികം ആണ് എന്ന് ചിന്തിക്കുക ) ചുരുക്കി പറഞ്ഞാല്‍ വലതു കൈകൊണ്ടു ചെയ്യുന്ന പരോപകാരം ഇടതു കൈ പോലും അറിയരുത് എന്ന് പഠിപ്പിച്ച ഇസ്ലാമിനെ ഇവരുടെ പ്രശസ്തിക്കു വേണ്ടി വില്പന ചുളുവില്‍ ചരക്കാക്കുന്നു. വില്‍ക്കാന്‍ പറ്റിയ ഏറ്റവും നല്ല സാധനവും അത് തന്നെ. മറ്റു മതങ്ങളിലെ ചടങ്ങുകളിലും ഇത്തരം പരിപാടി നടക്കുന്നുണ്ട് എങ്കിലും ആ മതത്തില്‍ അന്യനെ സഹായിക്കുന്നത് രഹസ്യമാക്കി വെക്കണം എന്ന് നിബന്ധന ഉണ്ടോ എന്നെനിക്കറിയില്ല.

7. റേഡിയോയില്‍ മെസേജ് അയച്ചു ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ അവതാരകന്റെ രാഷ്ട്രീയവും വര്‍ഗീയ പരവുമായ കാഴ്ചപ്പാടിന് യോജിക്കാത്തത് വല്ലതും പറഞ്ഞു പോയാല്‍ 'അദ്ധഹത്തിന്റെ ലൈന്‍ കട്ടായി പോയിരിക്കുന്നു, നമുക്ക്‌ അടുത്ത ആളിലേക്ക് പോകാം' എന്നതായിരിക്കും നടപടി. അപ്പോള്‍ മേസേജയച്ചതിന്റെ കാശ് ഗോവിന്ദ... പങ്കെടുക്കാനുള്ള ആവേശത്തിന് ഒരു പാട് മെസേജ് അയച്ചു പോയിട്ടുണ്ടെങ്കില്‍ എല്ലാം കൂടെ ഗുദാ ഗവാ... ഇനിയിപ്പോ നിങ്ങള്‍ വായിട്ടലക്കുന്നത് മുഴുവന്‍ റേഡിയോയില്‍ വന്നാലും അതിനു എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ??? ഏതെന്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവിടെ ഇതൊക്കെ കേട്ട് കൊണ്ടിരിക്കുന്നുണ്ടോ??? ഇവിടുത്തെ സര്കാരിനെയോ ഭരണത്തെയോ വിലയിരുത്താന്‍ അല്ലെങ്കില്‍ അഭിപ്രായം പറയാന്‍ റേഡിയോ സ്റേഷനുകള്‍ അനുവദിക്കുമോ??? നാട്ടിലെ കാര്യം ഇവിടെ നിലവിളിച്ചിട്ടു ആര് കേക്കാന്‍, എന്ത് പ്രയോചനം?.. ചുരുക്കത്തില്‍ ചെണ്ട മദ്ധളത്തോട് പരാതി പറയുന്നു.. നിങ്ങള്‍ പറയുന്നത് ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ റേഡിയോ സ്റ്റേഷന്‍ മാറ്റുന്നു. നിങ്ങള്‍ മാത്രം ഈ പരിപാടി റിക്കോര്‍ഡ്‌ ചെയ്തു വെച്ച് നിങ്ങളുടെ കുടുംബക്കാരെയും കൂട്ടുകാരെയും കേള്പിച്ചു വലിയവനാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. വെള്ളത്തില്‍ വരച്ചതാനെന്നു റേഡിയോ അവതാരകര്‍ക്കറിയാം...പക്ഷെ വരുമാനം അതല്ലേ എല്ലാം...

8. ഫെയ്സ് ബുക്കും ഇമെയിലും ഉണ്ടെന്നു പറയും, പക്ഷെ അത് വഴി പ്രതികരിച്ചാല്‍ അത് ആരെങ്കിലും വായിക്കുമോ?? കാരണം ഏതൊരു ചോദ്യത്തിനും അഞ്ഞൂറോ അറുനൂറോ കമന്റുകള്‍ വന്നിട്ടുണ്ടാകും അതൊക്കെ ഇരുന്നു വായിക്കാന്‍ ആര്കാന് നേരം??? ഇനി വല്ല കൊണ്ടസ്റിനും പങ്കെടുക്കാന്‍ ആണെങ്കിലും നിങ്ങളുടെ പേര് കമന്റായി ചേര്‍ക്കാന്‍ പറയും പക്ഷെ കമന്റുകളുടെ എണ്ണം നോക്കിയാല്‍ ചിലപ്പോള്‍ അയ്യയിരമോ പതിനായിരമോ ആയിട്ടുണ്ടാകും. അതില്‍ നിന്നും നിങ്ങളുടെ പേര് സെലെക്ടു ചെയ്യുമെന്ന് കരുതാന്‍ പറ്റുമോ കാരണം ഇത്രയും പേരുകള്‍ കോപി ചെയ്തു നരുക്കെടുക്കുന്നത് കൊണ്ട് അവര്‍ക്ക്‌ എന്ത് പ്രയോജനം??? എന്നാല്‍ മെസേജ് അയച്ചാല്‍ ചിലപ്പോള്‍ നിങ്ങളുടെ പേര് അവര്‍ വായിക്കുകയെന്കിലും ചെയ്തേക്കാം.. കാരണം അത് അവര്‍ക്ക്‌ ഒരു വരുമാന മാര്‍ഗമാണ്.

റേഡിയോ സ്റ്റേഷന്‍ ചെയ്യുന്നത് മുഴുവന്‍ തെറ്റാണെന്നോ, അല്ലെങ്കില്‍ റേഡിയോ അവതാരകര്‍ പൊതു സേവനം ചെയ്യുന്നില്ല എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല, പക്ഷെ ഒരാളുടെ പേഴ്സും മൊബൈലും നഷ്ടപ്പെട്ടു എന്ന് പറയാന്‍ പോലും മേസേജയക്കാന്‍ പറയുന്ന മനുഷ്യത്ത രഹിതമായ പണപ്പിരിവ് മാത്രമാണ് ഞാന്‍ എതിര്‍ക്കുന്നത്. പൊതു ജനത്തിനു വേണ്ടി മാത്രം ജീവിക്കുന്നവരാനെന്നു കാണിക്കുകയും എന്നാല്‍ അവരെ പിന്നിലൂടെ വഞ്ചിക്കുകയും ചെയ്യുന്ന സംസ്കാരത്തെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്.

മീശ കത്തുമ്പോള്‍ ബീഡി കത്തിക്കുന്ന ഗള്‍ഫിലെ റേഡിയോ സ്റേഷനുകള്‍.

Thursday, September 26, 2013

പ്രവാസിയുടെ മെനു.

അവധിക്കു നാട്ടിലെത്തിയ അയാള്‍ വീടൊക്കെ ഒന്ന് നടന്നു കണ്ടു. എല്ലാം വൃത്തിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. വര്‍ഷങ്ങളായുള്ള തന്റെ അദ്ധ്വാനത്തിന്റെ ബാക്കി പത്രം ഈ വീട് മാത്രമാണ്. അവസാനം അയാള്‍ അടുക്കളയിലും ഒന്ന് കേറി. പരിശോദന കഴിഞ്ഞു തിരിഞ്ഞിറങ്ങുമ്പോഴാണ്‌ ഫ്രിഡ്ജിന്റെ ഡോറില്‍ പതിച്ചു വെച്ചിരിക്കുന്ന ലിസ്റ്റു കണ്ടത്‌. ചില്ലി ചിക്കന്‍, ചിക്കന്‍ സിക്സ്ടി ഫൈവ്‌, ചിക്കന്‍ കടായി, ചിക്കാര്‍ ഫ്രൈ, ജിഞ്ചര്‍ ചിക്കന്‍, ഫിഷ്‌ ബിരിയാണി, നൂഡില്‍സ്, ഫ്രൈഡ്‌ റൈസ്‌,  അങ്ങനെ ഒരു നീണ്ട നിര. ലിസ്റ്റില്‍ ഉള്ള ഓരോ ഐറ്റംസിന്റെയും പേരുകള്‍ അയാള്‍ റസ്റോറന്റിലെ മെനുവില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഉടനെ ഭാര്യയെ വിളിച്ചു. ഇതെന്താ സംഭവം എന്നന്വേഷിച്ചു. കുട്ടികള്‍ക്ക് ആഗ്രഹമുള്ള  ഭക്ഷണം ആ ലിസ്റ്റില്‍ എഴുതിയിടും, ഭാര്യ ഓരോ ദിവസവും ഓരോന്നായി ഉണ്ടാക്കി കൊടുക്കും. "കുട്ടികളുടെ ആഗ്രഹമല്ലേ, അവര് എന്നോടല്ലാതെ പിന്നെ ആരോട് പറയാനാ... " ഭാര്യയുടെ ആത്മഗതം.

അടുക്കളയില്‍ നിന്നും ഇറങ്ങുമ്പോള്‍ അയാള്‍ ഗള്‍ഫിലെ തന്റെ മെനുവിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. "യോഗര്‍ട്ട് കുബ്ബൂസ്. പിക്കിള്‍ കുബ്ബൂസ്. കാലി കുബ്ബൂസ്.. കുബ്ബൂസ് ഗ്രേവി. ദാല്‍ കുബ്ബൂസ്. കാലി പൊറോട്ട വിത്ത്‌ പ്ലെയിന്‍ വാട്ടര്‍. വൈറ്റ്‌ റൈസ്‌ വിത്ത്‌ ഗ്രീന്‍ ചില്ലി.... 

Tuesday, September 24, 2013

ഞാന്‍ എന്നോട് തന്നെ പറയുന്ന കാര്യങ്ങള്‍

ഞാന്‍ എന്നോട് തന്നെ പറയുന്ന കാര്യങ്ങള്‍ നിങ്ങളും കൂടെ കേക്കുമ്പോള്‍ അത് മലര്‍ന്നു കിടന്നു തുപ്പുന്നതായിട്ടു തോന്നരുത്‌, കാരണം ഇതിനാരെന്കിലും ലൈക്‌ അടിച്ചു പോകാനല്ല എഴുതുന്നത്  മറിച്ചു ഏതെന്കിലും ഒരാളുടെ മനസ്സില്‍ ചിന്തിക്കാനുള്ള ബള്‍ബ്‌ കത്തിക്കാന്‍ പറ്റിയാല്‍ അതിന്റെ പുണ്യം എനിക്കും കിട്ടുമല്ലോ എന്നൊരു പ്രത്യാശ മാത്രമാണ്.

എന്റെ കാഴ്ചപ്പാടില്‍ എന്റെ സമൂഹത്തിന്റെ (ഇന്ത്യന്‍ മുസ്ലിന്കളുടെ) അധ:പതനം തുടങ്ങുന്നത് സ്വാതന്ത്ര്യ സമര കാലത്താണ് കാരണം ഇന്ഗ്ലീഷ്‌കാരോട് ഉള്ള വിദ്വേഷം മൂലം ഇന്ഗ്ലീഷ്‌ ഭാഷയെ ഉപേക്ഷിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊതു വിദ്യാഭ്യാസം തന്നെ നിര്തലാക്കിക്കൊണ്ടാണ് മുസ്ലിന്കള്‍ അതിനോട് സഹകരിച്ചത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ 'വിദ്യയാണ് ധനമെന്നും'  എന്നും 'നിന്നെ സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തില്‍ നീ വായിച്ചു തുടങ്ങൂ' എന്നും ആഹ്വാനം ചെയ്യാന്‍ നേതാക്കള്‍ മറന്നു പോയി അല്ലെങ്കില്‍ അവര്‍ക്ക് സാധിച്ചില്ല. അന്ന് പൂര്‍വികര്‍ നെഞ്ചിലേറ്റിയ ആ വിദ്വേഷം ഇന്നും നമ്മള്‍ തുടര്‍ന്ന് പോകുന്നു. പിന്നാലെ വന്ന നവോത്ഥാന പണ്ഡിതന്മാര്‍ ഭൌതിക വിദ്യാഭ്യസമല്ല ആത്മീയ വിദ്യാഭ്യാസമാണ് പ്രധാനം എന്ന് നമ്മെ പഠിപ്പിച്ചു. അതും തലയിലേറ്റി നടന്ന നമ്മില്‍ പലരും മാതൃ ഭാഷ പോലും എഴുതാന്‍ അറിയാത്ത മത പണ്ടിതന്മാരായി മാറി. ഒരു ശാസ്ത്ര ഗ്രന്ഥങ്ങളോ, മറ്റു ഭൌമശാസ്ത്ര കണ്ടെത്തലുകളോ, ലോകത്തിന്റെ ചലനം എങ്ങോട്ട് എന്നോ, പുറത്തു പോയി നോക്കാത്ത ഇത്തരക്കാര്‍, പഠിപ്പിച്ചു വിടുന്ന കുട്ടികള്‍ സമൂഹത്തില്‍ രണ്ടാം കിട പൌരന്മാരായി മാറി.  മത വിദ്യാഭ്യാസ സ്ഥാപനത്തിലെ മുതിര്‍ന്ന അധ്യാപകന് സ്വന്തം പേര് പോലും മാതൃ ഭാഷയില്‍ എഴുതാന്‍ അറിയില്ല എങ്കിലും മതത്തില്‍ അദ്ദേഹം പണ്ഡിതനാണ് എന്ന അവസ്ഥ പൊതു സമൂഹത്തിനു മുന്നില്‍ എന്റെ ജനതയെ നാണം കെടുത്തി.

ഇസ്ലാമില്‍ പൌരോഹിത്യം അനുവദിക്കുന്നില്ല എങ്കിലും ഒരു നേതാവിനെ പൂര്‍ണമായും അനുസരിക്കാന്‍  പറയുന്നുണ്ട്. പക്ഷെ വിദ്യാഭ്യാസമില്ലാത്ത നേതാക്കള്‍ വിളിച്ചു പറയുന്ന വിഡഡിത്തങ്ങള്‍ കേള്‍ക്കുന്ന വിദ്യാഭ്യാസമുള്ള അനുയായികള്‍ അവരെ അനുസരിക്കാത്ത അവസ്ഥാ വിശേഷം ഉടലെടുക്കുന്നു.

സമൂഹത്തില്‍ നേരിടുന്ന പട്ടിണിയും ദാരിദ്ര്യവും അധ:പതനവും തിരിച്ചറിയാന്‍ കഴിവില്ലാതെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി തമ്മിലടിച്ചു ഇസ്ലാമിക ആശയങ്ങളെ വളച്ചൊടിച്ചു  വ്യാഖ്യാനിച്ചു സ്വന്തം അനുയായികളെ രക്ത ബന്ധങ്ങളെ പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത  കോമാരങ്ങളാക്കി മാറ്റുന്നു. ഇതിന്റെ പിന്നില്‍ പണ്ഡിതന്മാരുടെ ഭൌതിക വിദ്യാഭ്യാസത്തിന്റെ അഭാവവും ലോകത്തിന്റെ നീക്കം എങ്ങോട്ട് എന്ന് മനസിലാക്കാന്‍ കഴിവില്ലായ്മയും ആണ്. ആധുനിക കാലത്ത് കടന്നു വരുന്ന ഹൈ ടെക് പ്രശ്നങ്ങള്‍ക്ക് മതപരമായ കാഴ്ചപ്പാട് എന്താണെന്ന് പറയണമെന്കില്‍ ഈ പ്രശ്നങ്ങള്‍  എന്താനെന്നു മനസിലാക്കാനുള്ള ഭൌതിക വിദ്യാഭ്യാസം എങ്കിലും  ആവശ്യമാണ്‌. അതില്ലാത്തവരാന് ഇന്ന് കാര്യങ്ങള്‍ സംസാരിക്കുന്നത്.

മലബാര്‍ മേഘലയില്‍ ഓരോ ജമാഅത്തിന്റെ കീഴിലും കല്യാണ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വളരെ നിയന്ത്രണം കൊണ്ട് വന്നു കൊണ്ടിരിക്കുന്നു. കല്യാണ ദിവസം കുട്ടികള്‍ ബഹളമുണ്ടാക്കുന്നതിനു പോലും നിയന്ത്രണം കൊണ്ട് വന്നു എങ്കിലും ഏറ്റവും വലിയ അനാചാരമായ സ്ത്രീധന വിഷയത്തില്‍ ഇവര്‍ ഒന്നും മിണ്ടുന്നില്ല. വീഡിയോ റിക്കോര്‍ഡിംഗ് പാടില്ല എന്ന് പറയുന്ന ഇവര്‍ അതിനു നിരത്തുന്ന കാരണം അത് ധൂര്താണ് അതിലൂടെ സ്ത്രീകളുടെ സൌന്ദര്യമാണ് കൂടുതല്‍ പകര്‍ത്തി എടുത്തു അന്യര്‍ക്ക് കാഴ്ച വെക്കുന്നത് എന്നാണു.  നമ്മുടെ സ്ത്രീകളും പുരുഷന്മാരും ഇസ്ലാമികമായ രീതിയില്‍ തന്നെ ആണ് വസ്ത്രധാരണം ചെയ്തിട്ടുള്ളതെങ്കില്‍, ഇസ്ലാമികമായ രീതിയിലാണ് വിവാഹം നടക്കുന്നതെങ്കില്‍ എന്തിനു നാം ഭയക്കണം??? കിടപ്പ് മുറിയില്‍ നമ്മള്‍ വെച്ച് കൊടുത്ത ടീ വീ യില്‍ വരുന്ന അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ കാണുന്ന വസ്ത്രം ധരിച്ചു നമ്മുടെ സഹോദരിമാര്‍ കല്യാണത്തിന് പങ്കെടുത്തത് വീഡിയോയിലൂടെ നാട്ടുകാര്‍ കണ്ടു പോകും എന്നുള്ള ഭയമാനെന്കില്‍, സഹോദരാ അത് വീഡിയോ റിക്കോര്‍ഡിംഗ് കൊണ്ടുണ്ടാകുന്ന പ്രശ്നമല്ല, അത് സാംസ്കാരിക അധ:പതനമാണ്, അതിനു തടയിടാന്‍ വിദ്യാഭ്യാസം ആവശ്യമാണ്‌. ഞാന്‍ ആരാണെന്നും എന്റെ വിശ്വാസം എന്താണെന്നും, എന്റെ യാത്ര എങ്ങോട്ടാണെന്നും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്‍കണം.  അടിസ്ഥാന പരമായി മതത്തില്‍ നിന്നും വ്യതിചലിച്ചു പോകുന്ന സമൂഹത്തെ നേര്‍ മാര്‍ഗത്തില്‍ നയിക്കാന്‍ ആത്മീയവും ഭൌതികവുമായ വിദ്യാഭ്യാസമുള്ള പക്വതയെത്തിയ നേതാക്കളെയാണ് ആവശ്യം,  നേതാവിനെ അനുസരിക്കുന്ന അനുയായികളെ ആണ്. അതിനു വേണ്ടത് വിധ്യഭ്യസമാണ്.   അല്ലാതെ മാതൃ ഭാഷയില്‍ നാല് വരി എഴുതാന്‍ അറിയാത്ത കൊമാളികളെ അല്ല.


Thursday, September 12, 2013

ഏരിയാ മാനേജരെ ഞാന്‍ തെറി വിളിച്ചു.

ഏരിയാ മാനേജരുടെ തെറി വിളി കേട്ട് കേട്ട് അവസാനം എന്റെ മനസിലുള്ളതൊക്കെ തെറിയായിട്ടു ഉച്ചത്തില്‍ വിളിച്ചു പറയണമെന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഇന്ന് വ്യാഴാഴ്ച എന്ത് സംഭവിച്ചാലും നാളെയും മറ്റന്നാളും റിലാക്സ് ചെയ്യാന്‍ സമയം കിട്ടും. രാവിലെ ഓഫീസില്‍ കുറച്ചു വൈകിയാണ് എത്തിയത്‌. എത്തിയ ഉടനെ പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ രണ്ടും കല്പിച്ചു നേരെ ഏരിയാ മാനേജരുടെ റൂമിലേക്ക്‌ കയറിച്ചെന്നു, വാതില്‍ അകത്ത് നിന്നും അടച്ചു.  വായില്‍ വന്ന തെറിയൊക്കെ അലറി വിളിച്ചു പറഞ്ഞു. അയാളുടെ വീട്ടു കാരെ പൂരപ്പാട്ട് പാടി താലോലിച്ചു. അയാള് കാണിക്കുന്നത് അഴിമതിയാണെന്നും, അയാളുടെ ഭാര്യ കിളവിയാണെന്നും, അയാളുടെ ആസനം പൊളിക്കുമെന്നും ഒക്കെ അലറി.  അടഞ്ഞ വാതിലിനപ്പുറവും ശബ്ദം കേട്ടത് കൊണ്ടാകാം. ആരൊക്കെയോ സൈട് ഗ്ലാസിലൂടെ ഏരിയാ മാനേജരുടെ റൂമിലേക്ക്‌ പാത്തും പതുങ്ങിയും നോക്കുന്നു. സുഡാനി മാനേജര്‍ എത്തി നോക്കിയിട്ട് ഭയന്ന  ചിരി ചിരിച്ചിട്ട് പോയി. മനസിലുണ്ടായിരുന്നത് മുഴുവന്‍ പറഞ്ഞിട്ട് ഞാന്‍ പുറത്തിറങ്ങി കതകു വലിച്ചടച്ചു. അപ്പോഴും ഞാന്‍ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. എന്ത് വന്നാലും സാരമില്ല വരുന്നിടത്തു വെച്ച് കാണാം.
റിസപ്ഷനിലെ സീറ്റില്‍ വന്നിരുന്നു ഒരു ദീര്‍ഘ നിശ്വാസം വിട്ടു. മനസിലെ പകയൊക്കെ പറഞ്ഞു തീര്‍ന്നപ്പോ ഒരു ആശ്വാസം.

ഒരു ടിഷ്യൂ എടുത്തു നെറ്റിയിലെ വിയര്‍പ്പ് തുടക്കുമ്പോഴേക്കും ഞാന്‍ കണ്ടു ദൂരെ നിന്നും ലിഫ്റ്റിറങ്ങി ഓഫീസിലേക്ക് നടന്നു വരുന്ന ഏരിയാ മാനേജര്‍.
"ഗുഡ്‌ മോണിംഗ് സാര്‍..."
പതിവിലും വിനയത്തോടെ ഞാന്‍ പറഞ്ഞു. പണ്ടാരം പെട്ടെന്ന് അയാളുടെ റൂമില്‍ നിന്നും ഇറങ്ങിയത് ഭാഗ്യമായി അല്ലെങ്കില്‍ ഇപ്പൊ പണി കിട്ടിയേനെ...

Saturday, September 7, 2013

ഗള്‍ഫു കാരന്റെ ഭാര്യമാരുടെതു എന്തൊരു ത്യാഗം...

കല്യാണം കഴിഞ്ഞു പുതുമ മാറുന്നതിനു മുന്പ് അവള്‍ പറഞ്ഞു തുടങ്ങി എല്ലാവരും ഗള്‍ഫില്‍ പോകുന്നു നിങ്ങള്‍ക്കും പോയിക്കൂടെ???
പലിശക്ക് വാങ്ങിയാണെങ്കിലും അയാളും ഗള്‍ഫില്‍ എത്തി. ജീവിതം ദുസ്സഹമാണെന്നറിഞ്ഞപ്പോള്‍ എല്ലാം വിട്ടു അയാള്‍ തിരിച്ചു യാത്രക്കൊരുങ്ങി.
പോയ കടം തീര്‍ന്നിട്ട് വന്നാ മതി എന്നായി അവള്‍...... .........    
പോയ കടം തീര്‍ന്നപ്പോള്‍ അവള്‍ പറഞ്ഞു പണയ്ത്തിലുള്ള സ്വര്‍ണം എടുത്തിട്ടു വന്നാ പോരെ.?
സ്വര്‍ണ പണയം എടുത്തപ്പോള്‍ പ്രശ്നങ്ങള്‍ ഇനിയും ബാക്കി. ലീവിന് വന്നാ പോരെ വിസ ക്യാന്‍സല്‍ ചെയ്യണോ എന്നായി.......
ഒരു മാസത്തെ ലീവിന് നാട്ടിലെത്തി പ്രവാസിയുടെ  സ്റ്റാറ്റസ്  നില നിര്‍ത്താനുള്ള ശ്രമത്തില്‍  കടക്കാരനായി അയാള്‍ വീണ്ടും പ്രവാസിയായി.
പല ആവശ്യങ്ങള്‍ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പല പ്രാവശ്യം കിട്ടിയ കുഞ്ഞു കുഞ്ഞു അവധികളില്‍ അയാള്‍ പിതാവായിക്കൊണ്ടിരുന്നു..
അപ്പോഴും നാടില്‍  സ്ഥിരമായി താമസിക്കണമെന്ന ആവശ്യം അയാളുടെ മനസിനെ അലട്ടിക്കൊണ്ടെയിരുന്നു.
"പട്ടിണിയാണെങ്കിലും  നമുക്കൊരുമിച്ചു ജീവിച്ചു കൂടെ മോളേ.. കുഞ്ഞുങ്ങളുടെ കളിയും ചിരിയും മഴയും നാട്ടിലെ ജീവിതവും എനിക്കും കിട്ടുമല്ലോ, എന്ത് ജോലി ചെയ്താലും നമുക്ക് ജീവിക്കാലോ...!!"
അയാളുടെ കണ്ണീരിനു മുന്നില്‍ ഭാര്യയുടെ അനുവാദം വന്നു. പക്ഷെ ഒരു കണ്ടീഷന്‍....  "അങ്ങനെയാണെങ്കില്‍ നമുക്കൊരു വീടും കൂടി ആക്കിയിട്ടു നിങ്ങള്‍ ഇങ്ങു വന്നോളൂ.."
ഭാര്യയോടും കുഞ്ഞുങ്ങളോടുമൊപ്പം ജീവിക്കുക എന്ന ഏറ്റവും വലിയ സ്വപ്നം സാധിച്ചെടുക്കുന്നതിനായി നാട്ടിലേക്ക് പോകാന്‍ ഭാര്യയുടെ സഹകരണം കൂടി അയാള്‍ക്ക്‌ ആവശ്യമായിരുന്നു. ഭാര്യയുടെ ആവശ്യത്തിനു മുന്നില്‍ അയാള്‍ക്ക്‌ വേറെ വഴി ഇല്ലായിരുന്നു. താമസിക്കാന്‍ ഒരു വീട് വേണം അല്ലെങ്കില്‍ ഇതാവശ്യമില്ലാത്ത വേറെ ഭാര്യയും കുട്ടികളും വേണം. അതിനുള്ള അയാളുടെ പ്രായവും കഴിഞ്ഞു പോയിരിക്കുന്നു.
അവസാനം  വീട് സ്വന്തമാക്കുമ്പോഴേക്കും ആരോഗ്യം അയാള്‍ക്ക്‌ നഷ്ടപ്പെട്ടിരുന്നു.
അപ്പോഴും  നാടില്‍  സ്ഥിരമായി താമസിക്കണമെന്ന ആവശ്യം സ്വപ്നമായി അവശേഷിച്ചു, കാരണം ഭാര്യയുടെ ആവശ്യങ്ങള്‍ കൂടി കൂടി വന്നതേ ഉള്ളൂ...

ഒരു ദിവസം കൂട്ടുകാരെല്ലാം അയാളെ കുളിപ്പിചോരുക്കി പുതു വസ്ത്രമുടുപ്പിച്ചു നാടിലേക്ക് യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തി ഭാര്യയെ വിളിച്ചു.
അപ്പോള്‍ അവള്‍ പറഞ്ഞു... "ശവം ഇങ്ങോട്ട് കൊണ്ട് വന്നിട്ട് എന്ത് ചെയ്യാനാ...? അവിടെ തന്നെ അടക്കിയേക്ക്.. കമ്പനിയില്‍ നിന്ന് വല്ലതും കിട്ടുമെങ്കില്‍  അയച്ചു തന്നാ മതി.. ഞങ്ങക്ക് ഇനിയും ജീവിക്കണ്ടേ..... ഇന്ഷൂറന്‍സ്  വാങ്ങാന്‍ മരണ സര്ട്ടിഫിക്കറ്റും ഒന്ന് എത്തിച്ചു തരണേ " ...

ഗള്‍ഫു കാരന്റെ ഭാര്യമാരുടെതു എന്തൊരു ത്യാഗം... :(

Thursday, August 22, 2013

കാനത്തും മങ്ങലവും - എന്റെ നാട്ടിലെ മുസ്‌ലിം കല്യാണം


എന്റെ നാട്ടില്‍ പഴയ കാലത്ത് കല്യാണത്തിനു പറഞ്ഞിരുന്ന പേരാണ് കാനത്തും മങ്ങലവും. കാനത്തു എന്ന് വെച്ചാല്‍ മുസ്ലിങ്ങളുടെ 'നിക്കാഹ്' എന്ന് പറയുന്ന പരിപാടി ആണ്. മങ്ങലം എന്നാല്‍ എല്ലാവരും ആഘോഷിക്കുന്ന സാധാരണ കല്യാണം. 

പിന്നെ  കാനത്തും മങ്ങലവും എന്ന് പറയുന്നത് എന്തിനാണ് എന്ന് ചോദിച്ചാല്‍ ചില ആളുകള്‍ സൌകര്യാര്‍ത്ഥം നികാഹ് (ഒഫീഷ്യല്‍ മാരിയേജ്) ആദ്യം നടത്തും എന്നിട്ട് കുറച്ചു നാളുകള്‍ക്കു ശേഷം മാത്രം എല്ല്ലാവരെയും വിളിച്ചു കല്യാണം (റിസപ്ഷന്‍) നടത്തും. പക്ഷെ അധിക സന്ദര്‍ഭങ്ങളിലും നികാഹും കല്യാണവും ഒന്നിച്ചുണ്ടാകാറാണ് പതിവ്. അത് കൊണ്ട് തന്നെ പ്രാദേശികമായി അതിനെ കാനത്തും മങ്ങലവും എന്ന് പറഞ്ഞു വന്നു.. കാലാകാലങ്ങളില്‍ ലോപം സംഭവിച്ചു ഇപ്പോള്‍ അത് വെറും 'മങ്ങലം' മാത്രമായി ചുരുങ്ങി. എങ്കിലും 'മങ്ങലത്തിനു ബിളിക്കാന്‍ ബന്നാല്‍ കാനത്തു കെയിഞ്ഞോ ന്ന് ചോയിക്കും ' അത് ഉറപ്പാണ്, പതിവാണ്.

മങ്ങലം എന്നത് ശെരിക്കും രണ്ടു ദിവസമാണ്. കല്യാണത്തിന്റെ പ്രധാന ദിവസം എന്നത് കൂടുതലും വ്യാഴാഴ്ച അല്ലെങ്കില്‍ ഞായറാഴ്ചയാണ്.  പക്ഷെ തലേ ദിവസം തൊട്ടേ ആഘോഷം തുടങ്ങും. ബന്ധുക്കളൊക്കെ നേരത്തെ തന്നെ എത്തിച്ചേരും. കുട്ടികളുടെ കളിയും ചിരിയും ബഹളവും. ഒക്കെ ആയി മൂന്നു നാല് ദിവസം മുന്‍പേ തന്നെ ഒരു കല്യാണത്തിന്റെ മൂഡ്‌ ആ വീട്ടില്‍ ഉണ്ടാകും.

ഞങ്ങളുടെ നാട്ടിലെ ആചാരം അനുസരിച്ച് കല്യാണ ശേഷം ചെക്കന്‍ പെണ്ണിന്റെ വീട്ടിലാണ് താമസം ഉണ്ടാകുക, കണ്ണൂര്‍ കാസറഗോഡ് ഒഴിച്ചാല്‍ തിരുവനന്തപുരത്തു ചില ഭാഗങ്ങളില്‍ മാത്രമാണ് ഈ ആചാരം ഉള്ളതായി കേട്ടിട്ടുള്ളത്. ഇങ്ങനെ ആയത് കൊണ്ട് തന്നെ പെണ്ണിന്റെ വീട്ടില്‍ ഏറ്റവും ആഡംബരമായ രീതിയില്‍ ഒരു മണിയറ ഒരുക്കും. ഏറ്റവും ചുരുങ്ങിയത്‌  അതില്‍ ഒരു അലമാര, ഒരു കസേര / സോഫ, പേരെഴുതിയ ടീപോയ്‌, കട്ടില്‍, വലിയ കിടക്ക, ഒരു ഡ്രസ്സ്‌ ഹാങ്ങര്‍, വൃത്തിയുള്ള സീലിംഗ്, ഓവര്‍ഹെഡ് ഡിസ്പ്ലേ റാക്കുകള്‍ എന്നിവ  നിര്‍ബന്ധമാണ്. പെണ്‍കുട്ടിയുടെ കൂട്ടുകാര്‍ നല്‍കുന്ന സമ്മാനങ്ങള്‍  റാക്കിലാണ് ഡിസ്പ്ലേ ചെയ്യുക. ഈ പറഞ്ഞതില്‍ എന്തെങ്കിലും കുറഞ്ഞാല്‍ വരന്റെ വീട്ടുകാര്‍ക്ക് അതൊരു അപമാനമായാണ് കരുതപ്പെടുക. അത് കൊണ്ട് തന്നെ പെണ് വീട്ടുകാര്‍ ഏറ്റവും ശ്രദ്ധിക്കുന്നത് മണിയരയുടെ ആഡാംബരത്തില്‍ ആയിരിക്കും. പറ്റുമെങ്കില്‍ ഏ സി. മൌള്‍ട് ചെയ്ത സീലിംഗ്, വാട്ടര്‍ ബെഡ്, ടെലിഫോണ്‍, ടീ വീ, മ്യൂസിക്‌ സിസ്റ്റം, പോര്‍ഷ് കര്ട്ടന്‍സ്, വുഡന്‍ ഫ്ലോരിംഗ്, ടിം ലൈറ്റ്‌ സിസ്റ്റം, ബാല്‍ക്കണി സൗകര്യം എന്നിവ ഓരോരുത്തരും കഴിവിന്റെ പരമാവധി ഒരുക്കാന്‍ ശ്രമിക്കും. മണിയറയുടെ വില എന്നത് വരന്റെ കൂട്ടുകാര്‍ പറയുന്ന കമന്റുകള്‍ അനുസരിച്ചായിരിക്കും. ലക്ഷങ്ങള്‍ മുടക്കിയാലും 'ബോര്‍' ആയ മണിയറകളും ഉണ്ട്.

മകള്‍ക്ക് വിവാഹ പ്രായമായാല്‍ ഒരു പുതിയപ്ലയെ കണ്ടെത്തുക എന്നതാണ് വിഷമം പിടിച്ച ചടങ്ങ്. ഒരാള്‍ ശെരിയായയാല്‍ പിന്നെ കാര്യങ്ങളൊക്കെ ഒരു താളത്തില്‍ നടക്കും. ഉടനെ തന്നെ ചെക്കന്റെ ജമാഅത്തില്‍ ചെന്ന് അവനെ കുറിച്ച് അന്വേഷിക്കും. നല്ല അഭിപ്രായം ലഭിച്ചാല്‍ അവരെ പെണ്ണ് കാണലിന് ക്ഷണിക്കും.

ഒരു ദിവസം ചെക്കന്‍ പെണ്ണിനെ കാണാന്‍ വരും  അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടാല്‍ പിന്നെ ചെക്കന്റെ വീട്ടില്‍ നിന്നും ഔദ്യോഗികമായ പെണ്ണ് കാണല്‍ ചടങ്ങിനു ബന്ധുക്കള്‍ വരും. ഒരു വലിയ സല്‍ക്കാരം തന്നെ അന്ന് നടക്കും. പെണ്ണിന കാണാന്‍ വരുമ്പോള്‍ ആഭരണങ്ങളും പുത്തന്‍ വസ്ത്രങ്ങളും കൊണ്ട് വരും. അതൊക്കെ അണിയിച്ചു സല്‍ക്കാരവും കഴിഞ്ഞു അവര്‍ പിരിയും.

പിന്നെ വരുന്ന ചടങ്ങ് കല്യാണ നിശ്ചയമാണ്. ഇത് സാധാരണയായി ചെക്കന്റെ വീട്ടിലാണ് നടത്താറുള്ളത്. നിശ്ചയം നടക്കുന്നതിനു മുന്‍പ് തന്നെ കൊടുക്കല്‍ വാങ്ങലുകള്‍ മൂന്നാമതൊരാള്‍ വഴി ഉറപ്പിചിട്ടുണ്ടാകും. സ്ത്രീധനം വാങ്ങുന്നവര്‍ ആണെങ്കില്‍ ആ കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ പറഞ്ഞു ഉറപ്പിച്ചതിനു ശേഷം മാത്രമേ പെണ്ണ് കാണല്‍ ചടങ്ങ് നടത്തുകയുള്ളൂ.  അധികം ചെക്കന്മാരും സ്ത്രീധനത്തിന് വാശി പിടിക്കാറില്ല. പക്ഷെ നിങ്ങള്‍ എന്തെങ്കിലും കൊടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കൊടുത്തോളൂ, എനിക്ക് ഒരു കണ്ടീഷനും ഇല്ല എന്ന് മാത്രമേ പറയൂ. സ്ത്രീധനം വിഷയമാകുമ്പോള്‍ അത് രഹസ്യ ചര്‍ച്ചയിലൂടെ ആണ് പരിഹരിക്കുക. എന്നാലും പെണ് വീട്ടുകാരുടെ അഭിമാന ബോധം കൊണ്ട് അവര്‍ വളരെയധികം സമ്പത്ത് ആ പെണ്‍കുട്ടിക്ക് നല്‍കും. കല്യാണ ദിവസത്തെ ഭക്ഷണം, വാഹനം, വീഡിയോ, വേദി, എന്നിവയൊക്കെ നിശ്ചയ സമയത്ത് ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഓരോ മഹാല്ലിലെയും നിയമങ്ങളും നിയന്ത്രണങ്ങളും പരസ്പരം അറിയിക്കും. ചില സ്ഥലത്ത് വീഡിയോ പാടില്ല, പള്ളിയില്‍ ഫോട്ടോ പാടില്ല, നിക്കാഹിന്റെ ചാര്‍ജ്‌, തുടങ്ങിയവ ഷെയര്‍ ചെയ്തു സലക്കാരവും കഴിഞ്ഞു പിരിയും.

ഇതിനിടയില്‍ ചെക്കന്റെ മഹല്ല് പള്ളിയില്‍ നിന്നും നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പെണ്ണിന്റെ മഹല്ല് പള്ളിയില്‍ ഏല്‍പ്പിക്കണം. ഈ കടലാസില്‍ ആ വ്യക്തി നാട്ടില്‍ നല്ല നടപ്പുള്ള ആളാണോ എന്നും ഈ വിവാഹം നടക്കുന്നതില്‍ ആ മഹല്ല് കമ്മറ്റിക്ക് എതിര്പുണ്ടോ എന്നാ കാര്യവും രേഖപ്പെടുത്തിയിരിക്കും. ഈ ലെറ്റര്‍ കിട്ടാതെ നിക്കാഹ് നടത്താന്‍ സാധിക്കില്ല. ഈ ലെറ്റര്‍ കിട്ടനമെന്കില്‍ പള്ളി കമ്മറ്റിയുമായി വല്ല ഇടപാടും ബാക്കി ഉണ്ടെങ്കില്‍ അതെല്ലാം നല്ല രീതിയില്‍ തീര്‍ത്തിരിക്കണം. ഈ നൊ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ചെക്കന്റെ മഹല്ലിലെ സെക്രടറി വന്നു പെണ്ണിന്റെ മഹല്ലിലെ സെക്രടരിയെ നേരിട്ട് ഏല്‍പ്പിക്കണം. നിയമ വ്യവസ്ഥ അതിന്റെ വഴിക്ക് തീര്‍ന്നാല്‍ പിന്നെ കല്യാണം നടക്കും.

പെണ്ണിന്റെ വീട്ടിലാണ് ശെരിക്കും കല്യാണത്തിന്റെ ആഘോഷങ്ങള്‍ കൂടുതല്‍ നടക്കുക. ചെക്കന്റെ വീട്ടില്‍ ബന്ധുക്കളും കൂട്ടുകാരും കൂടും എന്നതൊഴിച്ചാല്‍ വേറെ വലിയ സംഭവങ്ങള്‍ ഒന്നും തെന്നെ ഉണ്ടാകാറില്ല. പക്ഷെ പെണ് വീട്ടില്‍ കല്യാണത്തിനു തലേദിവസം ഉച്ച ഭക്ഷണത്തോടെ ആണ് സല്‍ക്കാരം തുടങ്ങുന്നത്, കാരണം അടുത്ത ബന്ധുക്കളും കൂട്ടുകാരും ഉച്ചയോടെ എത്തിച്ചേരും. പന്തല് പണിക്കാരും, പെയിന്ടടിക്കുന്നവരും, ആശാരിമാരും ഏകദേശം അന്നെ ദിവസം ഉച്ചക്ക് മുന്‍പ്‌ അവസാന മിനുക്കു പണിയും തീര്‍ത്ത്‌ ഉച്ച ഭക്ഷണവും കഴിച്ചു പിരിഞ്ഞു പോകും. പിന്നെ അവര്‍ പിറ്റേന്ന് 'മങ്ങലത്തിന്റെ ചോറ് ബെയിക്കാനെ ബെരൂ'. അങ്ങനെ തലേ ദിവസം ഉച്ചഭക്ഷണം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും കാര്യങ്ങളൊക്കെ ഒരുക്കുന്ന തിരക്കായിരിക്കും.

അസര്‍ നിസ്കാരം കഴിഞ്ഞാല്‍ ഉടനെ ബിരിയാണിയുടെ ആള്‍ക്കാര്‍ എത്തും. അവരുടെ ബിരിയാണി സാധനങ്ങള്‍ പെണ്ണിന്റെ ഉമ്മ അല്ലെങ്കില്‍ ഉപ്പ (മാതാവ് അല്ലെങ്കില്‍ പിതാവ്) ബിരിയാണിക്കാരന് കൈമാറുന്നതോടെ ഭക്ഷണത്തിന്റെ പരിപാടികള്‍ക്ക് തുടക്കമാകുന്നു. ആദ്യം കൊടുക്കുക തോര്‍ത്തു മുണ്ടും സിഗരറ്റുമാണ്. പിന്നെ മറ്റു സാധനങ്ങള്‍. ബിരിയാണി വെക്കാന്‍ വരുന്നവര്‍ മിക്കവാറും രണ്ടോ മൂന്നോ പേരോ ആയിരിക്കും. സഹായിയായി ഒരു സ്ത്രീയും വരും. വീടിന്റെ അടുത്തായി അടുപ്പും വെള്ളത്തിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ടാകും. അത് ബിരിയാനിക്കാരുടെ ലോകമാണ്, അവിടെ മറ്റാര്‍ക്കും അധികം സ്വാതന്ത്ര്യം ഉണ്ടാകില്ല. പുകയും ഉള്ളിയുടെ നീറ്റലും, ഇറച്ചിയുടെ ചോരയും, നിറഞ്ഞ ഒരു ലോകം. ഉള്ളിയുടെ തൊലി കളയാനും വെളുത്തുള്ളി തോലിക്കാനും വെള്ളം കൊണ്ട് വരാനും മാത്രമേ മറ്റുള്ളവര്‍ക്ക് അവകാശമുള്ളൂ.

വൈകുന്നേരം ഒരു ചായ കിട്ടും പക്ഷെ അതിനെ സാധാരണ കല്യാണ വീട്ടില്‍ 'പൂസിലാന്‍ വെള്ളം' എന്ന് വിളിക്കും. കാരണം അടുക്കളയില്‍ വന്നു ചായ ചോദിക്കുന്ന ഏതാനും  പേര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന ചായയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വെള്ളം ചേര്‍ത്ത് ചേര്‍ത്ത് കൊടുക്കും. അപ്പോള്‍ അത് വെറും ഒരു ചായയുടെ നിറം മാത്രമേ ഉണ്ടാകൂ.

മഗ്രിബ് നിസ്കാരം കഴിഞ്ഞാല്‍ പിന്നെ രാത്രി ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടാകും. ഇഷാ നിസ്കാരം കഴിയുന്നതോടെ വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ ഫ്രൈ, മട്ടന്‍ റോസ്റ്റ്‌, തൈര്, അങ്ങനെ സകലമാന സാധനങ്ങളും ഒരുക്കി ബിരിയാണിക്കാര്‍ കാത്തു നില്‍ക്കുന്നുണ്ടാകും. അതോടെ വിഷിഷ്ടാഥിതികളുടെ തിരക്കാണ്. അതായത് കല്യാണത്തിനു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ തലേ ദിവസം രാത്രി വന്നു മുഖം കാണിച്ചു പോകും. അതില്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍, കല്യാണ പ്രായമെത്തിയ പെണ്‍കുട്ടികള്‍, രോഗികള്‍, മൌലവിമാര്‍,  തുടങ്ങിയവര്‍ ഒക്കെ ഉണ്ടാകും. കല്യാണ ദിവസത്തെ ചിലവിന്റെ പകുതിയോളം തലേ ദിവസം ചെലവ് വരും.

കല്യാണ തലേന്ന് വരന്റെ വീട്ടില്‍ നിന്നും ഏകദേശം പന്ത്രണ്ടോളം സ്ത്രീകളും കുട്ടികളും മൈലാഞ്ചി കല്യാണത്തിനായി വീട്ടില്‍ വധുവിന്റെ വരും. ഇവരുടെ വരവിന്റെ പ്രധാന ഉദ്ദേശ്യം പെണ്ണിന് മൈലാഞ്ചി ഇട്ടു കൊടുക്കുക എന്നതാണ്. പുതിയ ഡ്രെസ്സും ഫാന്‍സി ആഭരണങ്ങളും ഇവര്‍ കൊണ്ട് വന്നു മണവാട്ടിയെ ചമയിക്കും. എന്നിട്ട് ഒപ്പനയോടെ സദസില്‍ ഇരുന്നു മൈലാഞ്ചി കല്യാണം നടത്തും. മൈലാഞ്ചി കല്യാണം എന്നാല്‍ ഒപ്പ്നയുടെ അകമ്പടിയോടെ പെണ്‍കുട്ടിയുടെ കയ്യില്‍ മൈലാഞ്ചി വെച്ച് കൊടുക്കുന്ന പരിപാടി ആണ്. വീട്ടിലെ ഏറ്റവും പ്രായമായ വ്യക്തി മൈലാഞ്ചി ഇട്ടു കൊണ്ട് ഉല്‍ഘാടനം ചെയ്യും. ക്യാമറയുടെ മുന്നില്‍ കല്യാണ പെണ്ണിന്റെ കൈ പിടിച്ചു കൊണ്ട മൈലാഞ്ചി ഇടുന്നത് പോലെ  പോസ് ചെയ്യുക എന്നത് മാത്രമാണ് ചടങ്ങ്. മണവാട്ടിക്കു മൈലാഞ്ചി ഇടുന്നതൊക്കെ അതില്‍ കഴിവുള്ള കുട്ടികള്‍ ആയിരിക്കും. ബന്ധു മിത്രാധികള്‍ എല്ലാം ഫോട്ടോ എടുത്തു കഴിഞ്ഞാല്‍ ചടങ്ങ് തീര്‍ന്നു. അതോടെ വരന്റെ വീട്ടില്‍ നിന്നും വന്നവര്‍ക്ക് പ്രത്യേക സല്‍ക്കാരം തന്നെ ഉണ്ടാകും. ഇതിനിടയില്‍ വരന്റെ വീട്ടില്‍ നിന്ന് വന്നവര്‍ വധുവിന്റെ വീട്ടിലെ ഒരുക്കങ്ങളും മണിയറയും, പന്തലും , ആഭരണങ്ങളും എല്ലാം നോക്കി വിലയിരുത്തിയിട്ടുണ്ടാകും.എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ ഈ സമയത്ത് ചില കശ പിശകള്‍ സാധാരണമാണ്. അങ്ങനെ ഭക്ഷണവും കഴിഞ്ഞു വന്നവരൊക്കെ പിരിഞ്ഞു പോകും. പിന്നെ ബന്ധുക്കളും വീട്ടുകാരും ബാക്കിയാകും.

ഇതിനിടയില്‍ അറവുകാര്‍ പോത്തിനെയും കൊണ്ട് വന്നിട്ടുണ്ടാകും, ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് അറവു നടത്തും, പിന്നെ പൊളിക്കലും തറിക്കലും ഒക്കെയായി അതോരാഘോഷം. ചില സമയത്ത് അറവു ശാലയില്‍ നിന്നും ഇറച്ചി വണ്ടിയില്‍ കൊണ്ട് വരും... കോഴിയാണെങ്കിലും ആടാണെന്കിലും എല്ലാം റെഡി ആക്കിയാണ് കൊണ്ട് വരിക. പാതി രാത്രിയോടെ ഇറച്ചി വെപ്പ് കാരന് കിട്ടിയിരിക്കണം.

ബന്ധുക്കളൊക്കെ കഥയും പറഞ്ഞു കിട്ടുന്ന സ്ഥലത്തോക്കെ കിടന്നുറങ്ങും, അടുത്ത വീടുകളിലും കല്യാണ പന്തലിലും ഒക്കെയായി ഉറക്കാരുടെ തിരക്കായിരിക്കും. ഇവിടെ പ്രായമായ സ്ത്രീകളും പുരുഷന്മാരും മറ്റുള്ളവരെ വളരെ ശ്രദ്ധിക്കും, പൂവാലന്മാരും ചെക്കന്മാരും കറങ്ങി നടക്കുന്നത് കണ്ടാല്‍ ഓടിച്ചു വിടും. പെണ്‍കുട്ടികള്‍ അവരവരുടെ മാതാവിന്റെ കൂടെ മാത്രമേ പോകാന്‍ പാടുള്ളൂ, ഒറ്റക്കോ അല്ലെങ്കില്‍ പരിച്ചയമില്ലാത്രവരുടെയോ കൂടെ കണ്ടാല്‍ അടി ഉറപ്പ്‌. നേരം വെളുക്കുന്നത് വരെ പ്രായമായവര്‍ മറ്റുള്ളവര്‍ ഉറങ്ങുന്ന സ്ഥലത്ത് ചെറിയ വെളിച്ചത്തില്‍ ഉലാത്തിക്കൊണ്ടിരിക്കും. കാവലാളായി.

നാളത്തെക്കുള്ള ബിരിയാണിയുടെ പരിപാടികളില്‍ മുഴുകി വെപ്പുകാര്‍ തിരക്കിലായിരിക്കും. സിഗരറ്റ് വലിച്ചും പരസ്പരം സംസാരിച്ചും ചട്ടുകം കൊണ്ട് ബിരിയാണി ചെമ്പില്‍ തട്ടി ശബ്ദമുണ്ടാക്കിയും അവരുടെ ഉറക്കത്തെ അവര്‍ അകത്തി നിര്‍ത്തും.

രാവിലെ സുബഹി ബാങ്ക് കൊടുത്താല്‍ എല്ലാവരും എണീറ്റ്‌ പ്രഭാത ക്രുത്ത്യങ്ങള്‍ തുടങ്ങും.തൈര് മുല്ലപ്പൂവ് എന്നിവ വാങ്ങാനായി സിറ്റിയിലേക്ക് ആള്‍ക്കാര്‍ പോകും. കുളിക്കാനും ഡ്രസ്സ്‌ മാറാനുമായി ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടിലും ആള്‍ക്കാര്‍ എത്തും. ചിലര്‍ പുഴയിലും തോട്ടിലും പോയി കാര്യങ്ങള്‍ സാധിക്കും. അധികം പേര്‍ക്കും ബ്രഷോ പെയിസ്ടോ സോപ്പോ ഒന്നും കിട്ടില്ല. എങ്കിലും സന്തോഷം.

സുബഹിയുടെ ശേഷം പോത്തിന്റെ കരളു വറുത്തത് കിട്ടും. എല്ലാര്‍ക്കും കിട്ടില്ല വെപ്പുകാരന് കനിവ് തോന്നിയാല്‍ മാത്രം അയാള്‍ കൊടുക്കും അല്ലെങ്കില്‍ അത് അവര്‍ക്കുള്ളതാണ്. വെപ്പ് കാരും അറവുകാരും തമ്മിലുള്ള ഒരു അഡ്ജസ്റ്റുമെന്റ്. എങ്കിലും മറ്റുള്ളവര്‍ക്കായി പൊറോട്ടയും ഇറച്ചി കറിയും തയ്യാറായിട്ടുണ്ടാകും. കൂടെ ചായയും കിട്ടും. രാവിലത്തെ ഭക്ഷണം ചെറിയ തോതില്‍ ഉണ്ടാക്കുന്നതിനാല്‍  ആദ്യമാദ്യം വരുന്ന ഏതാനും പേര്‍ക്ക് മാത്രമേ ഇത് കിട്ടുകയുള്ളൂ.

രാവിലത്തെ ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും വിശാലമായ ഒരുങ്ങലാണ്. പുതു വസ്ത്രങ്ങള്‍ അണിഞ്ഞും അണിയിപ്പിച്ചും  അങ്ങനെ പത്തു മണി ആകുംബഴത്തെക്കും എല്ലാരും കല്യാണ പന്തലില്‍ ഒത്തു ചേരും. കല്യാണത്തിനു വരുന്നവരെ സ്വീകരിക്കാനും ഇരുത്താനും സര്‍ബത് കൊടുക്കാനും വീട്ടുകാരും ബന്ധുക്കളും ശ്രദ്ധിക്കും. ഫോട്ടോഗ്രാഫറും വീഡിയോ ഗ്രഫരും തിരക്കായി തുടങ്ങും. ഇതിനിടയില്‍ കാരണവന്മാര്‍ പുതിയാപ്പിളയെ തേടാന്‍ പോകും. അതായത്‌ പെണ് വീട്ടുകാര്‍ വരന്റെ വീട്ടില്‍ ചെന്ന് വരനെ ആനയിച്ചു കൊണ്ട് വരണം. അതിനായി ഉത്തരവാദപ്പെട്ട കാരണവന്മാരും ബന്ധുക്കളുമായി പത്തുപേര്‍ പോകും. വരന്റെ വീട്ടില്‍ ഇവര്‍ക്കായി ഒരു ചെറിയ രീതിയിലുള്ള സല്കാരം വീടിനകത്ത് വെച്ച് നല്‍കും. ഇവര്‍ എത്തി ക്ഷണിച്ചാല്‍ മാത്രമേ വരാനും കൂട്ടുകാരും വീട്ടില്‍ നിന്നും ഇറങ്ങുകയുള്ളൂ.. അങ്ങനെ വരാനും കൂട്ടുകാരും ബന്ധുക്കളുമായ പുരുഷന്മാരും ആണ്‍കുട്ടികളും മാത്രം  വധു ഗ്രഹത്തിനടുത്തുള്ള പള്ളിയില്‍ എത്തിച്ചേരും. അവിടെ അവര്‍ക്ക് തണുത്ത സര്‍ബത്ത് വിതരണം ചെയ്യും.

ചെക്കനും കൂടരും പള്ളിയില്‍ എത്തിയെന്നരിഞ്ഞാല്‍ പെണ്ണിന്റെ പിതാവും മറ്റുള്ള പുരുഷന്മാരും പള്ളിയിലേക്ക് പുറപ്പെടും. പുറപ്പെടുന്നതിനു മുന്‍പേ പെണ്‍കുട്ടിയുടെ പിതാവോ മാതാവോ അവളോട്‌  ' ഉപ്പ കാനത്തിനു പോവുകയാണെന്ന്' പറയും. ആ പെണ്ണിനെ വിവരം അറിയിക്കുക അവളുടെ ഒരു 'ങാ' മൂളല്‍ കേള്‍ക്കുക എന്നൊരു ചടങ്ങ്.

പള്ളിയില്‍ ളുഹര്‍ നിസ്കാരം കഴിഞ്ഞാല്‍ എല്ലാവരും കൂട്ടം കൂടിയിരിക്കും, വധുവിന്റെ പിതാവും വരനും മധ്യത്തിലായി ഇരിക്കും. പള്ളിയിലെ ഇമാം ഇവരുടെ അടുത്തിരിക്കും എന്നിട്ട്  വിവാഹത്തിന്റെ ഖുതുബ (സന്ദേശം) ചൊല്ലും. അറബിയിലാണ് ചൊല്ലുക. പിന്ന വരനും വധുവിന്റെ പിതാവിനും പ്രതിജ്ഞ അല്ലെങ്കില്‍ നിക്കാഹിന്റെ വാചകങ്ങള്‍ ചൊല്ലിക്കൊടുക്കും. ലളിതമായി പറഞ്ഞാല്‍ ' എന്റെ മകളെ ഇത്രയും വിവാഹ മൂല്യത്തിന് (മെഹര്‍)പൂര്‍ണ സമ്മതത്തോടെ  നിങ്ങള്ക്ക് ഭാര്യയാക്കി തന്നിരിക്കുന്നു' എന്ന് വധുവിന്റെ പിതാവ് നാലാള്‍ സാക്ഷി നിര്‍ത്തി പറയുമ്പോള്‍ 'നിങ്ങളുടെ മകളെ ഇത്രയും വിവാഹ മൂല്യത്തിന് (മെഹര്‍) ഞാന്‍ ഭാര്യയായി പൂര്‍ണ സമ്മതത്തോടെ   സ്വീകരിച്ചിരിക്കുന്നു' എന്ന് മറു വാചകം ചൊല്ലുകയും, വിവാഹ മൂല്യമായി പറഞ്ഞ ധനം / സ്വര്‍ണം വധുവിന്റെ പിതാവിന് കൈമാറുകയും ചെയ്തു  ഷെയിക്ക് ഹാന്‍ഡ്‌ കൊടുക്കുന്നതോടെ നിക്കഹ് തീര്‍ന്നു. അതോടെ ചെക്കന്‍ 'പുത്യാപ്ല' യും പെണ്ണ് 'പുതിയെണ്ണും ' ആയി മാരും. വിവാഹ മൂല്യം (മെഹര്‍) സാധാരണയായി വരന്‍ വധുവിന്റെ പിതാവിനു കൊടുക്കേണ്ടതാണ് എങ്കിലും ഉപ്പമാര്‍ അത് തന്റെ മകള്‍ക്ക് തന്നെ കൊടുത്താല്‍ മതി എന്ന് പറയും. പിന്നെ   വധുവിന്റെ ബന്ധുക്കളില്‍ ആരെങ്കിലും അല്ലെങ്കില്‍ വധുവിന്റെ സഹോദരന്‍ വില കൂടിയ ഒരു വാച് ആ സദസില്‍ വെച്ച് തന്നെ വരനെ അണിയിക്കും. അതൊരു വിവാഹ സമ്മാനം മാത്രം.  പിന്നെ പള്ളി കമ്മറ്റിയുടെ രേജിസ്ടരില്‍ വരനും വധുവിന്റെ പിതാവും , വിവാഹം നടത്തിയ ഇമാമും പിന്നെ നാല് ദൃക്ശാക്ഷികളും ഒപ്പ് വെക്കണം. അതോടെ പിതാവിന്റെ ഉത്തരവാദിത്വം തീര്‍ന്നു.  അതോടെ ആശംസകളുടെ സമയം തുടങ്ങുകയായി.

കാനത്തു (നികാഹ്) കഴിഞ്ഞ വിവരം ലഭിച്ച നിമിഷം  തന്നെ വരന്റെ വീട്ടില്‍ നിന്നും  പത്തു സ്ത്രീകള്‍ പുതു വസ്ത്രങ്ങളും ആഭാരണങ്ങള്മായി പുതിയെണ്ണിന്റെ പൊരക്ക് (വധു ഗ്രഹത്തില്‍) എത്തും. പുതിയെണ്ണിനെ (മണവാട്ടി) ചമയിക്കാന്‍ (അലങ്കരിക്കാന്‍) തുടങ്ങും. ചമയിക്കാന്‍ വരുന്നവര്‍ക്ക് പ്രത്യേകം ശ്രദ്ധയോടെ സല്കാരം നല്‍കും.

കാനത്തു കഴിഞ്ഞാല്‍ പിന്നെ ചെക്കനും കൂട്ടരും നേരെ വധുവിന്റെ വീട്ടിലേക്കു ചെല്ലും. ഒരു സ്ഥലത്ത് മാത്രമാണ് എല്ലാവര്ക്കും ഭക്ഷണം എന്ന് തീരുമാനിചിട്ടുന്ടെന്കില്‍ വധുവിന്റെ വീട്ടില്‍ വരനും കൂട്ടര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ടാകും ഇല്ലെങ്കില്‍ ഒരു ലൈറ്റ്‌ സ്നാക്സ് മാത്രമേ ഉണ്ടാകൂ. അങ്ങനെ വരനും കൂട്ടരും നേരെ മണിയറയിലേക്ക്‌ കടക്കും. ആഡംബരങ്ങള്‍ എല്ലാം നോക്കി കഴിഞ്ഞാല്‍ ഉടനെ തന്നെ വരനൊഴികെ വരന്റെ കൂട്ടുകാര്‍  അല്ലെങ്കില്‍ ആണുങ്ങള്‍, തങ്ങള്‍ വന്ന വാഹനത്തില്‍  മടങ്ങും. അതോടെ ആണുങ്ങളുടെ കല്യാണം കഴിഞ്ഞു. ഇനിയാണ് പെണ്ണുങ്ങളുടെ കല്യാണം. ആണുങ്ങള്‍ പോയി കഴിഞ്ഞാല്‍  വരനും ഒന്നോ രണ്ടോ പേരും പിന്നെ മണവാട്ടിയെ ഒരുക്കാന്‍ വന്ന സ്ത്രീകളും മണവാട്ടിയുടെ വീട്ടില്‍ തന്നെ കാത്തു നില്‍ക്കും.

ആണുങ്ങള്‍ ചെക്കന്റെ വീട്ടില്‍ തിരിച്ചെത്തിയാല്‍ അതെ വാഹനത്തില്‍ ചെക്കന്റെ വീട്ടിലെ പെണ്ണുങ്ങളൊക്കെ പുതിയെണ്ണിന്റെ പൊര കാണാന്‍ വരും. ഈ സമയം കൊണ്ട് നേരത്തെ വന്ന സ്ത്രീകള്‍  പുതിയെണ്ണിനെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടാകും. ചെക്കന്റെ വീട്ടിലെ പെണ്ണുങ്ങള്‍ എത്തിയ ഉടനെ അവര്‍ക്ക് ചെറിയ ഒരു സ്വീകരണം നല്‍കും. പിന്നെ പുതിയെണ്ണിനെ അറ കാണിക്കുന്ന ചടങ്ങാണ്. അതായത് ഒരുക്കി നിര്‍ത്തിയ പുതിയെണ്ണിനെ മാതാ പിതാക്കളുടെ അനുവാദത്തോടെ ചെക്കന്‍ ഇരിക്കുന്ന മണിയറയിലേക്ക്‌ കയറ്റി വിടും എന്നിട്ട് വാതില്‍ പുറത്തു നിന്നും അടച്ചു പിടിക്കും അല്ലെങ്കില്‍ പുതിയെണ്ണ്  ഇറങ്ങി ഓടും.

മണിയറയില്‍ പുതിയെണ്ണ് കയറി വാതില്‍ അടഞ്ഞാല്‍ പിന്നെ ചെക്കന്‍ തന്റെ കയ്യിലെ സമ്മാനവും മെഹറും അവള്‍ക്കു സമ്മാനിക്കണം. അതോടെ വാതില്‍ തുറക്കപ്പെടും പുതിയെണ്ണ് പുറത്തേക്ക് ഇറങ്ങും. ഉടനെ തന്നെ വീട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ ഒരു ഗ്ലാസ്‌ പാലുമായി മണിയറയിലേക്ക്‌ വരും.  ആ പാലെടുത്ത് പകുതി കുടിച്ചിട്ട്  അതില്‍ ഒരു സ്വര്‍ണ നാണയമോ മോതിരമോ ഇട്ടു നല്‍കണം. അങ്ങനെ ആ വല്യൂമ്മമ്മയും പുറത്തിറങ്ങിയാല്‍ വരന്‍ മണിയറയില്‍ സ്വതന്ത്രനാകും. പുതിയെണ്ണ് പുറത്തിറങ്ങിയാല്‍ പുതിയാപ്ല കൊടുത്ത സമ്മാനങ്ങള്‍ പ്രായമായ സ്ത്രീകള്‍  എല്ലാവര്ക്കും ഉയര്‍ത്തി കാണിച്ചു കൊടുക്കും. പാലിലിട്ട സ്വര്‍ണവും എല്ലാവര്ക്കും കാണിച്ചു കൊടുക്കും. പിന്നെ വന്നവരൊക്കെ തിരിച്ചു പോക്കിനുള്ള തിരക്കായി.

വരന്റെ വീട്ടില്‍ നിന്നും വന്ന സ്ത്രീകളും കുട്ടികളും അവരുടെ ബസിലും ചമയിക്കാന്‍ ആദ്യം വന്നവര്‍ അവരുടെ വണ്ടിയിലും പുതിയാപ്ലയും പുതിയെണ്ണും പുതിയാപ്ലയുടെ ചമയിച്ച കാറിലും തിരിച്ചു പുതിയാപ്ലയുടെ വീട്ടിലേക്കു യാത്രയാകും. ഇതിന്റെ കൂടെ പുതിയെണ്ണിന്റെ വീട്ടിലെ കുറച്ചു സ്ത്രീകള്‍ പുതിയാപ്ലയുടെ വീട് കാണാന്‍ വേറെ ഒരു വാഹനത്തില്‍ ഇവരുടെ കൂടെ പുറപ്പെടും. ഈ സമയം പുതിയെണ്ണിന്റെ വീട്ടിലെ പന്തല് പൊളിക്കലും ബന്ധുക്കളെ യാത്രയയക്കലും ഒക്കെ നടക്കും.

പുതിയാപ്ലയുടെ വീട്ടിലെത്തിയാല്‍ പുതിയെണ്ണിനെയും കൂടെ വന്ന സ്ത്രീകളെയും വീടുകാര്‍ ചെറിയ തോതില്‍ സ്നാക്സ്‌ നല്‍കി സ്വീകരിക്കും. എല്ലാം നോക്കി കണ്ടു പെട്ടെന്ന് തന്നെ വധൂ വരന്മാരുടെ കൂടെ വന്ന സ്ത്രീകളും വാഹനവും തിരിച്ചു പോകും. പുതിയെണ്ണിനെ പുതിയാപ്ലയുടെ കൂടെ ആ വീട്ടില്‍ വിടും കൂട്ടിനായി സ്വന്തത്തില്‍ പെട്ട ഏതെങ്കിലും ഒരു കുട്ടിയെ അവിടെ നിര്‍ത്തും. ആപോഴേക്കും മഗ്രിബ് ബാങ്ക് വിളിചിട്ടുണ്ടാകും. പുതിയാപ്ലയുടെ വീട്ടില്‍ ഒരു ചെറിയ സല്കാരം കഴിയുമ്പോഴേക്കും പുതിയെണ്ണിന്റെ വീട്ടില്‍ നിന്നും രണ്ടു പേര്‍ ഇവരെ ക്ഷണിക്കാനായി പുതിയാപ്ലയുടെ വീട്ടില്‍ എത്തും . അങ്ങനെ പുതിയാപ്ലയും പുതിയെണ്ണും തിരിച്ചു പുതിയെണ്ണിന്റെ വീട്ടിലെ മണിയറയില്‍ എത്തും. അതോടെ ചടങ്ങുകള്‍ക്ക് ഒരു അര്‍ദ്ധ വിരാമം ആകും.

പുതിയെണ്ണിന്റെ വീട്ടിലെത്തിയ പുതിയാപ്ല ഒന്ന് കുളിച്ചു കല്യാണ ട്രെസ്സോക്കെ മാറി സാധാരണ ഡ്രെസ്സും ധരിച്ചു റെഡി ആകുംബഴത്തെക്കും വളരെ അടുത്ത ബന്ധുക്കലെല്ലാം കൂടി ഡിന്നര്‍ കഴിക്കാന്‍  കാത്തിരിക്കുന്നുണ്ടാകും. പരിചയപ്പെടലും ഭക്ഷണം കഴിക്കലും ഒന്നിച്ചു നടക്കും. എല്ലാം കഴിഞ്ഞു മണിയറയില്‍ തിരിച്ചു കയറുന്ന പുതിയാപ്ല  പുതിയെണ്ണിനായി കാത്തിരിക്കും. അവസാനം കയ്യില്‍ ഒരു ഗ്ലാസ്‌ പാലുമായി പുതിയെണ്ണ മണിയറയിലേക്ക്‌ കടന്നു വരുന്നതോടെ മറ്റുള്ളവരുടെ ആ ദിവസം തീരുകയും മണിയറയില്‍ ആ ദിവസം അവസാനിക്കാതെ തുടരുകയും ചെയ്യും.

പിറ്റേന്ന് രാവിലെ എഴുന്നേറ്റു കുളിച്ചു വരുമ്പോഴേക്കും രാവിലത്തെ നാസ്ത (പ്രാതല്‍) റെഡി ആയിട്ടുണ്ടാകും. പുതിയെണ്ണിന്റെ വീട്ടുകാരുടെ മാഹാത്മ്യം വിളിചോതുന്നതായിരിക്കും ഈ നാസ്ത. നാട്ടില്‍ ലഭ്യമായിട്ടുള്ള സകല വിഭവങ്ങളും മേശപ്പുറത്ത് നിരത്തിയിട്ടുണ്ടാകും. അത് കഴിച്ചു കുറച്ചു കഴിഞ്ഞാല്‍ അളിയനെയും കൂട്ടി പോകുക എന്നാ ചടങ്ങാണ്. അതായത് കല്യാണത്തിന്റെ പിറ്റേന്ന് പുതിയെണ്ണിന്റെ വീട്ടിലെ ഒരു കുട്ടിയെ അല്ലെങ്കില്‍ പുതിയെണ്ണിന്റെ ആങ്ങളെയെ പുതിയാപ്ലയുടെ വീട്ടില്‍ കൊണ്ട് പോയി സമ്മാനങ്ങള്‍ കൊടുക്കണം. ആ കുട്ടിയേയും കൂട്ടി സ്വന്തം വീട്ടില്‍ വരുന്ന പുതിയാപ്ലയുടെ വീട്ടുകാര്‍ നല്ല സല്കാരം തന്നെ നടത്തും പിന്നെ ആ കുട്ടിക്കുള്ള ഡ്രസ്സ്‌ ഷൂ മറ്റു സമ്മാനങ്ങള്‍ എന്നിവയുമായി അവനെയും കൂട്ടി ഉച്ച കഴിഞ്ഞു വീണ്ടും ഭാര്യ വീട്ടില്‍ എത്തും. അതോടെ അയാളുടെ വലിയ ചടങ്ങുകള്‍ തീര്‍ന്നു.

കല്യാണ ദിവസം മുതല്‍ നാല്പത്തൊന്നു ദിവസം പുതിയാപ്ല സലക്കാരം എന്നൊരു ചടങ്ങുണ്ട്. ഏറ്റവും നല്ല വിഭാവങ്ങളായിരിക്കും ഈ നാല്പത്തൊന്നു ദിവസവും ഭാര്യ വീട്ടില്‍ പുതിയാപ്ലക്ക് ലഭിക്കുക. മേശ നിറയെ കാണുന്ന വിഭവങ്ങള്‍ തിന്നു തീര്‍ക്കുക എന്നത് മാത്രമായിരിക്കും അയാളുടെ ജോലി.

കല്യാണം കഴിഞ്ഞു ഏഴു ദിവസം ആകുന്നതിനു മുന്‍പേ പുതിയാപ്ലയുടെ വീട്ടുകാരെ സല്കാരത്തിനു ക്ഷണിചിരിക്കണം. പുതിയാപ്ലയുടെ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും ഈ ചടങ്ങില്‍ ഉണ്ടാവുക. പുതിയെണ്ണിന്റെ വീട്ടുകാരുടെ കുടുംബ മാഹാത്മ്യം മനസിലാക്കാനും പരസ്പരം കൂടുതല്‍ പരിചയപ്പെടാനും ഈ വിരുന്നു കൊണ്ട് സാധിക്കും.

കല്യാണം കഴിഞ്ഞ ദിവസം മുതല്‍ പുതിയെണ്ണിനും പുതിയാപ്ലക്കും സല്ക്കാരങ്ങളുടെ തിരക്കായിരിക്കും .. രണ്ടു പേരുടെയും എല്ലാ ബന്ധുക്കളും ഇവരെ വിളിച്ചു വിരുന്നൊരുക്കും. ഇതിനിടയില്‍ ഹണിമൂണ്‍ ടൂര്‍ പോകുന്നവരും ഉണ്ട്. അങ്ങനെ അവരും ദാമ്പത്യ ജീവിതത്തിലേക്ക് പറന്നുയരും....










Saturday, August 10, 2013

ഫോട്ടോഗ്രാഫി : പുതിയ SLR ക്യാമറ വാങ്ങുമ്പോള്‍


ഫോട്ടോഗ്രാഫര്‍ എന്നാ നിലയില്‍ പുതിയ ക്യാമറ വാങ്ങുമ്പോള്‍ എല്ലാരും എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇവിടെ നിങ്ങള്‍ക്കും ഉപകാരപ്പെടും എന്ന് കരുതി ഷെയര്‍ ചെയ്യുകയാണ്. . ഒന്ന് വായിച്ചു നോക്കൂ.. എന്തെങ്കിലും പുതിയത് നിങ്ങള്‍ക്കും കിട്ടിയേക്കാം...  ഞാന്‍ ഫോട്ടോഗ്രാഫി പഠിച്ചു തുടങ്ങിയ കാലം എനിക്ക് കിട്ടിയ ഉപദേശം  പഠിക്കാന്‍ ഒരു ക്യാമറ വാങ്ങുക എന്നിട്ട് പണിയെടുക്കാന്‍ മറ്റൊരു ക്യാമറ വാങ്ങുക എന്നതായിരുന്നു. അങ്ങനെ ഞാന്‍ 1000D എന്നാ മോഡല്‍ വാങ്ങി.. രണ്ടു മാസം കൊണ്ട് ഞാന്‍ ചെയ്തത് മണ്ടത്തരം ആണെന്ന് എനിക്ക് മനസിലായി. 


നിങ്ങള്‍ ഫോട്ടോഗ്രഫി കൊണ്ട് എന്ത് ചെയ്യാന്‍ പോകുന്നു എന്നത് പോലെയാണ് കാര്യങ്ങള്‍. , കാരണം സ്വന്തം വീട്ടുകാരുടെ ഫോട്ടോ എടുക്കാന്‍ മാത്രമാണെങ്കില്‍ വലിയ പ്രൊഫഷനല്‍ ക്യാമറയുടെ ആവശ്യമില്ല, ഒരു സാധാരണ ക്യാമറ വാങ്ങിയാല്‍ മതി. ചില അത്യാവശ്യ സാഹചര്യങ്ങളില്‍ ഒരു പ്രൊഫഷനല്‍ ഫോറ്റൊഗ്രഫരുടെ സഹായം തേടിയാല്‍ മതിയല്ലോ, പക്ഷെ ഞാന്‍ പറയുന്നത്  ഫോട്ടോഗ്രാഫിയില്‍ ഉയര്‍ന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ്. താങ്കള്‍ ഏതാണോ ഉദ്ദേശിക്കുന്നത് അതിനനുസരിച്ചാണ് ക്യാമറ വാങ്ങേണ്ടത്.


1. വ്യക്തിപരമായി ഞാന്‍ CANON തിരഞ്ഞെടുക്കാന്‍ കാരണം ഉപയോഗിക്കാന്‍ എളുപ്പവും കണ്ഫ്യൂഷന്‍സ് കുറഞ്ഞ നിറമാണ രീതിയുമാണ്. അതായത് മറഞ്ഞിരിക്കുന്നചതിക്കുഴികള്‍ ഇല്ല എന്നത് തന്നെ (ഉദാഹരണം ഫോക്കസ് മോട്ടോര്‍) ).


2. CANON ക്യാമറ ബോടിയില്‍ ഒന്നിലും ഫോക്കസ മോട്ടോര്‍ ഉണ്ടാവില്ല, കാരണം CANON ലെന്‍സുകളില്‍ മാത്രമാണ് ഫോക്കസ് മോട്ടോര്‍ വരുന്നത്. പക്ഷെ NIKONല്‍ ബോടിയിലും ലെന്‍സിലും ഫോക്കസ്മാ മോട്ടോര്‍ മാറി മാറി വരുന്നുണ്ട്. ഇത് വളരെയധികം കണ്ഫ്യൂഷന്‍സ് ഉണ്ടാക്കുന്നുണ്ട്. പക്ഷെ ശെരിക്കും നിക്കോണ്‍ ഇഷ്ടപ്പെടുന്നവര്‍ അല്ലെങ്കില്‍ നിക്കോണ്‍ എക്സ്പെര്ടസ് ഇത് കാര്യമാക്കാറില്ല. എങ്കിലും തുടക്കക്കാര്‍ ശ്രദ്ദിച്ചു ക്യാമറ വാങ്ങിയില്ലെങ്കില്‍ പെട്ട് പോകും എന്ന് ഉറപ്പ്. അതായത് NIKONന്‍റെ പ്രത്യേകതകള്‍ നല്ല പോലെ പഠിച്ചു വാങ്ങിയില്ലെങ്കില്‍ ഭാവിയില്‍ ബുദ്ധിമുട്ടും.

3. SLR ക്യാമറകള്‍ മൂന്നായി തിരിക്കാം, തുടക്കക്കര്‍ക്കുള്ളത് (Beginners level) , ഇടത്തരക്കാര്‍ (Intermediate level), പ്രഫഷനലുകല്‍ക്കുല്ലത് (Professional level). നിങ്ങള്‍ നല്ല പോലെ കാശ് ചിലവാക്കാന്‍ പറ്റുന്ന ആളാണെങ്കില്‍ ഏതു ക്യാമറയും വാങ്ങാം, പക്ഷെ ഒരു സാധാരണക്കാരന്‍ ഒരു ക്യാമറ തന്നെ വര്‍ഷങ്ങളോളം ഉപയോഗിക്കണം എന്ന് കരുതുന്നുണ്ടെങ്കില്‍ ഒരല്പം കൂടുതല്‍ കാശ് മുടക്കി ഒരു പ്രൊഫഷനല്‍ ലെവലില്‍ ഉള്ള ക്യാമറ വാങ്ങുക. ഒരിക്കലും ബിഗിനെര്സ് ക്യാമറ വാങ്ങാതിരിക്കുക. അഥവാ ബിഗിനെര്സ് ക്യാമറ വാങ്ങിപ്പോയാല്‍ രണ്ടു മാസം കഴിയുമ്പോള്‍ നിങ്ങള്‍ ആ തീരുമാനത്തില്‍ ഖേദിക്കും.

4. ഞാന്‍ വ്യക്തിപരമായി എല്ലാവരോടും CANON ക്യാമറ ആണ് സജസ്റ്റ് ചെയ്യുക, കാരണം വീഡിയോ ഓപ്ഷന്‍, ലെന്‍സുകള് ലഭ്യത, തേര്‍ഡ് പാര്‍ടി സോഫ്ട്വെയര്‍ സപ്പോര്‍ട്ട്, വിലക്കുറവു മുതലായ ഒരു പാട് പ്രത്യേകതകള്‍ കൊണ്ട് എനിക്ക് ഇപ്പോഴും CANON നന്നായി തോന്നുന്നത്. മറ്റുള്ളവര്‍ക്ക് വേറെ ബ്രാണ്ട് ആയിരിക്കാം താല്പര്യം..

5. CANON മോടലില്‍ പറ്റുമെങ്കില്‍ 5D / 6D (ഫുള്‍ ഫ്രെയിം) വാങ്ങുക, അതിനു പറ്റില്ലെങ്കില്‍ 7D വാങ്ങാന്‍ ശ്രമിക്കുക. ഏറ്റവും ചുരുങ്ങിയത് 60D/70D വാങ്ങുക. ഫോട്ടോഗ്രാഫി സീരിയസായി കാണുന്നുണ്ടെങ്കില്‍ ഒരിക്കലും മൂന്നക്ക മോഡല്‍ അല്ലെങ്കില്‍ നാലക്ക മോടലുകളിലെക്ക് പോകാതിരിക്കുക (600, 700, 1100, etc).

6. നിങ്ങളുടെ ലെന്‍സാണ് ചിത്രങ്ങളുടെ മേന്മ / കൃത്യത തീരുമാനിക്കുന്നത്, അത് കൊണ്ട് തന്നെ ഹൈ സ്പീഡ് ലെന്‍സുകള്‍ വാങ്ങുക. (അപേര്‍ച്ചര്‍ F 1.4, 1.8, 2.8 തുടങ്ങിയവ നല്ല റിസള്‍ട്ട് തരുന്ന ലെന്‍സുകള്‍ ആയിരിക്കും.) ക്യാമറ ബോഡിയും ലെന്‍സും ഒരേ കമ്പനി തന്നെ വാങ്ങുക. ലെന്‍സ്‌ വാങ്ങുമ്പോള്‍ സ്ടബിലൈസര്‍ ഉള്ളത് തന്നെ വാങ്ങുക. ക്യാമറ ബോടികള്‍ മാറി മാറി വന്നേക്കാം പക്ഷെ ലെന്‍സുകള്‍ ഒരു സര്‍വ കാല നിക്ഷേപമാണ് എന്ന്തോര്‍ക്കുക. ലെന്‍സിനു കൂടുതല്‍ കാശ് മുടക്കുന്നതിന് പേടിക്കേണ്ടതില്ല എന്നര്‍ത്ഥം.

7. കുറഞ്ഞ വെളിച്ചത്തില്‍ എത്രത്തോളം നല്ല ചിത്രങ്ങള്‍ ലഭിക്കുന്നു എന്നത് ക്യാമറ ബോഡി സെലക്റ്റു ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതയാണ്.

അവസാനമായി, നിങ്ങള്‍ ഫോട്ടോഗ്രാഫിയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളുടെ ക്യാമറയില്‍ കയരിപ്പോകാനുള്ള പടവുകള്‍ അഥവാ ഓപ്ഷന്‍സു ഉണ്ടെന്നു ഉറപ്പു വരുത്തുക. ക്യാമറയില്‍ ഓപ്ഷന്‍സു കൂടി പോയാല്‍ പ്രശ്നമില്ല പക്ഷേ എന്തെങ്കിലും കുറഞ്ഞു പോയാല്‍ അത് നിങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ഓര്‍ക്കുക. കുറഞ്ഞ കാശ് പലപ്രാവശ്യം മുടക്കുന്നതിനെക്കാളും നല്ലത് ഒറ്റ പ്രാവശ്യം ഒരല്പം കൂടുതല്‍ കാശ് കൊടുത്ത് നല്ല ഒരു ഹൈ ഏന്‍ഡ് ക്യാമറ വാങ്ങുന്നതാണ്. എങ്കിലും എപ്പോഴും ഈ കാര്യം സ്വയം ചോദിക്കുക...."എനിക്ക് ശെരിക്കും ഇത് വേണോ??? "

Tuesday, July 30, 2013

ഗള്‍ഫിലെ തട്ടിപ്പ് വിശേഷങ്ങള്‍....

പത്തു വര്‍ഷത്തിലധികമായി ദുബായിലും ഷാര്‍ജയിലും ഞാന്‍ കണ്ട അല്ലെങ്കില്‍ കേട്ടറിഞ്ഞ ചില തട്ടിപ്പുകള്‍ ഇവിടെ കുറിചിടുകയാണ്. ഇത്തരം ചതികളില്‍ പെടാതിരിക്കാന്‍ ആര്‍ക്കെങ്കിലും ഈ കുറിപ്പ് സഹായകമായേക്കാം.

1) സിറ്റിയിലെ കെട്ടിടങ്ങളുടെ ഇടയിലൂടെ നടന്നു പോകുമ്പോള്‍ ഒരു പാവം മനുഷ്യന്‍ വന്നു നൂറു ദിര്‍ഹമിന് ചില്ലറ തരുമോ എന്ന് ചോദിക്കും. ഏതൊരാളും പറയും ചില്ലറ ഇല്ല എന്ന്. സാറേ പാര്‍കിംഗ് ഇടാനാണ് എങ്കില്‍ ഈ പത്തു ദിര്‍ഹത്തിനു കോയിന്‍സ്‌ എങ്കിലും താ.. അല്ലെങ്കില്‍ അഞ്ചു രൂപ എങ്കിലും തരാന്‍ പറയും. എന്തെങ്കിലും ചില്ലറ ഉണ്ടോ എന്ന് നോക്കാന്‍ നിങ്ങള്‍ പേഴ്സ് എടുക്കും. അവന്‍ അതും തട്ടിപ്പറിച്ചു അവന്‍ അങ്ങ് ഓടും. എത്ര നിലവിളിച്ചാലും കരഞ്ഞാലും ഓടിയാലും അവനെ പിടിക്കാന്‍ പറ്റില്ല. അവര്‍ക്ക് എല്ലാ ഊടു വഴികളും അറിയാം. പോലീസില്‍ പരാതി കൊടുക്കാം എന്നല്ലാതെ നഷ്ടപ്പെട്ടത്‌ തിരിച്ചു കിട്ടുക എന്നത് ഭാഗ്യം പോലെ ഇരിക്കും. (ഇതേ രീതിയില്‍ മിസ്‌ കോള്‍ ചെയ്യാന്‍ മൊബൈല്‍ ആവശ്യപ്പെട്ടു വന്നിട്ട് ആ മൊബൈലുമായി ഓടിക്കളയുന്നവരും, മൊബൈലില്‍ സംസാരിച്ചു കൊണ്ട് പോകുമ്പോള്‍ അത് തട്ടിപ്പറിച്ചു ഓടുന്നവരും ഉണ്ട കേട്ടോ.) ഷാര്‍ജ റോള ബാങ്ക് സ്ട്രീറ്റും, ദുബായ് ഫ്രിജ്‌ മുരാറും പ്രധാന മേഘല.

2) നിങ്ങള്‍ തനിയെ പോവുകയാണെങ്കില്‍ തിരക്കുള്ള വഴിയില്‍ ഒരു മുഴുവന്‍ പര്‍ദ്ദ ധരിച്ച സ്ത്രീ വന്നു വഴി ചോദിക്കും. വളരെ പ്രശസ്തമായ സ്ഥലമായിരിക്കും ചോദിക്കുക. നിങ്ങള്‍ വഴി പറഞ്ഞു കൊടുക്കുമ്പോള്‍ അവര്‍ ചോദിക്കും ഈ സ്ഥലം ഏതാണ് എന്ന്?? ഞാന്‍ ഇവിടെ വന്നു പെട്ടതാണെന്നും എന്റെ സുഹൃത്തിന് ഈ സ്ഥലം ഒന്ന് ഫോണില്‍ പറഞ്ഞു കൊടുക്കാമോ എന്നും ചോദിക്കും. ഫോണ്‍ ചെയ്യാനായി ഒഴിഞ്ഞ സ്ഥലത്തേക്ക് അവര്‍ നിങ്ങളെ കൊണ്ട് പോകും. അവര്‍ നിങ്ങള്ക്ക് ഒരു നമ്പര്‍ ഡയല്‍ ചെയ്തു തരും. നിങ്ങള്‍ എത്ര ഉച്ചത്തില്‍ പറഞ്ഞാലും മറു തലക്കല്‍ മനസിലാകാത്ത രീതിയില്‍ എവിടെ എന്ന് ചോദിച്ചു കൊണ്ടേ ഇരിക്കും. ഈ സമയത്ത് നിങ്ങളുടെ കൂടെ ഉള്ള സ്ത്രീ അറിയാത്ത രീതിയില്‍ നിങ്ങളുടെ 'സ്വകാര്യതയെ' ഒന്ന് സ്പര്‍ശിക്കും. പിന്നെ പെട്ടെന്ന് ഫോണ്‍ തിരിച്ചു വാങ്ങിയിട്ട് ഫോണില്‍ 'ഞാന്‍ ടാക്സി വിളിച്ചു വന്നോളാം' എന്ന് പറഞ്ഞു കട്ട് ചെയ്യും. എന്നിട്ട് നിങ്ങളോട് വളരെ നന്ദിയും പറയും. പോകാന്‍ നേരം ആ സ്ത്രീ നിങ്ങളെ വളരെ ശക്തമായി കെട്ടിപ്പിടിക്കും, ഉമ്മ തരും. നിമ്നോന്നതങ്ങളുടെ സ്പര്‍ശനത്തില്‍ നിങ്ങള്‍ തരിച്ചു പോകും അല്ലെങ്കില്‍ അറബി പെണ്ണല്ലേ എന്ന് കരുതി പേടിച്ചു പോകും. പെട്ടെന്ന് തന്നെ അവര്‍ നിങ്ങളെ വിട്ടു ചിരിച്ചു കൊണ്ട് നന്ദിയും പറഞ്ഞു പോകും. തരിപ്പോക്കെ മാറി നിങ്ങള്‍ നോക്കുമ്പോ പെഴ്സും മൊബൈലും പോക്കറ്റില്‍ ഉള്ള സകലതും പോയിട്ടുണ്ടാകും. ഇനി നിങ്ങള്‍ ഈ സ്ത്രീയെ അന്വേഷിച്ചാലും കാണില്ല. കാരണം സംഭവം കഴിഞ്ഞാല്‍ ആദ്യം അവര്‍ ചെയുന്നത് പര്‍ദ്ദ അഴിച്ചു മാറ്റുക എന്നതാണ്, പിന്നെ അവര്‍ നിങ്ങളുടെ മുന്നില്‍ വന്നു നിന്നാലും തിരിച്ചറിയാന്‍ കഴിയില്ല. (ഇതേ പരിപാടി തന്നെ ലിഫ്റ്റില്‍ ഒന്നിച്ചു പോകുമ്പോള്‍ കെട്ടിപ്പിടിച്ചും ചെയ്യാറുണ്ട്.) ഈ സംഭവം ഒരു മലയാളിയുടെ 28,000 ദിര്‍ഹം കൊണ്ടുപോയതായി കഴിഞ്ഞ മാസം ടീ വീ യില്‍ കാണിച്ചിരുന്നു. എവിടെയും ഇത്തരക്കാര്‍ ഉണ്ട.

3) നിങ്ങള്‍ വഴിയെ നടന്നു പോകുമ്പോള്‍ നിങ്ങളുടെ മുന്നില്‍ നടന്നു പോകുന്ന ആളിന്റെ ബാഗില്‍ നിന്നും നോട്ടു കെട്ടു റോഡില്‍ വീഴും, നിങ്ങള്‍ ഉടനെ അതെടുത്ത് മുന്നില്‍ പോകുന്ന ആളിനെ വിളിക്കും. എല്പ്പിക്കാനായി പിന്നാലെ ഓടും പക്ഷെ ആ സമയം കൊണ്ട് നിങ്ങളുടെ വിളി കേള്‍ക്കാതെ അത് വഴി വന്ന വണ്ടിയില്‍ കയറി അയാള്‍ പോകും. നിങ്ങള്‍ ഈ പണം എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ ഓടി വന്നു പറയും, ഇതെന്റെ പണം ആണെന്ന്. നിങ്ങള്‍ പറയും അല്ല ആ പോയ ആളിന്റെതാണ് എന്ന്. തമ്മില്‍ തര്‍ക്കമാകും. ഒന്നുകില്‍ അയാള്‍ പറയും പോലിസ്‌ സ്റേഷനില്‍ പോകാം എന്ന് അല്ലെങ്കില്‍ അയാള്‍ പറയും നിനക്ക് ഞാന്‍ ഇതിന്റെ പകുതി തരാം എന്ന് . ഇതില്‍ ഏതു സമ്മതിച്ചാലും അയാള്‍ പറയും എന്റെ വണ്ടി ഉണ്ട് അതില്‍ പോകാം അല്ലെങ്കില്‍ അതില്‍ ഇരുന്നു സംസാരിക്കാം. വണ്ടിയില്‍ കയറുന്നതോടെ നിങ്ങളുടെ ഭാഗം തീര്‍ന്നു. പിന്നെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടു ഏതെന്കിലും ആളൊഴിഞ്ഞ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിങ്ങളെ ആരെങ്കിലും കണ്ടെത്തും.. (വഴി അറിയാത്ത ആളിന് വഴി കാണിച്ചു കൊടുക്കാന്‍ അവരുടെ വണ്ടിയില്‍ കയറിയാലും , കുറഞ്ഞ വാടകക്ക് ഓട്ടം വരുന്ന കള്ള ടാക്സിയില്‍ കയറിയാലും, ഈ ചതി പ്രതീക്ഷിക്കുക.) തിരക്കുള്ള ദേരയിലും ഷാര്‍ജ രോളയിലും വളരെ സാധാരണമായി നടക്കുന്നത്.

4)നിങ്ങള്‍ ഷെയറിംഗ് ടാക്സി പ്രതീക്ഷിച്ചു റോഡില്‍ നിക്കുമ്പോള്‍ ഫുള്‍ ആള്‍ക്കാരുമായി എന്നാല്‍ ഒരാളുടെ മാത്രം ഒഴിവുള്ള ഒരു കാര്‍ വരും എവിടെ പോകണം എന്ന് ചോദിക്കും,നിങ്ങള്‍ക്ക് പോകേണ്ട സ്ഥലം പറഞ്ഞാല്‍ അവിടേക്ക് തന്നെയാണ് ഞങ്ങളും എന്ന് പറയും. നിങ്ങള്‍ കയറും. പകുതി എത്തുമ്പോള്‍ ഒരാളുടെ പേഴ്സ് കാണുന്നില്ല എന്ന് പറയും. എല്ലാവരുടെയും പോക്കറ്റ് പരിശോടിക്കാന്‍ ഡ്രൈവര്‍ പറയും. എല്ലാരും പുറത്തിറങ്ങി പേഴ്സ് എടുത്തു കാണിക്കും. പക്ഷെ നിങ്ങളുടെ പോക്കറ്റില്‍ മാത്രം രണ്ടു പേഴ്സ് ഉണ്ടാകും അല്ലെങ്കില്‍ ഇരുന്ന സ്ഥലത്ത് മറ്റേ കാണാതായ പേഴ്സ് ഉണ്ടാകും. നിങ്ങള്‍ കള്ളനാനെന്നും.. പോലീസിനെ വിളിക്കണം എന്നും പറഞ്ഞു വിരട്ടും. പക്ഷെ അതിലൊരാള്‍ തനിക്ക് തിരക്കുന്ടെന്നും 'അവനെ ഇവിടെ വിട്ടേക്കു, നിങ്ങളുടെ പേഴ്സ് കിട്ടിയില്ലേ ഇനി നമുക്ക്‌ പോകാം' എന്ന് പറയും. പേടിച്ചു വിറച്ചു നിക്കുമ്പോ അവര് വണ്ടിയില്‍ കയറി പോകും. ഇതിനിടയില്‍ അവര്‍ നിങ്ങളുടെ പേഴ്സും കൊണ്ട് പോയിട്ടുണ്ടാകും.

5) നിങ്ങള്‍ അമ്പതു രൂപയുടെ പെണ് വിഷയത്തിനു പോകുന്നവന്‍ ആണെങ്കില്‍ , ശ്രദ്ധിക്കുക. സുന്ദരിയായ ഒരു സ്ത്രീ നിങ്ങളെ മുപ്പതു രൂപ മതി എന്നും പറഞ്ഞു അവളുടെ ഫ്ലാറ്റിലേക്ക് കൂട്ടി കൊണ്ട് പോകും. നൂറിന്‍റെ മൊതലിനെ മുപ്പതിന് കിട്ടിയല്ലോ എന്ന് കരുതി നിങ്ങള്‍ കൂടെ ചെല്ലും. ഫ്ലാറ്റ് തുറക്കുമ്പോള്‍ ഹാളില്‍ മങ്ങിയ ഇരുട്ടായിരിക്കും. ആദ്യം തന്നെ അവളുടെ മുപ്പതു ദിര്‍ഹം വാങ്ങും, ചില്ലറ ഇല്ലെങ്കില്‍ ബാക്കി പോകുമ്പോള്‍ തരാം എന്ന് പറഞ്ഞു നിങ്ങളുടെ നൂറിന്റെ നോട്ടു കൈക്കലാക്കും.. ഇവിടെ ആരും ഇല്ലെന്നും വസ്ത്രങ്ങള്‍ ഇവിടെ അഴിച്ചു വെച്ചോളൂ എന്നും അവള്‍ പറയും. നിങ്ങളുടെ മുന്നില്‍ നിന്നും അവള്‍ വസ്ത്രം അഴിച്ചു മാറ്റി അകത്തെ മുറിയിലേക്ക് നിങ്ങളെ ക്ഷണിക്കും. ആക്രാന്തം മൂത്ത നിങ്ങള്‍ എല്ലാം ആ ഹാളില്‍ അഴിച്ചിട്ട് അവളുടെ മുറിയിലേക്ക് കയറും. അകത്ത് കയറി വല്ലതും തുടങ്ങുമ്പോഴേക്കും അവള്‍ക്കു ഒരു ഫോണ്‍ വരും. ഉടനെ അവള്‍ നിങ്ങളെ തള്ളി മാറ്റി പോലീസ്‌ പോലീസ്‌ എന്ന് നിലവിളിക്കും. അവിടെ പോലീസ്‌ റൈഡ് നടക്കുന്നുണ്ടെന്നും പെട്ടെന്ന് പൊയ്ക്കോളൂ അല്ലെങ്കില്‍ പോലീസ്‌ പിടിക്കും എന്നും പറയും. പേടിച്ചു വിറച്ചു കിട്ടിയ തുണിയും ഉടുത്തു നിങ്ങള്‍ ഇറങ്ങി ഓടും. കുറച്ചു ദൂരെ ചെന്ന് ഒന്ന് ദീര്‍ഘ നീശ്വാസം വിടുമ്പോഴാണ് അറിയുക, കയ്യിലുള്ള മൊബൈലും പേഴ്സും, സകലതും നഷ്ടപ്പെട്ടു പോയി എന്നാ കാര്യം. തിരിച്ചു പോകാന്‍ തുടങ്ങിയാല്‍ ഒന്നുകില്‍ നിങ്ങള്ക്ക് ഫ്ലാറ്റു ഏതാണെന്ന് ഓര്‍മയുണ്ടാവില്ല, അഥവാ നിങ്ങള്‍ അവിടെ എത്തിയാലും നേരത്തെ കണ്ട സ്ത്രീ അവിടെ ഉണ്ടാവില്ല, അഥവാ ഉണ്ടായാലും നിങ്ങള്‍ പറയുന്നത് അവര്‍ അന്ഗീകരിക്കില്ല. ഇത് പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന ഫ്ലാറ്റ്‌ ആണെന്നും ഇവിടെ ബഹളം ഉണ്ടാക്കിയാല്‍ പോലീസിനെ വിളിക്കും എന്നും പറയും. അതോടെ തീര്‍ന്നു. നിരാശയോടെ വീട്ടിലേക്ക്‌ പോകാന്‍ മാത്രമേ പറ്റുകയുള്ളൂ, കാരണം പോലീസിനെ ആ സ്ത്രീകള്‍ വിളിച്ചാല്‍ നിങ്ങള്‍ എന്ത് കാരണത്തിന് ആണ് നേരത്തെ അവിടെ പോയത് എന്ന് പോലീസിനോട്‌ പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ നിങ്ങളും പ്രശ്നത്തിലായി.
(ഇതിലെ ചതി നടക്കുന്നത് നിങ്ങള്‍ ആദ്യം ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ അവിടെ ഇരുട്ടില്‍ മറഞ്ഞു അല്ലെങ്കില്‍ ബാത്ത് റൂമില്‍ മറ്റൊരു സ്ത്രീ ഉണ്ടാകും. നിങ്ങള്‍ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് മുറിയിലേക്ക് കയറിയാല്‍, നിങ്ങളുടെ മൊബൈലും സകലതും എടുത്തതിനു ശേഷം അകത്ത് നിങ്ങളോടൊപ്പം ഉള്ള സ്ത്രീക്ക് മൊബൈലില്‍ റിംഗ് കൊടുക്കും അപ്പോള്‍ അവള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പോലെ പോലീസ്‌ റൈഡ് എന്ന് നില വിളിക്കും.. നിങ്ങള്‍ ഇറങ്ങി ഓടും...)

6)നിങ്ങള്‍ നടന്നു പോകുമ്പോള്‍ നിങ്ങള്‍ക്ക് വയര് കൂടുതലാണെന്നും , അല്ലെങ്കില്‍ കണ്ണിനു ചുറ്റും കറുപ്പ് നിറം കൂടുതല്‍ ആണെന്നും, അല്ലെങ്കില്‍ സെക്സില്‍ താങ്കള്‍ പരാചിതനാനെന്നു തോന്നുന്നു എന്നും പറഞ്ഞു കൊണ്ട് ഒരാള്‍ നിങ്ങളെ സമീപിക്കും. ഇതില്‍ നിങ്ങള്‍ 'അതെ' എന്ന് മറുപടി പറഞ്ഞാല്‍ അഫ്ഘാനിസ്ഥാനില്‍ നിന്നും മുല്ല അല്ലെങ്കില്‍ ചാച്ച ഇവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്, അദ്ദേഹത്തിന്റെ ആയുര്‍വേദ മരുന്ന് ഇതിനെല്ലാം വളരെ ഫലപ്രധമാണെന്നും പറയും. ചാച്ച മരുന്നൊന്നും തരില്ലേന്നും മരുന്ന് കുറിച്ച് തന്നാല്‍ അത് ആയുര്‍വേദ കടയില്‍ നിന്ന് വാങ്ങി കഴിച്ചാല്‍ മതി എന്നും പറയും. പ്രത്യേകിച്ച് ഫീസൊന്നും കൊടുക്കണ്ട മറ്റന്നാള്‍ തിരിച്ചു പോകുന്നതിനു മുന്‍പേ കാണണം അത് കൊണ്ട് ഇപ്പൊ തന്നെ പൊയ്ക്കോ എന്ന് പറയും. പറഞ്ഞ സ്ഥലത്ത് പോയാല്‍ വലിയ വെള്ള താടി വെച്ച ഒരു വയസനെ കാണാം. കാര്യം പറഞ്ഞാല്‍ അദ്ദേഹം പറയും ശെരിയാക്കാം, കുറച്ചു മരുന്നുകള്‍ വാങ്ങണം.. അതൊക്കെ തമ്മില്‍ ചേര്‍ത്തിട്ടാണ് നിങ്ങളുടെ രോഗത്തിനുള്ള മരുന്നുണ്ടാക്കെണ്ടാത്. അത് കൊണ്ട ആദ്യം പോയി ഈ മരുന്ന് വാങ്ങിയിട്ട് വാ എന്ന് പറയും. ഇയാള തന്ന ലിസ്റ്റുമായി സകല ഹെര്‍ബല്‍ കടയില്‍ പോയാലും ഈ മരുന്നില്ല എന്ന് പറയും. അവസാനം കിട്ടാതെ നമ്മള്‍ തിരിച്ചു ചെല്ലും അപ്പോള്‍ ചാച്ച അഫ്ഗാനികളെ വിളിച്ചിട്ട് ഈ മരുന്ന് എവിടെ കിട്ടും എന്ന് ചോദിക്കും. എന്നിട്ട നമുക്ക്‌ ഒരു അഡ്രസ്സും തരും. ആ അഡ്രസില്‍ പോയാല്‍ ഒരാളിന്റെ കയ്യില്‍ നിന്നും സാധനം കിട്ടും. പക്ഷെ അവര് പറയും ഇത് എവിടെയും കിട്ടാത്ത മരുന്നാണ് അത് കൊണ്ട് വില കൂടും. നാന്നൂറു ദിര്‍ഹം കൊടുത്ത് ഈ മരുന്നും വാങ്ങി ചാച്ചയെ കാണണം. അപ്പോള്‍ വേറെ ഒരു ലിസ്റ്റ് തരും. ആ ചെറിയ മരുന്നുകളും കൂടി വാങ്ങണം. അത് അമ്പതു ദിര്‍ഹത്തിന് ഏതു ഹെര്‍ബല്‍ കടയിലും കിട്ടും. ഇതൊക്കെ കൊടുത്താല്‍ ചാച്ച എല്ലാം കൂടി മിക്സ് ചെയ്തു തരും. ഇനി ഒരു മാസം കഴിച്ചിട്ട് വിവരം പറയണം എന്ന് പറയും. നാളെ മുതല്‍ വയര് കുറയുന്നതും സ്വപ്നം കണ്ടു നമ്മള്‍ കഴിച്ചു തുടങ്ങും ആദ്യ ദിവസം തന്നെ വയറ്റിളക്കം വന്നു ജോലിക്ക് പോകാന്‍ പറ്റാതെ കുടുങ്ങും, രണ്ടാം ദിവസം മുതല്‍ കഴിക്കില്ല. ഇനി തിരിച്ചു പഴയ സ്ഥലത്ത് പോയാല്‍ ചാച്ച ഉണ്ടാവില്ല ഈച്ചയും ഉണ്ടാവില്ല. മരുന്ന് വാങ്ങിയ സ്ഥലത്തും ആളുണ്ടാവില്ല. നമ്മുടെ ചാച്ചയും മരുന്ന് തന്ന ചെങ്ങാതിയും ഈ തട്ടിപ്പിന്റെ രണ്ടു പ്രധാന കണ്ണികള്‍ മാത്രം. ഈ അമളി പറ്റിയ ആരും തന്നെ ഈ കാര്യം പുറത്തു പറയാറില്ല.

7) നിങ്ങള്‍ ജോലി ഇല്ലാതെ നടക്കുന്ന ആളാണോ?? ഒരു ജോലിക്ക് പത്രങ്ങളില്‍ തപ്പി നോക്കിയാല്‍ ഒരു കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പല ജോലികളിലും ഒഴിവു കാണാം. സീ വീ ഈ മെയില്‍ ചെയ്‌താല്‍ ഉടനെ വിളി വരും. ഇന്റര്‍വ്യൂ നാളെ. നല്ല പോര്‍ഷ് ഏരിയയില്‍ ആയിരിക്കും അവരുടെ ഓഫീസ്‌. അവിടെ എത്തിയാല്‍ ഉടനെ തന്നെ നമ്മളെ ഒരു സുന്ദരി വന്നു ഇന്റര്‍വ്യൂ ചെയ്യും. അപ്പോള്‍ അവള്‍ പറയും ഞങ്ങളുടെ ക്ലയന്റിന് വേണ്ടിയാണ് ഇന്റര്‍വ്യൂ ചെയ്യുന്നത് ഇവിടെ പാസ്സായാല്‍ നിങ്ങള്ക്ക് അടുത്ത പടിയായി ക്ലയന്റ് ഇന്റര്‍വ്യൂ ഉണ്ടാകും. ഈ പ്രോസീജരുകള്‍ തീര്‍ക്കാനായി 250 ദിര്‍ഹം അടച്ചു റിസപ്ഷനില്‍ പേര് രേജിസ്ടര്‍ ചെയ്യണം. കാശും കൊടുത്ത് വീട്ടില്‍ പോയി കാത്തിരിക്കും. പിന്നെ ഒരിക്കലും വിളി വരില്ല. വീണ്ടും ആ ഓഫീസില്‍ പോയി ഒച്ചപ്പാട് ഉണ്ടാക്കിയാല്‍ അവര്‍ പറയും മൂന്ന് ദിവസം കൊണ്ട് ശേരിയാകും എന്ന്. വീട്ടില്‍ എത്തുന്നതിനു മുന്‍പ്‌ ഇന്റര്‍വ്യൂ കോള്‍ വരും. റാസല്‍ ഖൈമയില്‍ നാളെ രാവിലെ എത്തണം ഒരു മൊബൈല്‍ നമ്പരും തരും. രാവിലെ അവിടെ എത്തി പറഞ്ഞ നമ്പരില്‍ വിളിച്ചാല്‍ പറയും ഞാന്‍ ഇപ്പോള്‍ ഓഫീസില്‍ ഇല്ല പുറത്താണ് .. മാറ്റി വെക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. കഷ്ടപ്പെട്ട് ദുബായില്‍ നിന്നും വരുന്നെന്നു പറഞ്ഞാല്‍ പറയും ഒരു കാര്യം ചെയ്യൂ ഈ കോഫീ ഷോപ്പില്‍ വരൂ . അവിടെ നിങ്ങളെ മീറ്റ്‌ ചെയ്യാം. അവിടെ ഇരുന്നു ഒരാള്‍ ഇന്ടവ്യൂ നടത്തും. വിളിക്കാം എന്ന് പറഞ്ഞു പിരിയും. വീട്ടില്‍ എത്തുന്നതിനു മുന്‍പേ അടുത്ത കോള്‍ വരും. നാളെ രാവിലെ അബൂ ദാബിയില്‍ എത്തണം. പിറ്റേന്ന് ഫുജൈറ, അത് കഴിഞ്ഞാല്‍ അല്‍ ഐന്‍. അങ്ങനെ ഓടി ഓടി മടുക്കുമ്പോള്‍ നിങ്ങള്‍ പറയും എനിക്ക് വരാന്‍ പറ്റില്ല എന്ന്. അതോടെ നിങ്ങളുടെ കാര്യം തീര്‍ന്നു. കൊടുത്ത കാശും പോയിക്കിട്ടി.

8) വെറുതെ ഇരിക്കുന്ന നിങ്ങളുടെ ഫോണിലേക്ക് എത്തിസലാത്തില്‍ നിന്നാണെന്നും പറഞ്ഞു ഒരു കോള്‍ വരും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഒരു നറുക്കെടുപ്പിലൂടെ ഒരു മില്യണ്‍ ദിര്‍ഹം നേടിയിട്ടുണ്ടെന്നും ഇത് സ്വീകരിക്കാനായി ഉടനെ തിരിച്ചു വിളിക്കണമെന്നും പറയും. തിരിച്ചു വിളിച്ചാല്‍ നമ്മുടെ പാസ്പോര്‍ട്ട് കോപ്പിയും ബാങ്ക് അക്കൌന്റ്റ് നമ്പറും ഉടനെ വേണമെന്നും പറയും. അത് ഒരു ഇ മെയില്‍ അദ്രസിലേക്ക് അയക്കാന്‍ പറയും. അടുത്ത പടിയായി ഈ ഒരു മില്യണ്‍ നിങ്ങളുടെ അക്കൌണ്ടിലേക്ക് മാറ്റാനുള്ള പ്രോസസ്സിംഗ് ഫീ ആയ അഞ്ഞൂറ് ദിര്‍ഹം അയച്ചു കൊടുക്കാന്‍ പറയും. എങ്ങനെ അയക്കുമെന്ന് ചോദിച്ചാല്‍ നൂറു രൂപയുടെ എത്തിസലാത്ത് റീചാര്‍ജ്‌ കാര്‍ഡ്‌ സ്ക്രാച് ചെയ്തു നമ്പര്‍ അയച്ചു കൊടുക്കാന്‍ പറയും അല്ലെങ്കില്‍ വിളിക്കുന്ന മൊബൈലിലേക്ക് അഞ്ഞൂറ് ദിര്‍ഹം റീചാര്‍ജ് ചെയ്യാന്‍ പറയും. ഇത്രയും ആകുമ്പോഴേക്കും ഒരു വിധം ആള്‍ക്കാര്‍ക്ക് തട്ടിപ്പ് മനസിലാകും , എന്നാലും ഇപ്പോഴും ഒരു പാട് പേര്‍ ഈ ചതി അറിയാതെ അവരുടെ മൊബൈലിലേക്ക് പണം അയച്ചു കൊടുക്കുന്നുണ്ട്. ഓരോരോ നിയമ പ്രശനങ്ങള്‍ പറഞ്ഞു അവര്‍ കാശ് ചോദിച്ചു കൊണ്ടേ ഇരിക്കും. അവസാനം ഒരു മില്യണ്‍ അവര്‍ക്ക് കൊടുത്താല്‍ പോലും ഒരു രൂപ തിരിച്ചു കിട്ടില്ല. അവര്‍ക്ക് വേണ്ട കാശ് കിട്ടി കഴിഞ്ഞാല്‍ പിന്നെ ആ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമായിരിക്കും. എത്ര വിളിച്ചാലും പ്രവര്‍ത്തന രഹിതമാണെന്ന് പറയും.

9) നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക. റോഡിലൂടെ നിങ്ങള്‍ വണ്ടി ഓടിച്ചു പോകുമ്പോള്‍ മറ്റൊരു കാര്‍ പിന്നില്‍ വന്നു ചെറുതായി ഒന്ന് തട്ടും. നിങ്ങളും അവരും വണ്ടി നിര്‍ത്തും , ടെന്‍ഷന്‍ കൊണ്ട് നിങ്ങള്‍ ഇറങ്ങി പോയി വണ്ടിയുടെ പിന്നില്‍ എന്തെങ്കിലും പറ്റിയോ എന്ന് നോക്കും. ചെറുതായി ഒന്ന് തട്ടിയാതെ ഉള്ളൂ. ഒന്നും സംബവിച്ചില്ല . ഭാഗ്യം. മാത്രവുമല്ല പിറകില്‍ തട്ടിയ വണ്ടിയിലെ ഡ്രൈവര്‍ ഒന്നുകില്‍ സ്ത്രീ ആയിരിക്കും അല്ലെങ്കില്‍ പ്രായം ഉള്ള ആള്‍ ആയിരിക്കും. അവര്‍ വളരെ ടെന്‍ഷന്‍ അടിച്ചു നിങ്ങളോട് മാപ്പ് പറയും. എല്ലാ കുറ്റങ്ങളും ഏറ്റു പറയും. ട്രാഫിക്‌ ജാം ആകുന്നു. നിങ്ങള്ക്ക് കുഴപ്പമില്ലെന്കില്‍ നമുക്ക്‌ പോകാം. അല്ലെങ്കില്‍ പോലീസിനെ വിളിക്കാം എന്ന് പറയും. മറ്റു വണ്ടിക്കാരുടെ ഹോണ്‍ അടിയും ട്രാഫിക്‌ ജാമും ഒക്കെ കൂടി ആകുമ്പോള്‍ "കുഴപ്പമില്ല പോലീസിനെ വിളിക്കണ്ട" എന്ന് പറഞ്ഞു നിങ്ങള്‍ വന്നു വണ്ടിയില്‍ കയറും. അഥവാ ഇനി വണ്ടിക്കു ഡാമേജ് ഉണ്ടെങ്കില്‍ തന്നെ പോലീസിനെ വിളിക്കാന്‍ വണ്ടി സൈഡിലെ പാര്‍ക്കിങ്ങിലേക്ക് നീക്കും. അപ്പോഴാണ്‌ നിങ്ങളുടെ വണ്ടിയില്‍ ഉണ്ടായിരുന്ന ലാപ്‌ ടോപ്പും മൊബൈലും പേഴ്സും, സകല സാധനങ്ങളും നഷ്ടപ്പെട്ടതായി കാണുക. ഇടിച്ച ആള്‍ ഇതൊന്നും എടുത്തിട്ടില്ല എന്ന് നിങ്ങള്‍ക്കറിയാം കാരണം അവര്‍ മുന്നോട്ടു വന്നിട്ടില്ല. അത് കൊണ്ട് അവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാനും പറ്റില്ല. പിന്നെ ഇതെവിടെ നിന്നും നഷ്ടപ്പെട്ടു എന്നതായിരിക്കും നിങ്ങളുടെ ചിന്ത.
ഇത് വളരെ പ്ലാന്‍ ചെയ്തു നടത്തുന്ന തട്ടിപ്പാണ്. ഇത്തരം പരിപാടി ചെയ്യാന്‍ വരുന്നവര്‍ രണ്ടു വണ്ടിയിലാണ് വരിക. നിങ്ങളുടെ ലാപ്ടോപും മൊബൈലും ഒക്കെ വണ്ടിയില്‍ കണ്ടാല്‍ അവരുടെ ഒരു വണ്ടി നിങ്ങളുടെ വലതു വശത്തും മറ്റൊരു വണ്ടി പിറകിലും വരും. പിറകിലെ വണ്ടി ഇടിക്കും. നിങ്ങള്‍ ഇറങ്ങുന്ന നേരം കൊണ്ട് വലതു വശത്തെ വണ്ടിയില്‍ ഉള്ള ആള്‍ക്കാര്‍ അപകടം കാണാന്‍ ഇറങ്ങുന്നത് പോലെ ഇറങ്ങി വന്നു നിങ്ങളുടെ വണ്ടിയില്‍ ഉള്ളതെല്ലാം എടുത്തു അവരുടെ വണ്ടിയില്‍ കയറി പോകും. ഇതിനൊക്കെ നിമിഷങ്ങള്‍ മാത്രമേ വേണ്ടതുള്ളൂ. ട്രാഫിക്‌ ജാം ആയാല്‍ എല്ലാവരും എങ്ങനെയെങ്കിലും അവിടെ നിന്നും വണ്ടി നീക്കി കൊണ്ട് പോകാനേ ശ്രദ്ടിക്കുകയുള്ളൂ. ഇത്തരം മോഷണങ്ങള്‍ ആരും കാണാറില്ല.

10) നിങ്ങള്‍ എന്തെങ്കിലും കാര്യത്തിനു വേഗത്തില്‍ നടന്നു പോവുകയാണ്. പെട്ടെന്ന് എതിരെ വന്ന ഒരാളുമായി കൂടി ഇടിച്ചു. രണ്ടു പേരും ശ്രദ്ധിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ വീഴാന്‍ പോയ നിങ്ങളെ അയാള്‍ താങ്ങി നിര്‍ത്തി. രണ്ടു പേരും സോറി പറഞ്ഞു. പിരിഞ്ഞു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ പേഴ്സ് അല്ലെങ്കില്‍ മൊബൈല്‍ കാണുന്നില്ല. നിങ്ങള്‍ വന്ന വഴി മുഴുവന്‍ അരിച്ചു പെരുക്കിയാലും കിട്ടില്ല. കാരണം നിങ്ങളെ ഇടിച്ച ആള്‍ ഒരു പോക്കറ്റടിക്കാരന്‍ ആയിരുന്നു.

11) നിങ്ങള്‍ തനിച്ചാണ് താമസിക്കുന്നതെന്കില്‍ ശ്രദ്ധിക്കുക, ആളൊഴിഞ്ഞ നേരത്ത് ഡോര്‍ ബെല്‍ അടിച്ചു ഒരാള്‍ വാതിലില്‍ മുട്ടും, കാര്യം അറിയാനായി വാതില്‍ തുറന്നാല്‍, ഒന്നുകില്‍ ഗ്യാസ്‌ മീറ്റര്‍ റീഡിംഗ് എടുക്കണം എന്ന് പറയും, അല്ലെങ്കില്‍ വൈദ്യുതി വയറിംഗ് ചെക്ക്‌ ചെയ്യാന്‍ വന്നതാണെന്ന് പറയും. അല്ലെങ്കില്‍ നമ്മുടെ കുളിമുറിയിലെ വെള്ളം താഴത്തെ നിലയിലേക്ക് ചോരുന്നു അത് നോക്കാന്‍ വന്നതാണെന്ന് പറയും. എന്ത് കാരണം പറഞ്ഞായാലും അകത്തോട്ടു കയറാന്‍ അയാള്‍ ശ്രമിക്കും. ചുറ്റുവട്ടത്ത് ആരും ഇല്ലെങ്കില്‍ അയാള്‍ നിങ്ങളെ തള്ളി മാറ്റി അകത്ത് കടക്കും. അയാള്‍ അകത്ത് കയറിയാല്‍ പിന്നെ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അയാള്‍ തന്നെ ചെയ്തോളും. എതിര്‍ക്കാന്‍ നിന്നാല്‍ അയാള്‍ നിങ്ങളെ അപായപ്പെടുത്തിയെക്കും. വാതില്‍ പൂട്ടുന്നതും നിങ്ങളെ കെട്ടിയിടുന്നതും , വായില്‍ മാസ്കിംഗ് ടേപ്പ് ഒട്ടിക്കുന്നതും, വിലപിടിപ്പുള്ള എല്ലാം ബാഗില്‍ നിറയ്ക്കുന്നതും, താക്കോലും സാധങ്ങളും എടുത്തു പുറത്തിറങ്ങി, വീട് പുറത്തു നിന്നും പൂട്ടുന്നതും എല്ലാം അയാള്‍ ചെയ്തു കൊള്ളും. പിന്നെ നിങ്ങള്ക്ക് ആയുസിന് നീളം ഉണ്ടെങ്കില്‍ ആരെങ്കിലും വന്നു നിങ്ങളെ രക്ഷിചോളും. അല്ലെങ്കില്‍ തലവിധി. ഇത് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ. പ്രത്യേകിച്ച് ഫാമിലി ഫ്ലാറ്റുകളില്‍ സ്ത്രീകള്‍ തനിച്ചാകുന്ന സമയങ്ങളില്‍ ശ്രദ്ധിക്കുക. കതകിനു മുഴുവന്‍ തുറക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള സേഫ്റ്റി ചെയിന്‍ ഘടിപ്പിക്കുക.

ഇങ്ങനെ ഒരു പാട് സംഭവങ്ങള്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും .... ഇനിയും ഒരു പാട്... എല്ലാവര്ക്കും ഒന്നും നഷ്ടപെടാത്ത ദിനങ്ങള്‍ നേരുന്നു. ശ്രദ്ധിക്കുക. സൂക്ഷിക്കുക. കള്ളന്മാര്‍ ചുറ്റുവട്ടത്ത് തന്നെ ഉണ്ട്...

RECENT UPDATE:

എന്റെ കമ്പനിയിലെ സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍ ഇന്നലെ (13.08.2014) രാവിലെ ഓഫീസിലേക്ക് വരികയായിരുന്നു. എട്ടു മണിക്ക് ക്രൌണ്‍ പ്ലാസയുടെ പുറകു വശത്തു പാര്‍ക്കിംഗ് ചെയ്യാന്‍ സ്ഥലം നോക്കി പതുക്കെ പോവുകയായിരുന്നു. പെട്ടെന്ന് ഒരാള്‍ ഓടി വന്നു വണ്ടിയുടെ പിന്‍ ഭാഗത്ത് ശക്തിയായി അടിച്ചു. ഉടനെ അയാള്‍ നിലത്ത് കിടന്നു നിലവിളിയും തുടങ്ങി.
പേടിച്ചു പോയ എന്‍ജിനീയര്‍ പെട്ടെന്ന് അയാളെ എഴുന്നേല്‍പ്പിച്ചു.ധരിച്ചിരിക്കുന്ന വേഷം പ്രകാരം ഈ നാട്ടുകാരനായ ആ വ്യക്തി പോലീസിനെ വിളിക്കണമെന്നും ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞു. എന്‍ജിനീയര്‍ പോലീസിനെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ അയാള്‍ തടഞ്ഞു. വണ്ടിയില്‍ ഇരുത്താന്‍ ആവശ്യപ്പെട്ടു. വണ്ടിയില്‍ കയറിയപ്പോ തന്നെ ആശു പത്രിയില്‍ കൊണ്ട് പോയാല്‍ മതി എന്നായി.
ആശുപത്രിയില്‍ പോകാന്‍ വണ്ടി എടുത്തു ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ ആ മനുഷ്യന്‍ എന്ജിനീയരെ വിരട്ടിത്തുടങ്ങി.
"ആശുപത്രിയില്‍ പോയാല്‍ കേസാകും. നിന്റെ വണ്ടി പോകും.കേസായാല്‍ നീ ജയിലില്‍ ആകും .. നിന്റെ ജോലി പോകും ..അത് കൊണ്ട് ഇത് ഒത്തു തീര്‍പ്പക്കാം..."
പതിനയ്യായിരം ദിര്‍ഹം തന്നാല്‍ കേസില്ലാതെ ഒതുക്കാം.. ഇല്ലെങ്കില്‍ നിന്റെ ജോലി.. കുടുംബം എല്ലാം പ്രശ്നത്തിലാകും... പേടിച്ചു വിറച് എന്‍ജിനീയര്‍ കയ്യെ കാലേ പിടിച്ചു പറഞ്ഞിട്ടും അയാള്‍ കൂട്ടാക്കിയില്ല. അവസാനം ചര്‍ച്ചയിലൂടെ അയ്യായിരം ദിര്‍ഹാത്തിനു സമ്മതിച്ചു.
അടുത്തുള്ള ATM മെഷീനില്‍ നിന്നും അയ്യായിരം ദിര്‍ഹം ഇന്ത്യക്കാരനായ ആ പാവം എന്‍ജിനീയര്‍ ഉടനെ എടുത്തു നല്‍കി. കാശ് കിട്ടിയതിനു ശേഷം ആ സ്വദേശി വേഷധാരി എങ്ങോട്ട് പോയി എന്നറിയില്ല.
---------------------------------------------------------
കാശ് കൊടുത്തയാള്‍ വിഡ്ഢി എന്നൊക്കെ നിങ്ങള്ക്ക് തോന്നിയേക്കാം. അയാള്‍ക്ക്‌ ആരെയെങ്കിലും സഹായത്തിനു വിളിക്കാമായിരുന്നു. ഓഫീസില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. പേടിച്ചു പോയ അയാള്‍ക്ക്‌ ഒന്നിനും സാധിച്ചില്ല. പക്ഷെ ഒരു സാധാരണ വ്യക്തിയെ ഇത്ര കൃത്യമായി കുടുക്കാന്‍ പ്ലാന്‍ തയ്യാറാക്കി നടക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ ചുറ്റും ഉണ്ടെന്നത് ഓര്‍ക്കുക. വളരെ ശ്രദ്ധിച്ചു ജീവിക്കുക.

നന്ദിയോടെ റഷീദ്‌ തായലാര്‍


Sunday, July 14, 2013

ദുബായിലെ നോമ്പ് വിശേഷങ്ങള്‍.....

ഞാനും സുദീറും നോമ്പിനെ കുറിച്ച് സംസാരിച്ചു കൊണ്ട് നടക്കുകയായിരുന്നു. അമ്പതു ഡിഗ്രീ ചൂടില്‍ എങ്ങനെ മുസ്ലിങ്ങള്‍ നോംബെടുക്കുന്നു എന്നത് സുദീറിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചോദ്യം തന്നെ ആയിരുന്നു. വര്‍ഷങ്ങള്‍ കുറെ ആയെങ്കിലും നോമ്പ് കാലത്ത് ഇത് വരെ പട്ടിണി കിടക്കാന്‍ സുദീര്‍ ശ്രമിച്ചിട്ടില്ല. നോമ്പ് മുസ്ലിങ്ങല്‍ക്കല്ലേ പിന്നെന്തിനു ഞാന്‍ നോമ്പ് എടുക്കണം എന്നാ ഒരു തോന്നല്‍. നോമ്പ് കാലത്ത് ജോലി നേരത്തെ തീരുന്നതിനാല്‍ റൂമില്‍ എത്തിയ ഉടനെ 'രണ്ടെണ്ണം' വിട്ടു കേറി കിടക്കും. വൈകിട്ട് ജിമ്മില്‍ പോയി തിന്നതൊക്കെ ദഹിപ്പിച്ചു കളയും. അങ്ങനെ പോകുന്നു അവന്റെ ജീവിതം.

ദൈവ ഭക്തിയെ കുറിച്ചും, സ്വര്‍ഗത്തെ കുറിച്ചും പറഞ്ഞു അവനോടും ഒരു ദിവസം നോമ്ബെടുത്തു നോക്കാന്‍ പറഞ്ഞു. അവനെ ശെരിക്കും കാര്യങ്ങള്‍ മനസിലാക്കാനും നോമ്പിനെ കുറിച്ച് ഒരു ഇംപ്രഷന്‍ ഉണ്ടാക്കി എടുക്കാന്‍, ശെരിക്കുള്ള ഒരു ഇസ്ലാമികമായ നോമ്പിനെ കുറിച്ച് വിശദമായി പറഞ്ഞു തീരുമ്പോഴാണ് ഞങ്ങളുടെ പഴയ കാല സുഹൃത്ത് അഷ്‌റഫ്‌ നടന്നു വന്നു മുന്നില്‍ ചാടിയത്.

ഞങ്ങള്‍ അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരേ കമ്പനിയില്‍ ജോലി ചെയ്തതാണ്. റാഷിദിയയില്‍ ആയിരുന്നു കമ്പനി. അവിടെ തന്നെ താമസവും. പിന്നെ ഞാനും സുദീറും ആ കമ്പനി വിട്ടു, വേറെ രണ്ടു കമ്പനികളില്‍ നല്ല ജോലിയിലേക്ക് മാറി. പക്ഷെ അഷറഫ് ആ കമ്പനിയില്‍ തന്നെ തുടര്‍ന്ന്. ഇപ്പൊ അഞ്ചു വര്ഷം കഴിയുമ്പോള്‍ അവന്‍ ആ കമ്പനിയില്‍ അതെ പൊസിഷനില്‍ തന്നെ തുടരുന്നു. ചെറിയ ഒരു ശമ്പള വര്‍ദ്ധന്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വേറെ ഒന്നും മാറിയിട്ടില്ല. അന്ന് ആ ജോലി വിട്ടു വേറെ നല്ല ജോലി അന്വേഷിക്കാന്‍ കാണിച്ച ധൈര്യത്തോടു എനിക്ക് ബഹുമാനം തോന്നിപ്പോയി. വളരെ നല്ല തീരുമാനമായിരുന്നു. സുദീരിനാനെങ്കില്‍ പണ്ടേ അഷറഫിനോടു ദേഷ്യമാണ്, കാരണം അവന്‍ കത്തിയാന്നേന്നാണ് സുദീറിന്റെ വാദം.

സാധാരണ വിശേഷങ്ങള്‍ ഒക്കെ തീര്‍ന്നപ്പോള്‍ പിന്നെ നോമ്പ് വിശേഷങ്ങള്‍ ആയി..

"എല്ലടോ നോമ്പോക്കെ എങ്ങനെ??? റൂമില്‍ മെസ്സോക്കെ ഉണ്ടോ??? ..." എന്റെ ചോദ്യം...

"ഏയ്‌, നോമ്ബായത് കൊണ്ട് ഞാന്‍ മെസ്സില്‍ നിന്നൊക്കെ ഒഴിവായി, ഈ ചൂടും , ജോലിയും ടെന്‍ഷനും ഒക്കെ കഴിഞ്ഞു കിച്ചണില്‍ കേറാന്‍ പറ്റുന്നില്ല, ഭയങ്കര ക്ഷീണം...." അവന്‍ പ്രതികരിച്ചു.

"അപ്പൊ ഭക്ഷണമൊക്കെ എങ്ങനെ?? ഹോട്ടലീന്നാ???...."

"ഏയ്‌ അല്ല വൈകുന്നേരം പള്ളീല്‍ പോകും..." കൂളായി അവന്‍ പറഞ്ഞു.

"ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു പോയിട്ട് നേരെ പള്ളീ പോകുമോ ...." സുദീറിന്റെ സംശയം.

"അല്ലേടാ... ഇപ്പൊ രണ്ടു മണിക്ക് എന്റെ ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ നേരെ റൂമില്‍ പോകും. പിന്നെ കിടന്നങ്ങ് ഉറങ്ങും. ആറരക്കു എണീച്ചു നേരെ പള്ളീലേക്ക് പോകും.. അവിടെ ടെന്റ് ഉണ്ട്." അഷറഫ് പറഞ്ഞു.

"അപ്പൊ നിസ്കാരം... നോമ്പല്ലെടാ... ഖളാ ആക്കാതെ നിസ്കരിക്കണ്ടേ....???" എന്റെ സംശയം....

"രാവിലെ സുബഹി മാത്രം കുറച്ചു ലൈറ്റ് ആകും... നിനക്കറിയില്ലേ എട്ടു മണിക്ക് ഡ്യൂട്ടിക്ക് പോകാന്‍ ഏഴു മണിക്കാ എഴുന്നെല്‍ക്കുന്നെ... അപ്പൊ തന്നെ നിസ്കരിക്കും. പിന്നെ ഡ്യൂട്ടിക്കിടയില്‍ ഒരു ബ്രെയ്ക്ക്. ഉച്ചക്ക് പള്ളിയില്‍ പോയി ളുഹര്‍ നിസ്കരിക്കും, പിന്നെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയാല്‍ ആറര വരെ ഉറക്കം. പിന്നെ എണീച്ച ഉടനെ അസര്‍ നിസ്കരിക്കും. പിന്നെ പള്ളീന്ന് നോമ്പ് തുറക്കുമ്പോള്‍ ഫ്രൂട്സും ചായയും കൂടാതെ ഇപ്പൊ പാക്കറ്റ് ബിരിയാണിയും കിട്ടും. ബിരിയാണി ഞാന്‍ മാറ്റി വെക്കും. മഗ്രിബും നിസ്കരിച്ചു വരുമ്പോ അതും കൊണ്ട് വരും , രാത്രി ഇഷാ നിസ്കാരം കഴിഞ്ഞു ആ ബിരിയാണിയും തിന്നു കിടന്നുറങ്ങും.ഞാന്‍ പിന്നെ പാതി രാത്രി അത്താഴം കഴിക്കാനൊന്നും എണീക്കാരില്ല."

പിന്നെയും എന്തൊക്കെയോ വിശേഷങ്ങള്‍ പങ്കു വെച്ച് അഷറഫ് പോയി... ഞങ്ങള്‍ മുന്നോട്ട് നീങ്ങി..

"ഡാ... " സുദീറിന്റെ പരുഷമായ വിളി.."നീ എന്താ പറഞ്ഞെ??? നോമ്പ് നിങ്ങള്‍ക്കൊക്കെ പുണ്യം ഉണ്ടാകാനുള്ള മാസമാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പട്ടിണിയുടെ വിഷമം മനസിലാക്കാനുള്ളതാണ്... മലപ്പൊറം കത്തി.. വടി വാള്, തേങ്ങാക്കൊലയാണ്... ഇപ്പൊ അവന്‍ പറഞ്ഞത് കേട്ടോ.... അതാ സത്യം"

"അതല്ല സുദീരെ... ഞാന്‍ പറയുന്നത് കേക്ക്..."

"നീ ഒന്നും പറയണ്ട മോനെ, കൊറേ കാലമായി ഞാനും കാണുന്നുണ്ട് ദുബായിലെ ഈ നോമ്പ് കാരെ, എങ്ങനെയെങ്കിലും നോമ്ബായി കിട്ടിയാ മതി ഇവര്‍ക്ക്, പിന്നെ ഒരു രൂപ ചിലവില്ല.. കാര്യമായി പണിയും ചെയ്യണ്ട... പടച്ചോനെ പറ്റിക്കുന്ന കുറെ ടീമുകള്... എന്തിനാടാ മാപ്പിളയാന്നും പറഞ്ഞു നടക്കുന്നെ..? ഇപ്പൊ കണ്ടില്ലേ... അവന്‍ പറഞ്ഞത്.. ഒരു വിധം എല്ലാവരും ഇത് പോലെ തന്നെയാ പരിപാടി.. ഇവന്മാര് രാവിലെ വൈകി എണീറ്റ് ഡ്യൂട്ടിക്ക് പോകും.. ഉച്ചവരെ ജോലി.. പിന്നെ വന്നു കിടന്നുറക്കം.. വൈകിട്ട് ഭക്ഷണം പള്ളിയില്‍ നിന്ന്... മാസം മുഴുവന്‍ ബിരിയാണിയും അരീസും... രാത്രി ഫുഡ്‌ അടിച്ചു നേരെ കേറി കിടക്കും ... പിന്നെ എണീക്കുന്നത് രാവിലെ... അത്താഴവും വേണ്ട.. ശെരിക്കും നോമ്പ് കാലത്ത് മാത്രമാ ഇവന്മാരൊക്കെ ഫ്രൂട്ട്സ് കാണുന്നത് പോലും... അതും പള്ളീന്ന് കിട്ടുന്നത്... ഏതെങ്കിലും ഒരുത്തന്‍ സ്വന്തമായി കാശ് കൊടുത്ത് വാങ്ങുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..... കാശ് ലാഭിക്കാന്‍ കാക്കാന്‍മാര്‍ക്ക് ഇങ്ങനെയും ഒരു അവസരം....."

"ഡാ.. സുദീരെ, നീ പറയുന്നത് ശെരി ആയിരിക്കാം, പക്ഷെ , ഞാന്‍ അങ്ങനെ ഒന്നും അല്ലേടാ...." എന്റെ അവസ്ഥ പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ശ്രമം...

"എനിക്കറിയാം, അത് കൊണ്ട് തന്നെയാ നിന്നോട് ഞാന്‍ ഒരല്പം മാന്യത കാണിക്കുന്നത്... നിന്നെ പോലെ മാന്യമായി നോമ്പിനെ കാണുന്നവര്‍ ഈ ദുബായില്‍ മലയാളികള്‍ ചിലപ്പോ പത്തു ശതമാനമോ അതില്‍ കുറവോ മാത്രമേ ഉണ്ടാകൂ.... ബാക്കി തൊണ്ണൂറുശതമാനത്തിന്റെ കാര്യാ ഞാന്‍ പറഞ്ഞത്... നിനക്ക് നിഷേധിക്കാന്‍ പറ്റുമോ??? നീ വൈകുന്നേരം ആ പള്ളിയുടെ മുറ്റത്തു ഒന്ന് നോക്ക്... എന്തോരം ജനങ്ങളാ അവിടെ ബിരിയാണിക്ക് അടി ഉണ്ടാക്കുന്നത്... എന്താടാ ഇത് കാശിനു വേണ്ടി ഇങ്ങനെയും ചെയ്യുമോ ആള്‍ക്കാര്....?? അതിലൊക്കെ നല്ല എക്സിക്യൂട്ടീവ് ജോലിക്കാര് പോലും ഉണ്ട്. പാവങ്ങള്‍ക്ക് വേണ്ടി അറബികള്‍ കൊടുക്കുന്നതല്ലേ ആ ഭക്ഷണം... ??? ഞാന്‍ ഹോട്ടലില്‍ പോകണം എന്നല്ല പറയുന്നത്, എങ്കിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചൂടെ??? ....ശെരിക്കും ഈ മാസത്തില്‍ എവിടെയാടാ ഭക്തി, എവിടെയാ ധര്‍മം... "

അവനു കുറ്റം പറയാന്‍ ഒരു അവസരം കിട്ടി, കേള്‍ക്കുകയല്ലാതെ നിവൃത്തി ഇല്ല. അവന്‍ പറയുന്നതില്‍ സത്യമുണ്ട് എന്നതിനാല്‍ നിശബ്ദനായി ഞാന്‍ അവനോടൊപ്പം മുന്നോട്ടു നടന്നു.. എന്നെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്നാ പ്രതീക്ഷയുമായി....

**********************************************

Saturday, July 13, 2013

ഒളോടാരു മുണ്ടും... നീ മുണ്ട്വോ... ബെറ്റ്‌.???

ഓട്ടപടയില്‍ നിന്നും കുന്നുംകയ്യിലെക്ക് ഏകദേശം മൂന്ന്‍ കിലോ മീറ്റര്‍. നടക്കണം, നടത്തം ഒരു വെല്ലു വിളി തന്നെയാണ്. ടാറിംഗ് എന്നാ പരിപാടി കേട്ടറിവ് പോലും ഇല്ലാത്ത കാലം. റോഡ്‌ എന്നാല്‍ ഒരു തോടാണ്. നടുവിലൂടെ മഴ വെള്ളം ഒഴുകിപ്പോയ കനാലുകള്‍ , മഴക്കാലത്ത് തെന്നി വീഴാനും വേനല്‍ക്കാലത്ത് നിരങ്ങി വീഴാനും സാധ്യത ഉള്ള റോഡ്‌. ഇരു വശത്തും കുത്തനെ വളര്‍ന്നു നില്‍ക്കുന്ന പുല്ലും കാടുകളും. പോകുന്ന വഴിക്കുള്ള പാപ്പന്‍ ചേട്ടന്റെ കടിക്കുന്ന നായ. ഇത്രയും ദൂരം ഒറ്റയ്ക്ക് പോവുക എന്നത്, വയസറിയിക്കാത്ത എന്നെ പോലുള്ള ചെക്കന്‍മാര്‍ക്ക്‌ ഒരു വെല്ലു വിളി തന്നെ ആയിരുന്നു..

നാട്ടിലുള്ള മഖാമുകളിലെല്ലാം ഉറൂസ് എന്നാ വാര്‍ഷിക പള്ളി നേര്‍ച്ച കൊണ്ടാടുന്നത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഉള്ള മാസങ്ങളില്‍ ആയിരുന്നു. മഴ കുറഞ്ഞു ഒരു വിധം നല്ല കാലാവസ്ഥ ഉള്ള ഒരു സമയമാണിത്‌.

കശുവണ്ടി കട്ട് പെറുക്കിയും , തോട്ടത്തില്‍ വീണു കിടക്കുന്ന കുരു മുളക് പെറുക്കിയും ഒരുക്കി കൂട്ടി വെക്കുന്ന ചില്ലറ നാണയങ്ങളുമായി നടന്നും ഓടിയും ഉറൂസ് നഗരിയില്‍ എത്തും. മഖാമില്‍ പൈസ ഇടണം എന്ന് പറഞ്ഞു ഉമ്മാനോടു വാങ്ങുന്ന അഞ്ചു രൂപയില്‍ നിന്നും അമ്പതു പൈസ ഭണ്ടാരത്തിലിട്ടു ബാക്കി കാശുമായി ചന്തയിലേക്ക് ഓടും. കാറിന്റെയും ലോരിയുടെയും വില കേട്ട് ഞെട്ടി അവസാനം വല്ല ബലൂണോ പീപിയോ വാങ്ങി നിരാശയോടെ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രായം അല്ലെങ്കില്‍ കാലം....

കുന്നുംകൈ മഖാം ഉറൂസ്. ഞായറാഴ്ച , അവസാന ദിവസം. രാവിലെ മദ്രസ വിട്ടു വന്ന ഉടനെ പത്തര മണിയോടെ ഞങ്ങള്‍ നാല് പേര്‍ കുന്നുകൈക്ക് നടത്തം തുടങ്ങി. ഞാനും ഫൈസലും പിന്നെ റാഫിയും വേറെ ആരോ ഒരാളും കൂടെ ഉണ്ടായിരുന്നു. ശെരിക്കു ഓര്‍ക്കുന്നില്ല.

ഓടി തോല്പ്പിച്ചും, ഒരു ഇല പറിച്ചെടുത്ത് അത് പോലത്തെ ഇല മറ്റുള്ളവരോട് പെട്ടെന്ന് കണ്ടെത്താന്‍ പറഞ്ഞും , കൂകിയും ചിരിച്ചും , കല്ലെടുത്ത് കാട്ടിലെറിഞ്ഞും, ആടിപാടി ഞങ്ങള്‍ പോവുകയായിരുന്നു. മേലടക്കം ജങ്ക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ എചിലാം കയം വരെ ഇറക്കമാണ്. ഈ ഇറക്കത്തില്‍ വീഴാതെ താഴെ എത്തുക എന്നുള്ളത് ഞങ്ങളെ പോലുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു സംഭവം തന്നെ ആണ്.

ഇറക്കം തുടങ്ങിയ ഉടനെ ദൂരെ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നത് കണ്ടു. ഞായറാഴ്ച പള്ളിയില്‍ പോയി വരുന്ന ഏതോ ഒരു അച്ചായത്തി കുട്ടി. വളരെ ഫാഷന്‍ ഉള്ള, സുന്ദരിയായ ചുരിദാര്‍ ഇട്ട കയ്യില്‍ ഒരു തടിച്ച പുസ്തകം മാറോട് ചേര്‍ത്ത് പിടിച്ചു നടന്നു വരുന്ന ഒരു പെണ്ണ്.

ഉടനെ ബെറ്റ് വന്നു . "ടാ ഒളോടു ആര് മുണ്ടും..? മുണ്ടുന്നോനു എന്റെ വക നാരങ്ങ സോഡാ.."

ഒരു പെണ്ണിനോട് പ്രേമം തോന്നി സംസാരിക്കാനുള്ള ഒരു മാനസിക നിലയോന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും പെണ്ണിനോട് സംസാരിക്കുന്നത് സെക്സിനെ കുറിച്ചും പ്രണയത്തെ കുറിച്ചും മാത്രമായിരിക്കും എന്നതും , പരിചയമില്ലാത്ത ഒരു പെണ്ണിനോട് സംസാരിക്കുക എന്നാല്‍ ഹിമാലയം കീഴടക്കുന്നതിനേക്കാള്‍ വലിയ സംഭവം ആണെന്നും പെണ്ണുങ്ങളോട് എന്ത് പറഞ്ഞാലും അവര്‍ ചെരുപ്പ് ഊരി തല്ലുകയോ കൂവി വിളിച്ചു ആള്‍ക്കാരെ കൂട്ടുകയോ ചെയ്യും എന്നൊകെ ഉള്ള 'പൊതു ധാരണ' ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.

"ടാ ബേണ്ടാ ട്ടാ , ഏതോ ചേട്ടത്തി പെണ്ണ് പള്ളീ പോയിട്ട് ബെരുന്നതാ.. ബെറുതെ കൊയപ്പാകണ്ടാ.."

"പോടാ ആടന്നു ധൈര്യോ ഉള്ള ആരിക്കും മുണ്ടാ... ബെറുതെ മുണ്ടിയാ പോരാ ഓള് അയിനു മറുപടി പറേണം.. കുന്നുംകീ എത്തിയാ നാരങ്ങാ സോടാ ഒറപ്പ്.." സംസാരിക്കുന്നവന് അടി ഉറപ്പാക്കുന്ന നിയമങ്ങള്‍...!!

"ഡാ നീ പറയോ ഒളോട് ബിശ്യം..?? നീ പരയുഒ??? ബേം പറ, അപ്പെ ണ്ണ് ഇങ്ങേത്താനായി" അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ച്തല്ലാതെ ആരും തയ്യാറായില്ല.

പെട്ടെന്ന് ഫൈസല് പറഞ്ഞു ''ഞാന്‍ ബിശ്യം പറയാ... നാരങ്ങാ സോഡാ ഒറപ്പല്ലേ.. പെറ്റിക്കരത്‌ "..

എല്ലാരും ഞെട്ടി... കൂട്ടത്തില്‍ ചെറുത് ഫൈസലാണ്. ആ പെണ്ണിന്റെ സൈസ് കണ്ടിട്ട് അവളുടെ ഒരു അടി പോലും കൊള്ലാനുള്ള ആരോഗ്യ സ്ഥിതി അവനില്ല.

അവന്‍ തീരുമാനം ഉറപ്പിച്ചതോടെ ഞെട്ടിപ്പോയ ഞങ്ങള്‍ , എന്തോ താഴെ വീണ പോലെ നിലത്തിരുന്നു മണ്ണില്‍ തപ്പിക്കൊണ്ടിരുന്നു. ഫൈസല്‍ മുന്നോട്ടു തന്നെ, പിന്നോട്ടില്ല. പടച്ചോനെ ..

അവന്‍ എങ്ങനെ അത് അവളോട്‌ പറയും .., എന്തൊക്കെ ചീത്ത അവള്‍ പറയും, .എങ്ങനെ അവള്‍ തല്ലും എന്നുള്ള ഒരു തരം വീര്‍പ്പു മുട്ടല്‍.

ഞങ്ങളില്‍ നിന്ന് ഒരു പത്തു മീറ്റര്‍ ദൂരത്ത് മുഖാ മുഖം അവരെത്തി.

പെട്ടെന്ന് ഫൈസല് അവളുടെ അടുത്തേക്ക് നീങ്ങി , ഞങ്ങളൊക്കെ പേടി കൊണ്ട് പകുതി അടഞ്ഞു പോയ കണ്ണോടെ നിലത്തിരുന്നു അവണെ പാളി നോക്കി.

"ഏണെ സമയം എത്ര ആയേ...??"

"പതിനൊന്നേ കാല്..."

തല്ലു കൊള്ലാതെ, ഭാവ മാറ്റമില്ലാതെ ഫൈസല്‍ മുന്നോട്ടു നടന്നു പോകുമ്പോള്‍ 'ഓന്‍ ബിശ്യം ഇങ്ങനെ' പറഞ്ഞതിന്റെ ഷോക്കില്‍ നിലത്ത് വീണു പോയ ഞങ്ങള്‍ ആ പെണ്ണ് കാണാതെ തുണിയുടെ മണ്ണ് തട്ടുകയായിരുന്നു.

***********************************************************************


Wednesday, July 10, 2013

റമദാനില്‍ ഗ്രീറ്റിംഗ് കാര്‍ഡുകളിലെ ചിത്രങ്ങള്‍.....

റമദാനില്‍ ഭക്ഷണവും, ഈന്തപ്പഴവും, ചന്ദ്രക്കലയും, പള്ളി മിനാരങ്ങളും മാത്രമേ ഷെയര്‍ ചെയ്യാനുള്ളൂ എന്ന് ആര്കെങ്കിലും സംശയം തോന്നിയാല്‍ അതിനു തെറ്റ് പറയാന്‍ സാധിക്കില്ല, കാരണം ഇന്നെവിടെയും കാണുന്നത് അത് മാത്രമാണ്. ശെരിക്കും ഇതാണോ റമദാന്‍????. ഇതിനു എനിക്ക് പറയാനുള്ള മറുപടി ഇതാണ്.

റമദാന്‍ എന്നത് ഒരു ആഘോഷമല്ല മറിച്ചു അത് ഒരു ജീവിത രീതി ആണ്, അതായത് മനസിനെയും ശരീരത്തെയും നിയന്ത്രിച്ചു ദൈവ സ്മരണയില്‍ ജീവിക്കുന്ന ഒരു മാസം. അതൊരു അനുഭവം ആണ്. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കില്ലെന്ന് തീരുമാനിക്കുന്ന ഒരവസ്ഥ. അവനനോടുള്ള ഒരു വെല്ലു വിളി, അതിലൂടെ വിശപ്പിന്റെ കാഠിന്യം മനസില്ലക്കുക, കൂടുതല്‍ പ്രാര്തനയിലൂടെയും സല്കര്‍മങ്ങളിലൂടെയും ദൈവ പ്രീതിക്ക് വേണ്ടി പ്രയതിനിക്കുക. അതിലൂടെ ജീവിത വിജയം നേടുക.

ഒരു ഗ്രാഫിക് ടെസൈനെര്‍ അയാളുടെ കലാ സൃഷ്ടി മനോഹരമാക്കാന്‍ പല വഴികളും ഉപയോഗിക്കുന്നു, അതിലൊന്നാണ് മനോഹരമായ ചിത്രങ്ങള്‍. ഓരോ ആഘോഷങ്ങള്‍ക്കും അതില്‍ നിന്നുള്ള ആഘര്‍ഷനീയം എന്ന് തോന്നുന്ന അല്ലെങ്കില്‍ അയാളുടെ കയ്യില്‍ ലഭ്യമായിട്ടുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ആ കലാ സൃഷ്ടി അയാള്‍ മനോഹരമാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം സമയങ്ങളില്‍ അയാള്‍ എന്ത് ചിത്രങ്ങള്‍ ഉപയോഗിക്കുന്നു എന്നത് അയാളുടെ സ്വാതന്ത്ര്യം ആണ്. കണ്ണിനു സുഖം നല്‍കുന്ന ഒരു കലാ സൃഷ്ടി നല്‍കിയാല്‍ അത് എല്ലാവരും ഷെയര്‍ ചെയ്തു പോകുന്നു. അതിന്റെ സന്ദേശം എന്താണെന്ന് ആരും ചിന്തിക്കാറില്ല. അതിനുള്ള നല്ല ഉദാഹരണമാണ് ഓണത്തിനു എല്ലാവരും പൂക്കളം വെച്ചുള്ള ആശംസാ കാര്‍ഡുകള്‍ ഷെയര്‍ ചെയ്യുന്നു, ക്രിസ്തുമസിനു ഉണ്ണിയേശുവിന്റെയും പുല്കൂടിന്റെയും ചിത്രങ്ങള്‍, വാലന്റൈന്‍സ് ഡേയില്‍ ഹൃദയത്തിന്റെ ചിത്രം, വിഷുവിനു കണിയുടെ / കൊന്ന പൂക്കളുടെ ചിത്രങ്ങള്‍ , ഗള്‍ഫിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മരുഭൂമിയും, കേരളത്തിനെ കുറിച്ച് പറയുമ്പോള്‍ തെങ്ങും കായലും , ഇതൊക്കെ ആ ആഘോഷത്തിന്റെ അല്ലെങ്കില്‍ സംഭവത്തിന്റെ മുഴുവനായ സന്ദേശം ഉള്‍കൊള്ളുന്നുണ്ട് എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഏതൊരു സംഭവം ആയാലും അതില്‍ ഉള്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ചിത്രം ടെസൈനര്മാര്‍ ഉപയോഗിചിരിക്കും, അതിനര്‍ത്ഥം ആ ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത് മാത്രമാണ് ആ സംഭവം എന്നല്ല, മറിച്ചു ആ സംഭവത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ആ ചിത്രം. ആ ചിത്രം മാത്രമാണ് ആ സംഭവം എന്ന് ധരിക്കുന്നത് ശെരിയല്ല.

ഇസ്ലാം 'കലാ' പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നില്ല, എങ്കിലും പ്രോത്സാഹിപ്പിക്കുന്നില്ല, ചില കാര്യങ്ങള്‍ ശക്തമായി നിരോധിച്ചിട്ടുമുണ്ട്. ഇനി ആഘോഷ വേളകളിലെ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ കൈമാറ്റം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അത് കൈമാറ്റം ചെയ്യുന്ന ആളിനാണ്. ബന്ധു മിത്രാധികളെ സന്ദര്‍ശിക്കലും സമ്മാനങ്ങള്‍ കൈമാറ്റം ചെയ്യലും വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട് ഇസ്ലാമില്‍. ഇത് വഴി വ്യക്തി ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ്. പക്ഷെ ഇത്തരം സമ്മാനങ്ങളിലോ സന്ദേശങ്ങളിലോ ഏതെങ്കിലും വസ്തുക്കളുടെ 'ചിത്രങ്ങള്‍' പ്രോത്സാഹിപ്പിക്കുന്നില്ല, പകരം മനോഹരമായ കയ്യെഴുത്തു എല്ലായിടത്തും വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്, ഉപയോഗിക്കുന്നുമുണ്ട്.(Calligraphy). ഇസ്ലാമികമായ കാര്യങ്ങള്‍ ഒരിടത്തും ചിത്രങ്ങളിലൂടെ പഠിപ്പിക്കുന്നില്ല പക്ഷെ എഴുത്തിലൂടെ ഉണ്ട് താനും. ഇന്നത്തെ സാങ്കേതിക സൗകര്യം ഉപയോഗപ്പെടുത്തി മുസ്ലിങ്ങളില്‍ പെട്ടവര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇസ്ലാമിക സന്ദേശങ്ങള്‍ കൈമാരുന്നതിന്റെ ആധികാരികത ചോദ്യം ചെയ്യപെടെണ്ടതാണ്. അതിനു ചരിത്രപരമായ അടിത്തറ ഇല്ല. അതിനു എവിടെയും അന്ഗീകാരവും കിട്ടില്ല. കൂടാതെ ഇത്തരം ഗ്രീടിംഗ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്യുന്നത് മുഴുവന്‍ മുസ്ലിങ്ങള്‍ മാത്രമല്ല, എല്ലാ മതത്തില്‍ പെട്ട ടെസൈനര്മാരും ഉണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഇസ്ലാമിക കാര്യം ഒരു ചിത്രത്തിലൂടെ നോക്കി കാണാന്‍ ശ്രമിക്കുന്നത് പ്രായോഗികം അല്ല. അവസാനമായി റമദാനിന്റെ സന്ദേശം കൈമാറാന്‍ എന്തെങ്കിലും ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കുന്നില്ല. മത പരമായ അറിവില്ലായ്മയോ, ആധുനിക ലോകത്തിനനുസരിച്ചു ഇസ്ലാമിലും മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള ഗൂഡ ശ്രമങ്ങളോ, അല്ലെങ്കില്‍ തന്റെ മതത്തിന്റെ വിധി വിലക്കുകള്‍ അറിയാതെ തന്റെ സന്ദേശം മനോഹരമാക്കാന്‍ വേണ്ടി ചെയ്യുന്ന ലളിതമായ വിഡ്ഢിത്തമോ ആയിരിക്കാം ഇത്.

അവസാനമായി ...... ഞാന്‍ നിങ്ങള്‍ക്കയച്ച ഗ്രീറ്റിംഗ് കാര്‍ഡിലൂടെ നിങ്ങള്‍ എന്റെ മതത്തെ വിലയിരുത്താതിരിക്കുക, മറിച്ചു അതിലൂടെ എന്നെ വിലയിരുത്തുക. കാരണം നിങ്ങള്ക്ക് അത് അയച്ചിരിക്കുന്നത് ഞാനാണ്. എന്റെ മതമല്ല..... എല്ലാവര്ക്കും റമദാന്‍ ആശംസകള്‍.

Monday, July 8, 2013

ട്രെയിനില്‍ കണ്ട അമ്മച്ചി...

പയ്യന്നൂരിലേക്ക് പോകാനായി ഏറണാകുളത്തു നിന്ന് വണ്ടി കേറിയതായിരുന്നു. കമ്പാര്‍ട്ട്മെന്റില്‍ കാര്യമായി വേറെ ആരും ഇല്ല, കയറിയത് മുതല്‍ ശ്രദ്ധിച്ചതാ.. ഡോറിന്റെ അടുത്തുള്ള സീറ്റില്‍ ഒരു അമ്മച്ചി വളരെ സങ്കടപ്പെട്ടിരിക്കുന്നു. കാര്യമറിയാനായി ഒരു തരം ചൊറിച്ചില്‍... ഞാന്‍ പതുക്കെ അമ്മച്ചിയുടെ അടുത്ത് ചെന്നു.

''അമ്മച്ചിയെ... എന്തുവാ ഇങ്ങനെ വ്യാകുലപ്പെട്ടിരിക്കുന്നെ ?.. എവിടുന്നാ വരണേ..?'' കുടുംബത്തില്‍ പിറന്ന അമ്മച്ചിയായത് കൊണ്ട് നല്ല രീതിയില്‍ തന്നെയാണ് മറുപടി പറഞ്ഞത്‌.

''ഓ എന്നാ പറയാനാ മാനേ... കോട്ടയത്ത്‌ എന്റെ മകനുണ്ടേ.. അവിടെ പോയതാ ..''

''പിന്നെന്താ ഇങ്ങട്‌ പോന്നേ ...അവിടെത്തന്നെ നിക്കാര്‍ന്നില്ലേ..?'

'"ഓ.. അവന്റെ പെണ്ണുമ്പിള്ള ശരിയല്ല മാനേ... വീട്ടിലെ ഒരു ജോലിയും അവള് ചെയ്യത്തില്ല.. എല്ലാം അവന്‍ തന്നെ ചെയ്യണം.. തുണി അലക്കണം, വീട് വൃത്തിയാക്കണം, കൊച്ചുങ്ങളെ കുളിപ്പിക്കണം.. എല്ലാം അവന്‍ തന്നെ ചെയ്യണം.. എന്നെ അവള് വേലക്കാരിയെ പോലെയാ കാണുന്നത്... എനിക്കവിടെ നിക്കാന്‍ പറ്റത്തില്ല മോനെ ..... വല്ല്യ കഷ്ടപ്പാടാ....അത് കൊണ്ട് ഞാനിങ്ങു പോന്നു.'

'എനിപ്പോ.... എങ്ങടാ പോണേ..?'' സ്വാഭാവികമായ എന്റെ സംശയം."

''അതേയ് മാനേ, എന്റെ മകളെ കെട്ടിച്ചത് കണ്ണൂര് ആണേ..അവിടുത്തോട്ടു പോകുവാ.."

"അപ്പൊ അവിടെ അമ്മച്ചിക്ക് സുഖാണാ...?"

"പിന്നല്ലാതെ... എന്റെ മകളുടെ കെട്ടിയോന്‍ നല്ലവനാ... അവളെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ല. അവന്‍ തന്നെ വീട്ടിലെ പണിയെല്ലാം ചെയ്യും, തുണിയലക്കും , ഭക്ഷണം ഉണ്ടാക്കും, വീട് വൃത്തിയാക്കും ..എല്ലാം ചെയ്യും ... എന്റെ കാലിനു കുഴംബിട്ടു തരും ....എല്ലാം ചെയ്യും ...അത് കൊണ്ട് എനിക്കവിടെ നല്ല സുഖാ.....

"