Saturday, December 6, 2014

ആരാണയാള്‍...??

പുതിയ ആശയങ്ങള്‍ കണ്ടെത്തുക, അത് പരീക്ഷിച്ചു നടപ്പിലാക്കുക എന്നത് അയാളുടെ ഒരു ശീലമാണ്. ഭരണാധികാരമോ അല്ലെങ്കില്‍ അത് പോലെ ഉള്ള അധികാര പദവിയോ  ഇല്ലാത്തതിനാല്‍ തന്റെ ആശയങ്ങള്‍ ഏതാനും കൂട്ടുകാരുടെ അടുത്തു മാത്രമാണ് അയാള്‍ പങ്കു വെക്കുക. പലപ്പോഴും എന്തെങ്കിലും പുതിയ  ആശയങ്ങള്‍ പറഞ്ഞു കൊടുത്താല്‍ 'ശശി'യാവുക എന്നതില്‍ കൂടുതല്‍ ഒന്നും തന്നെ അയാളുടെ കാര്യത്തിലും സംഭവിക്കാറില്ല. ഒന്നുകില്‍ 'എന്തൊരു വിഡ്ഢിത്തം' അല്ലെങ്കില്‍ 'അതൊന്നും നടക്കാത്ത കാര്യം' അല്ലെങ്കില്‍ 'നീ കരുതുന്ന പോലെ ഒന്നും എളുപ്പമല്ല' എന്ന് പറഞ്ഞു കൂട്ടുകാര്‍ നിരുല്‍സാഹപ്പെടുത്തിക്കളയും. സ്ഥിരമായി നേരിടുന്ന കാര്യമായത് കൊണ്ട് അയാള്‍ക്കതില്‍ വിഷമം ഉണ്ടാകാറില്ല. കാരണം കുറെ പേരുടെ സഹായത്തോടെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാണ് അയാളുടെ മനസ്സില്‍ വരുന്ന കാര്യങ്ങള്‍.അവരുടെ സഹകരണം ഇല്ലെങ്കില്‍ അത് നടക്കില്ല.   പണം കൊടുത്തു ചെയ്യിക്കാന്‍ സാധിക്കാറില്ല. എങ്കിലും പുതിയ വിഡ്ഢിത്തങ്ങള്‍ അയാള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍  അയാളുടെ വിഡ്ഢിത്തങ്ങളില്‍ നിന്നും എന്തെങ്കിലും ഗുണം കിട്ടിയവര്‍ നേരിട്ട് കാണുമ്പോള്‍ 'നീ ചെയ്തത് നല്ല കാര്യമായിരുന്നു' എന്ന് പറയുമ്പോള്‍ അയാളുടെ കണ്ണ് നിറഞ്ഞു പോകാറുണ്ട്. വിഡ്ഢിത്തം മറ്റൊരാള്‍ക്ക് സഹായം.

പറഞ്ഞ കാര്യം തള്ളിക്കളഞ്ഞിട്ടു പിന്നീട് "അയ്യോ അന്ന് അത് ചെയ്‌താല്‍ മതിയായിരുന്നു" എന്ന് കേള്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ സങ്കടം തോന്നാറുണ്ട്. വിഡ്ഢിത്തത്തില്‍ കാര്യമുണ്ടായിരുന്നു.

അയാള്‍ പറഞ്ഞ കാര്യങ്ങള്‍ നടക്കത്തതാണെന്നു പറഞ്ഞു അയാളെ അതില്‍ നിന്നും  പിന്തിരിപ്പിച്ചിട്ടു ആരോരുമറിയാതെ വേറൊരു വേദിയില്‍ ചെയ്തു വിജയിപ്പിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. വിഡ്ഢിത്തത്തില്‍ കാമ്പ്ണ്ടായിരുന്നു.

അയാള്‍ പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് എളുപ്പം ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല, ഒന്നുകില്‍ അയാള്‍ പറയുന്നത് വിഡ്ഢിത്തമാണ്, അല്ലെങ്കില്‍  മറ്റുള്ളവര്‍ക്ക്  അയാളുടെ നിലവാരത്തില്‍ ചിന്തിക്കാന്‍ കഴിയുന്നില്ല. എങ്കിലും അയാള്‍ എപ്പോഴും ഓരോ വിഡ്ഢിത്തങ്ങള്‍ പുലമ്പിക്കൊണ്ടിരിക്കുന്നു. ആരൊക്കെയോ അത് പരീക്ഷിച്ചു നോക്കുന്നു. ചിലര്‍ കളിയാക്കി ചിരിക്കുന്നു. പരാതിയില്ലാതെ അയാള്‍ യാത്ര തുടരുന്നു.

തന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍  സാമ്പത്തികവും സൌകര്യങ്ങളും ഇല്ലാത്തവന്‍ പുതിയ കാര്യങ്ങള്‍ ചിന്തിച്ചാല്‍, പുതിയ ആശയങ്ങള്‍ കൊണ്ട് വന്നാല്‍, അത് എപ്പോഴും  വിഡ്ഢിത്തമായി മാത്രമേ ലോകം കാണൂ എന്നയാള്‍ക്ക് അറിയില്ലായിരുന്നു. കാരണം അയാള്‍ ഒന്നിലും അഗ്രഗണ്യന്‍ ആയിരുന്നില്ല. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തന്റെ സ്വപ്‌നങ്ങള്‍ മറ്റുള്ളവര്‍ക്കായി വാരി എറിഞ്ഞു കൊടുക്കുന്ന വെറുമൊരു സാധാരണക്കാരന്‍ മാത്രമായിരുന്നു. വെറുമൊരു സാധാരണക്കാരന്‍...

ആരാണയാള്‍ ...??? ഞാനോ...?? നീയോ??? അതല്ല മറ്റാരെങ്കിലുമോ???

Wednesday, December 3, 2014

കാറിന്റെ കൊടി മുന്നോട്ടു പറക്കുന്നതെന്തു കൊണ്ട്???

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ രണ്ടിലോ മൂന്നിലോ പഠിച്ച പാഠങ്ങള്‍?? അതില്‍ തെറ്റും ശരിയും കണ്ടു പിടിക്കാന്‍ ഒരേ പോലുള്ള രണ്ടു ചിത്രങ്ങള്‍ നല്‍കുമായിരുന്നു. അതില്‍ നിന്നും ശരിയായ ചിത്രം കണ്ടു പിടിക്കണം.
ഒരു കാറിന്റെ രണ്ടു ചിത്രങ്ങള്‍ , ഒന്നില്‍ കൊടി പിന്നോട്ട് പറക്കുന്നു, മറ്റൊന്നില്‍ കൊടി മുന്നോട്ടു പറക്കുന്നു. അതിന്റെ കൂടെ ഒരു ചോദ്യവും. ഇതില്‍ ഏതാണ് ശരിയായ ചിത്രം. ഇരുപത്തിയഞ്ചിന് മുകളില്‍ മുപ്പതും മുപ്പത്തഞ്ചും ഒക്കെ പ്രായമുള്ള 'കുട്ടികള്‍'  ഈ ചോദ്യം സ്കൂള്‍ ബുക്കില്‍ കണ്ടിട്ടുണ്ടാകും. ഇനി കഥയിലേക്ക് വരാം.

ദുബായില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ 'ഒരാള്‍' നൊസ്റ്റാള്‍ജിയ മൂത്ത് ഈ ചിത്രം തപ്പിയെടുത്തു മൂന്നില്‍ പഠിക്കുന്ന തന്റെ മകന്റെ മുന്നില്‍ അവതരിപ്പിച്ചു.
"മോനെ ഈ രണ്ടു ചിത്രവും നോക്കിക്കേ.. ഇതില്‍ ഏതാ ശരി...??"
ചിത്രം നോക്കിയിട്ട് മകന്‍ പറഞ്ഞു : "രണ്ടു ചിത്രവും ശരിയാണ്.."
"അതെങ്ങനെ..?? ഇതില്‍ ഒന്നില്‍ കാറിന്റെ കൊടി മുന്നോട്ടല്ലേ പറക്കുന്നത്.. അതെങ്ങനെ ശരിയാകും...??" അയാള്‍ ചോദിച്ചു..
"അത് ചിലപ്പോള്‍ നിര്‍ത്തിയിട്ട കാര്‍ ആയിരിക്കും കാറ്റ് വന്നപ്പോള്‍ മുന്നോട്ടു പറന്നതാ..."  മകന്റെ മറുപടി കേട്ട്  'അയാള്‍'  ശശിയായി എങ്കിലും വിട്ടില്ല.
"ഇത് ഓടുന്ന കാറാ... അപ്പൊ ഇതെങ്ങനെ ശരിയാകും.. പറ??"
"കാറിനേക്കാള്‍ നല്ല സ്പീഡില്‍ മുന്നോട്ടു കാറ്റടിക്കുന്ന നേരത്തായിരിക്കും ഈ കാറ് ഓടുന്നത്...  അപ്പൊ കൊടി മുന്നോട്ടല്ലേ പറക്കൂ... .. അതായിരിക്കും  "
ശശി വീണ്ടും ശശി...  എന്താ ല്ലേ..  

Monday, November 17, 2014

കോഴിയുടെ സത്യം.

പണ്ടു പണ്ടു ഒരു രാജ്യത്ത് രാമു എന്നും  ദാമു എന്നും പേരുള്ള   രണ്ടു കര്‍ഷകര്‍ ജീവിച്ചിരുന്നു. കൃഷിയില്‍ പൊതുവേ മടിയനായ രാമു  അസൂയാലു കൂടി ആയിരുന്നു. സത്യ സന്ധനായ ദാമുവിന്റെ കഠിനാധ്വാനത്തിന്റെ ഫലം  മോഷ്ടിച്ചും കയ്യേറിയും സ്വന്തമാക്കുക എന്നതായിരുന്നു രാമുവിന്റെ പ്രധാന ജോലി.  ഇവര്‍ തമ്മില്‍  വഴക്ക് പതിവായിരുന്നു.

ഒരു ദിവസം രാവിലെ ദാമു രാമുവിന്റെ വീട്ടിലെത്തി. തന്റെ വീട്ടിലെ കോഴി ഇന്നലെയും ഇന്നും ഇവിടെ മുട്ടയിട്ടിട്ടുന്ടെന്നും അത് തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ദാമുവിന്റെ കോഴിയെയോ മുട്ടയോ താന്‍ കണ്ടിട്ട് പോലുമില്ലെന്നും രാമുവും തിരിച്ചടിച്ചു. പരസ്പരം വാക്കേറ്റമായി, അടിപിടിയായി. അവസാനം ദാമു ഗ്രാമത്തലവന്റെ മുന്നിലെത്തി പരാതി ബോധിപ്പിച്ചു.

വളരെ ചെറിയ പരാതി ആണെങ്കിലും സത്യസന്ധമായി പരാതി പരിഹരിക്കാന്‍ മിടുക്കനായിരുന്നു ആ നാട്ടിലെ ഗ്രാമത്തലവന്‍. ദാമുവിന്റെ പരാതി കേട്ട ഗ്രാമത്തലവന്‍ രാമുവിനെ വിളിപ്പിച്ചു. എല്ലാ വിവരങ്ങളും ചോദിച്ചു. പക്ഷെ രാമു ഒന്നും തന്നെ സമ്മതിച്ചില്ല. ദാമുവിന്റെ പരാതി കള്ളമാണെന്നും മനപ്പൂര്‍വ്വം തന്നെ അതിക്ഷേപിക്കുന്നതാണെന്നും വാദിച്ചു. സാക്ഷികള്‍ ആരും തന്നെ ഇല്ലാത്തതിനാല്‍ ഗ്രാമത്തലവന്‍ പരാതി എങ്ങനെ പരിഹരിക്കും എന്ന് ആലോചിച്ചിരുന്നു. അവസാനം ഗ്രാമത്തലവന്‍ തന്റെ അമ്മയുടെ മുന്നിലെത്തി പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ആവശ്യപ്പെട്ടു. വൃദ്ധയായ മാതാവ്  പരാതിക്കാരായ രണ്ടു പേരെയും അടുത്തു വിളിച്ചു. 

"ഈ കേസില്‍ മനുഷ്യരായി സാക്ഷികള്‍ ആരും തന്നെ ഇല്ല. എങ്കിലും ദൈവം ഇവിടെ സാക്ഷിയാണ്.  ദൈവത്തിന്റെ നിയമങ്ങള്‍ സത്യമുള്ളതാണ് അതില്‍ തെറ്റ് സംഭവിക്കില്ല. അത് കൊണ്ട് വിധി പറയുന്നതിനായി ഈ പരാതി ദൈവത്തിന്റെ മുന്നില്‍ സമര്‍പ്പിക്കുക. ഇനി ഒരു മാസക്കാലം നിങ്ങള്‍ തമ്മില്‍ കാണരുത്, സംസാരിക്കരുത്. " 

ശേഷം ഗ്രാമത്തലവനെ വിളിച്ചു കൊണ്ട് സ്വകാര്യമായി പറഞ്ഞു. "ഒരു മാസം കഴിയുമ്പോള്‍ ഇതില്‍ ഒരാള്‍ കള്ളം പറയുന്നുണ്ടെന്ന് ദൈവം നിനക്ക് കാണിച്ചു തരും" മാതാവിന്റെ വാക്കുകള്‍ ശിരസാവഹിച്ചു എല്ലാവരും പിരിഞ്ഞു പോയി.

ഗ്രാമ മുഖ്യന്‍ പരാതി പരിഹരിക്കാത്തതില്‍  രാമു വളരെ സന്തോഷവാനായി, തന്റെ പരാതി വിധി പറയാതെ തള്ളിയതില്‍ ദാമു ദുഖിതനായി.  അങ്ങനെ ഒരു മാസം കഴിഞ്ഞു. ഗ്രാമ മുഖ്യന്‍ തന്റെ വൃദ്ധ മാതാവിനെയും കൂട്ടി ഈ പരാതിക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചു.  രണ്ടു വീടുകളും സന്ദര്‍ശിച്ച മാതാവ് രാമു കള്ളനാണെന്ന് വിധിച്ചു. ഗ്രാമ മുഖ്യന്‍ മാതാവിനോട് ഭവ്യതയോടെ ഈ വിധിയുടെ വിശദീകരണം ആവശ്യപ്പെട്ടു.

"കോഴിക്ക് സത്യമുണ്ട്, നോക്കൂ.... ഇത്രയും ദിവസം താന്‍ മുട്ടയിട്ട അതെ സ്ഥലത്ത് മാത്രമേ അത് അടയിരിക്കുകയുള്ളൂ. രാമുവിന്റെ വീടിന്റെ അടുക്കളയില്‍ അത് അടയിരിക്കുന്നത് കണ്ടില്ലേ?  നിങ്ങള്‍ എത്രയൊക്കെ അതിനെ ആട്ടി ഓടിച്ചു വിട്ടാലും അത് ഈ സ്ഥലത്ത് തന്നെ തിരികെയെത്തും, കാരണം അത് മുട്ടയിട്ടിരിക്കുന്നത് അവിടെയാണ്. അത് ദൈവത്തിന്റെ നിയമമാണ് അത് തെറ്റില്ല."

വളരെ ശാസ്ത്രീയമായ വിധി കേട്ട ഗ്രാമവാസികള്‍ സന്തോഷിച്ചു. ഉടനെ ദാമുവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി.കള്ളം പറഞ്ഞ രാമു കല്‍ത്തുറങ്കിലുമായി.
------------------------------------------------------------------------
പ്രകൃതിയുടെ നിയമങ്ങള്‍ സത്യമാണ്. അത് മനുഷ്യന് തെറ്റിക്കാന്‍ സാധിക്കില്ല.

Saturday, October 25, 2014

മിന്ഷാ എന്ന സത്യസന്ധന്‍

പണ്ട് പണ്ട് ഒരു രാജ്യത്ത് മിന്ഷാ എന്ന് പേരുള്ള ഒരു യുവാവും അമ്മയും ജീവിച്ചിരുന്നു. കൃഷിപ്പണി ചെയ്തും വിറകു വെട്ടിയും ആണ് മിന്ഷാ തന്റെ വൃദ്ധ മാതാവിനെ പരിപാലിച്ചിരുന്നത്.

അങ്ങനെ ഒരു ദിവസം ഗ്രാമത്തില്‍ രാജാവിന്റെ ഭടന്മാര്‍ വന്നു പെരുമ്പറ മുഴക്കി ഒരു സന്ദേശം അറിയിച്ചു. മക്കളില്ലാത്ത രാജാവ് തന്റെ കാല ശേഷം രാജ ഭരണം ഏല്‍പ്പിക്കാന്‍ ഒരാളെ തേടുന്നു. ആരോഗ്യമുള്ള ആര്‍ക്കും ചില പരീക്ഷകളില്‍ വിജയിച്ചാല്‍ രാജാവിന്റെ പിന്തുടര്‍ച്ചക്കാരനാകാം.

അങ്ങനെ മാതാവിന്റെ അനുവാദവും വാങ്ങി മിന്ഷാ മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ കൊട്ടാരത്തിലേക്ക് യാത്രയായി. ആയോധന കലയിലും രാജാവിന്റെ എല്ലാ  പരീക്ഷകളിലും അതി സമര്‍ത്ഥരായ അഞ്ചു പേര്‍ വിജയിച്ചു. അതിലൊരാള്‍ മിന്ഷാ ആയിരുന്നു. രാജ് കൊട്ടാരത്തില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു.  ഇനി നടത്താന്‍ മത്സരങ്ങളില്ല.  രാജ ഭരണം ഒരാളെ മാത്രമേ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. രാജാവ് ചിന്താകുലനായി.  അങ്ങനെ അവസാനം രാജാവ് കടുത്ത ഒരു പരീക്ഷണം കൂടി നടത്താന്‍ തീരുമാനിച്ചു.

അഞ്ചു പേരെയും വിളിച്ചു കുറച്ചു  വിത്തുകളും ഒരു ചെടിച്ചട്ടിയും നല്‍കി. എന്നിട്ട് പറഞ്ഞു "നിങ്ങള്‍ ഈ വിത്തുകള്‍ മുളപ്പിച്ചു ഈ ചെടിച്ചട്ടിയില്‍ വളര്‍ത്തുക. ആറു മാസം കഴിഞ്ഞിട്ട് കൊണ്ട് വരിക. തിരിച്ചു വരാത്തവര്‍ക്ക് കടുത്ത ശിക്ഷ ഉണ്ടായിരിക്കുന്നതാണ്"

അങ്ങനെ ആറു മാസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു പോയി. വീട്ടിലെത്തിയ ഉടനെ മിന്ഷാ  വിത്ത്‌ നട്ടു വെള്ളവും നനച്ചു. പക്ഷെ മാസം ഒന്ന് കഴിഞ്ഞിട്ടും വിത്തുകള്‍ ഒന്നും മുളച്ചില്ല. മാസം മൂന്നു കഴിഞ്ഞിട്ടും രാജാവ് കൊടുത്ത് വിത്തുകള്‍ മുളച്ചില്ല. അവസാനം തന്റെ കൂടെ മത്സരത്തിനുള്ള മറ്റുള്ളവരുടെ ഗ്രാമങ്ങളില്‍ ചെന്ന് മിന്ഷാ അന്വേഷണം നടത്തി. എല്ലാവരുടെ ചെടിച്ചട്ടിയില്‍  വിത്തുകള്‍ മുളച്ചു ചെടികളായി വളര്‍ന്നു നില്‍ക്കുന്നത് കണ്ട മിന്ഷാ നിരാശനായി.

അവസാനം ആറു മാസം കഴിഞ്ഞു, അഞ്ചു പേരെയും രാജാവ് രാജ സദസില്‍ വിളിപ്പിച്ചു. ഓരോരുത്തരും അവരവരുടെ ചെടിച്ചട്ടികളുമായി രാജാവിന്റെ മുഖം കാണിച്ചു. ഏറ്റവും ഒടുവിലായി മിന്ഷാ മാതാവിനോടൊപ്പം രാജ സന്നിധിയിലെത്തി. ചെടിയോന്നുമില്ലാത്ത വെറും ചെടിച്ച്ചട്ടിയുമായി എത്തിയ മിന്ഷായെ കണ്ടു കൂടെയുള്ളവര്‍ ചിരിച്ചു. മത്സരത്തില്‍ താന്‍ തോറ്റു പോയല്ലോ എന്ന ചിന്ത മിന്ഷായെ കൂടുതല്‍ തളര്‍ത്തി.

രാജാവ് എഴുന്നള്ളി ഓരോ ചെടിച്ചട്ടിയും പരിശോദിച്ചു. അവസാനം മിന്ഷായുടെ ചെടിയില്ലാത്ത ചട്ടി കണ്ടപ്പോള്‍ രാജാവ് ചോദിച്ചു
"ഞാന്‍ തന്ന വിത്തുകള്‍ നീ എന്ത് ചെയ്തു...?"
"തിരു മനസ് പൊറുക്കണം, ആ വിത്തുകള്‍ ഒന്നും തന്നെ മുളച്ചില്ല. എന്റെ ഈ വൃദ്ധ മാതാവും ദൈവവും അതിനു സാക്ഷികളാണ്. അടിയനോട്‌ മാപ്പാക്കണം"

രാജാവ് സിംഹാസനത്തില്‍ ഉപവിഷ്ടനായി. അല്‍പ നേരത്തെ ആലോചനക്കു ശേഷം അദ്ദേഹം മിന്ഷായെ തന്റെ പിന്തുടര്‍ച്ചക്കാരനായി പ്രഖ്യാപിച്ചു. എന്നിട്ട് അതിനുള്ള കാരണവും അദ്ദേഹം വിവരിച്ചു.
"ഞാന്‍ നിങ്ങള്ക്ക് തന്നത് പുഴുങ്ങിയ വിത്തുകളായിരുന്നു, വിദഗ്ദ്ധരായ കര്‍ഷകര്‍ മുളക്കില്ല എന്ന് ഉറപ്പാക്കിയ വിത്തുകളായിരുന്നു അവ. രാജ ഭരണം കിട്ടാന്‍ വേണ്ടി എല്ലാവരും മുളക്കാത്ത വിത്തിന് പകരം മറ്റു വിത്തുകള്‍ മുളപ്പിച്ചു ചെടികലാക്കി കൊണ്ട് വന്നപ്പോള്‍ മിന്ഷാ മാത്രം സത്യസന്തത കാണിച്ചു. അതില്‍ നാം തൃപ്തനായിരിക്കുന്നു. അതിനാല്‍ നമ്മുടെ പിന്തുടര്‍ച്ചക്കാരനായി നാം മിന്ഷായെ നിയമിച്ചിരിക്കുന്നു... ആരവിടെ ... കള്ളത്തരം കാണിച്ച മറ്റു നാല് പേരെയും തുറങ്കിലടക്കൂ...."

അങ്ങനെ രാജാവിന്റെ കാല ശേഷം സത്യസന്ധനായ മിന്ഷാ വര്‍ഷങ്ങളോളം ആ രാജ്യത്തെ ഭരണാധികാരിയായി വാണു.

"ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വന്നാലും സത്യത്തെ മുറുകെ പിടിക്കുക"

Saturday, October 18, 2014

അയാള്‍, ഒരു സ്വപ്ന സഞ്ചാരി.

തന്റെ അടുത്തിരിക്കുന്ന പെണ്‍കുട്ടി തട്ടം വലിച്ചു മുഖം മറച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്.
"ക്ഷമിക്കണം.. ഞാന്‍ എന്തോ ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഓര്‍ക്കാതെ നിങ്ങളെ തുറിച്ചു നോക്കിപ്പോയതാണ്‌... ക്ഷമിക്കണം." അയാള്‍ പറഞ്ഞു.

വിശാലമായ ബീച്ചില്‍ സിമന്റു ബഞ്ചില്‍ എപ്പോഴാണ് ഇരുന്നത് എന്നയാള്‍ക്ക് ഓര്‍മയില്ല ,  വണ്ടി എവിടെയോ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ക്യാമറയും തൂക്കി നടക്കുമ്പോള്‍ നല്ല ഒരു ഫ്രെയിം മാത്രമായിരുന്നു ആലോചന. ചിന്തകള്‍  പിന്നീട് നാട്ടിലേക്കും വീട്ടിലേക്കും പറന്നു പോയി. സ്ഥല കാല ബോധമില്ലാതെ അയാള്‍ ബീചിലൂടെ അലസമായി നടക്കുകയായിരുന്നു. അബോധാവസ്ഥയില്‍  എപ്പോഴോ അയാള്‍ ആ ബെഞ്ചിലിരുന്നു. ബഞ്ചിന്റെ മറ്റേ തലക്കല്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയില്‍ നിന്നുള്ള ഒരു ചെറിയ ചലനം അയാളെ ചിന്തയില്‍ നിന്നും ഉയര്‍ത്തുകയായിരുന്നു. സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് അയാള്‍ക്ക്‌ മനസിലായിത് താന്‍ ബീച്ചില്‍ ഒരു ബെഞ്ചില്‍ ഇരിക്കുകയാണെന്നു. ബെഞ്ചിന്റെ മറ്റേ അറ്റത്ത് പുസ്തകം വായിച്ചിരുന്ന പെണ്‍കുട്ടിയെ താന്‍ തുറിച്ചു നോക്കുകയായിരുന്നു എന്നാ ചിന്ത അയാളെ അലോസരപ്പെടുത്തി.

താന്‍ എപ്പോഴും ചെയ്യുന്ന ഒരു  ദുശീലമാണ് ഈ തുറിച്ചു നോട്ടം. പല സ്ഥലങ്ങളിലും തനിക്ക് ഈ തുറിച്ചു നോട്ടം കൊണ്ട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. മാത്രവുമല്ല എന്തെങ്കിലും കാര്യമായി ആലോചിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഔട്ട്‌ ഓഫ് ഫോക്കസ് ആവുകയും അത് മറ്റുള്ളവര്‍ക്ക് തുറിച്ചു നോട്ടമായി അനുഭവപ്പെടാറുമാണ് പതിവ്. ഇതില്‍ നിന്നും മോചനം അയാള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു.

"എന്തൊക്കെയോ ഓര്‍ത്തു നടന്നപ്പോ ചിന്ത നാടു വിട്ടു.. അതിനിടയില്‍ ഇവിടെ വന്നിരുന്നതും ഞാന്‍ അറിഞ്ഞില്ല.. തുറിച്ചു നോക്കി നിങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം... അറിഞ്ഞു കൊണ്ടല്ല.." അയാളുടെ വാക്കുകളില്‍ ഹൃദ്യമായ ഒരു മാപ്പപേക്ഷ ഉണ്ടായിരുന്നു. അതവളെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

"ഫോട്ടോഗ്രാഫര്‍മാര്‍ ഒരു വിധമൊക്കെ ഇങ്ങനെ തന്നെയാ... വ്യൂ ഫൈന്ററില്‍ കാണുന്നതെല്ലാം സബ്ജക്റ്റ് ആയി മാത്രം കരുതുന്നവര്‍.. അതിലെ വെളിച്ചവും വെളിച്ചക്കുറവും മാത്രമാണ് നിങ്ങളുടെ വിഷയം. അപ്പോള്‍ ഈ നോട്ടം സ്വാഭാവികം... സബ്ജക്റ്റിനു മനസുണ്ടോ ജീവനുണ്ടോ എന്നൊന്നും ചിന്തിക്കാറില്ല. ." അവളുടെ വാക്കുകളില്‍ എവിടെയൊക്കെയോ ഒരു നിരാശ പടര്‍ന്നു കയറിയതായി അയാള്‍ക്ക്‌ തോന്നി. മഴക്കാലത്ത് വീടിന്റെ തറയില്‍ പച്ച നിറത്തില്‍ പടര്‍ന്നു കയറുന്ന പായല്‍ ആയിരുന്നു അയാളുടെ മനസ്സില്‍ .... അതിനിടയില്‍ ചാര നിറത്തില്‍ പ്രത്യേക രൂപത്തില്‍ കാണുന്ന പൂപ്പല്‍ അവളുടെ സങ്കടങ്ങളായി അയാള്‍ക്ക്‌ തോന്നി.

അവള്‍ പറഞ്ഞ വാക്കുകളുടെ വിശദീകരണം ചോദിക്കാന്‍ അയാള്‍ക്ക്‌ മനസ് വന്നില്ല. കാരണം അവള്‍ പറഞ്ഞ കാരണം ആയിരുന്നില്ല അയാളുടെ മനസ്സില്‍. ഫോട്ടോഗ്രാഫര്‍ ചിലപ്പോള്‍ അങ്ങനെ ആയിരിക്കാം പക്ഷെ തന്റെ തുറിച്ചു നോട്ടത്തിനു പിന്നിലുള്ള കാരണം അതല്ല.

ദൂരെ അലയടിക്കുന്ന തിരമാലകളിലേക്ക് അയാള്‍ നോക്കിയിരുന്നു. കരയില്‍ വന്നു പതഞ്ഞു പൊങ്ങി കരയെ തലോടി തിരിച്ചു പോകുന്ന കടല്‍.  തലോടി തിരിച്ചു പോകുമ്പോള്‍ കരയുടെ രോമാഞ്ചം പോലെ മണല്‍തരികള്‍ നനഞ്ഞു പ്രത്യേക നിറം നേടുന്നു.

വീണ്ടും അയാളുടെ ചിന്ത പറന്നകന്നു.

അയാളുടെ മുത്തച്ചന്‍ അന്ധനായിരുന്നു. അയാള്‍ക്ക്‌ അറിവ് വെച്ച കാലം തൊട്ടേ ഒരു മുറിയില്‍ കിഴക്കോട്ടു  നോക്കി ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ടയാളായിരുന്നു അയാളുടെ മുത്തച്ചന്‍. തെക്ക് ഭാഗത്തുള്ള ജനാലയിലെക്ക് ഒരിക്കല്‍ പോലും അയാളുടെ മുത്തച്ചന്‍ നോക്കിയിരിക്കുന്നത് അയാള്‍ കണ്ടിട്ടില്ല. ഈ ജിജ്ഞാസയാണ് മുത്തച്ഛന്റെ മുന്നില്‍ ഇരുന്നു കണ്ണ് കാണാത്ത മുത്തച്ചനെ നോക്കിയിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. ജിജ്ഞാസ പിന്നീട് ഒരു തരാം തുറിച്ചു നോട്ടതിലേക്ക് അയാളെ നയിച്ച്‌.

സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ അയാള്‍ നേരെ മുത്തച്ഛന്റെ മുറിയുടെ മുന്നിലെത്തും പാത്ത് പതുങ്ങി ശബ്ദമുണ്ടാക്കാതെ മുത്തച്ഛന്റെ മുഖത്തെക്ക് തുറിച്ചു നോക്കിയിരിക്കും. ഒരിക്കലെങ്കിലും ജനാലയിലേക്ക് മുത്തച്ചന്‍ തിരിഞ്ഞു നോക്കുന്നത് കണ്ടു പിടിക്കാനുള്ള ഒരു തരം വാശിയായിരുന്നു. മുത്തച്ചന്‍ അറിയാതെയുള്ള ഈ തുറിച്ചു നോട്ടം അയാളല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.

ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ തുറിച്ചു നോക്കുന്നതിനിടയില്‍ അയാളുടെ മനസിന്റെ സഞ്ചാരവും വര്‍ധിച്ചു. രാവിലെ മുതല്‍ നടന്ന സംഭവങ്ങള്‍ ഈ നോട്ടത്തിനിടക്ക് അയാളുടെ മനസിലേക്ക് വരാന്‍ തുടങ്ങി. അതിലൂടെ സ്വപ്ന യാത്ര അയാള്‍ നടത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ കാല്‍പ്പനികവും മറ്റു ചിലപ്പോള്‍ ആകാംക്ഷാജനകവും ആയ ചിന്തകള്‍ അയാളെ പലപ്പോഴും എവിടെയൊക്കെയോ എത്തിച്ചു. വളരെ സമയം കഴിയുമ്പോള്‍ എന്തെങ്കിലും ശബ്ദമോ ചെറിയ ചലനമോ വീണ്ടും അയാളെ സ്വബോധത്തിലേക്ക് കൂട്ടിക്കൊണ്ടു വരും.

കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത മുത്തച്ചനും കാഴ്ച്ചയുണ്ടായിട്ടും ഒന്നും കാണാതെ ഇരിക്കുന്ന അയാളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അന്ധന്മാരായിരുന്നു. ഈ അന്ധമായ യാത്ര അയാളെ അടിമപ്പെടുത്തുകയായിരുന്നു. പതുക്കെ പതുക്കെ ഏകാന്തമായ സമയങ്ങളില്‍ ബുക്കിലെക്കോ ദൂരെ മല നിരകളിലെക്കോ തുറിച്ചു നോക്കിയിരുന്നു സ്വപനം കാണുന്ന ശീലം അയാളെ പിടി കൂടിയിരുന്നു.

മുത്തച്ഛന്റെ മരണശേഷവും   ഈ തുറിച്ചു നോക്കിയുള്ള സ്വപ്ന സഞ്ചാരം ഒരു ദുശീലമായി അയാളെ  പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. കോളേജിലും അത് കഴിഞ്ഞുള്ള ജോലി സ്ഥലങ്ങളിലും അയാളെ ഈ തുറിച്ചു നോട്ടം അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. പല സ്ഥലങ്ങളിലും അയാള്‍ ബുദ്ധി ജീവി എന്നും വായി നോക്കി എന്നും പല പേരുകളില്‍ അറിയപ്പെട്ടു.

"എന്താണ് ഇത്ര വലിയ ചിന്ത...?" അവളുടെ ചോദ്യം അയാളെ വീണ്ടും ഉണര്‍ത്തി.

"പ്രത്യേകിച്ച് ഒന്നുമില്ല... അതല്ല ഞാന്‍ ആലോചിക്കുകയായിരുന്നു... നിങ്ങള്‍ എന്തിനാണ് ഞാന്‍ തുറിച്ചു നോക്കിയപ്പോള്‍ ചീത്ത പറയുന്നതിന് പകരം  മുഖം തട്ടം കൊണ്ട് മറച്ചതു.....???   അയാള്‍ അലസമായി ചോദിച്ചു.

"ചെറുപ്പത്തിലെ ചില ശീലങ്ങള്‍ എത്ര പ്രായമായാലും നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും... ആ യാത്രര്ത്യത്തിനു പുറത്തു നാം എത്ര മേല്‍ മുഖം മൂടി ധരിച്ചാലും ചില സമയങ്ങളില്‍ അത് പുറത്തു വരിക തന്നെ ചെയ്യും...  ജീവിതം മുന്നോട്ടു നയിക്കുന്നത് പോലും ചിലപ്പോള്‍ ഈ ചറിയ ഓര്‍മകളും ശീലുങ്ങലുമായിരിക്കും....."

അത് പറഞ്ഞു കൊണ്ട് അയാളെ നോക്കി അവള്‍ പുഞ്ചിരിച്ചു. പിന്നെ സാവധാനം തന്റെ ബുക്കും ബാഗുമെടുത്ത് നടന്നു നീങ്ങി. അവള്‍   ദൂരേക്ക്‌  അവള്‍ നടന്നു നീങ്ങുമ്പോള്‍ അവള്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകാതെ അവളുടെ പിന്‍ ഭാഗത്ത് തന്നെ അയാള്‍ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു. മങ്ങിയ ആ ചലനം ദൂരെ എവിടെയോ ലയിച്ചു ചേരുന്നത് വരെ.... 

Thursday, May 15, 2014

ഇലക്ഷന്‍ ബെറ്റ്‌. 2014

16.05.2014 വെള്ളിയാഴ്ച ഇലക്ഷന്‍ റിസള്‍ട്ട് വന്നു കഴിഞ്ഞാല്‍ പിന്നെ എനിക്ക് ഫുഡിനു ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ബിരിയാണി, ജ്യൂസ്, ചായയും പലഹാരങ്ങളും ഒക്കെയായി ഏകദേശം ഇരുപതോളം ബെറ്റുകള്‍ക്ക് ഞാന്‍ സാക്ഷിയാണ്. കേരളത്തില്‍ എല്‍ ഡീ എഫിന് 13 ല്‍ കൂടുതല്‍ സീറ്റ്‌ കിട്ടിയാല്‍ ഒരു കമ്യൂണിസ്റ്റു കാരന്റെ ആദ്യത്തെ ബിരിയാണി, കേരളത്തില്‍ യൂ ഡീ എഫിന് 13 ല്‍ കൂടുതല്‍ സീറ്റ്‌ കിട്ടിയാല്‍ ഒരു കോണ്ഗ്രസ് കാരന്റെ രണ്ടാമത്തെ ബിരിയാണി. AAPനു ഒരു സീറ്റെങ്കിലും കിട്ടിയാല്‍ ഒരു ബീജെപിക്കാര്‍ന്റെ ബുഫേ ലഞ്ച്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ ഡീ എഫ് ജയിച്ചാല്‍ ചായയും കടിയും. കേരളത്തില്‍ ബീജെപിക്ക് ഒരു സീറ്റെങ്കിലും കിട്ടിയാല്‍ കോണ്‍-മാര്‍ക്ക്‌ കൂട്ടായ്മയുടെ കെഎഫ് സീ.
അങ്ങനെ കേജരിവളിന്റെയും മോഡിയുടെയും , എന്തിനു കാസറഗോഡ് സിദ്ധിഖ്‌ ജയിക്കുമോ, ആപിനു കെട്ടിവച്ച കാശ് കിട്ടുമോ, എന്നിങ്ങനെ ഇരുപതോളം ബെറ്റുകള്‍ നാളത്തോടെ ഫലം അറിയാന്‍ പോവുകയാണ്. ഇതിലൊന്നും ഞാന്‍ കക്ഷിയല്ല പക്ഷെ ഞാന്‍ സാക്ഷിയാണ്. അത് കൊണ്ട് മത്സരത്തിലെ ഫലത്തില്‍ നിന്നും പുട്ട് അടിക്കാന്‍ എനിക്കും അവകാശമുണ്ടായിരിക്കും.
എല്ലാവര്‍ക്കുമായി ഞാനും ഒരു വണ്‍ വേ ബെറ്റ്‌ ആരോടും പറയാതെ കരുതി വെച്ചിട്ടുണ്ട്. ഇലക്ഷന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനിടയില്‍ ഏതെന്കിലും ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്വാസം മുട്ടി ചത്താല്‍ എന്റെ വക എല്ലാര്‍ക്കും മുട്ടായി വിതരണം ഉണ്ടായിരിക്കുന്നതാണ്.

Friday, May 9, 2014

മലയാളിയുടെ മഴക്കാലം...

ഇന്നലെ മഴ പെയ്തു വെള്ളം നിലത്തു കൂടി ഒഴുകാന്‍ തുടങ്ങുന്നതിനു മുന്‍പേ വന്‍ നാശ നഷ്ടം എന്ന് പറഞ്ഞു മൂന്നു വര്ഷം മുന്‍പുള്ള വീഡിയോ തുടര്‍ച്ചയായി കാണിക്കുന്ന ചാനലുകാര്‍.. യെവന്മാരെ പറഞ്ഞിട്ട് കാര്യമില്ല കാരണം സൗദി അറേബ്യയിലെ വാര്‍ത്ത വായിക്കുമ്പോഴും ദുബായിലെ ഷെയിഖ് സായിദ് റോഡ്‌ കാണിക്കുന്നവരല്ലേ.. അവര്‍ക്ക് മലയാളികളുടെ ബുദ്ധി ശൂന്യത നന്നായറിയാം... 
ശക്തിയില്‍ ഒന്ന് മൂത്രമൊഴിച്ചാല്‍ പോലും വീട്ടില്‍ വെള്ളപ്പോക്കമുണ്ടാകുന്ന രീതിയില്‍ വീട് പണിതു "നശിച്ച മഴ" എന്ന് തെറി വിളിക്കുന്ന നാട്ടുകാര്‍.
മഴക്കാലത്ത് മരം പൊട്ടി വീഴും എന്നറിയാമായിട്ടും ഒരു മുന്കരുതലും എടുക്കാതെ .... ഇപ്പൊ കറണ്ടില്ല, റോഡ്‌ പോയി എന്നൊക്കെ നിലവിളിക്കുന്ന മലയോര മേഖല.
മലയാളികള്‍ ഒക്കെ എന്താ ഇന്നലെ ചൊവ്വയില്‍ നിന്നും ഭൂമിയില്‍ എത്തിയവരാണോ?? കഴിഞ്ഞ വര്‍ഷവും മഴ പെയ്തതല്ലേ??? അപ്പോഴും ഈ പ്രശനങ്ങളോന്നും ഉണ്ടായിരുന്നില്ലേ??? മഴ മാറി വെയില് വന്നില്ലേ?? അപ്പൊ ഈ മഴക്കാലത്തേക്ക് വല്ലതും ചെയ്തു വെച്ചോ??? ഏറ്റവും കുറഞ്ഞത്‌ ആ മഴ വെള്ളം ഒഴുകിപ്പോകാന്‍ ഒരു കാനയെങ്കിലും കീറിയോ??? ഓ... അത് ശരി.. അതൊക്കെ സര്‍ക്കാരിന്റെ പണിയാണല്ലേ.. ഞാന്‍ മറന്നു പോയി.. ക്ഷമി... 
പിന്നെ ഒരു കാര്യം... മഴയെ തെറി വിളിക്കുന്ന എല്ലാ മക്കളോടും ഒരു കാര്യം... കുറച്ചു നാള് കഴിഞ്ഞാല്‍ വേനല്‍ എന്ന പേരില്‍ കൊടും വരള്‍ച്ച വരാനുണ്ട്... അപ്പൊ സര്ക്കാര് വന്നു തൊണ്ടയില്‍ വെള്ളമൊഴിച്ച് തരും എന്ന് കാത്തിരുന്നാല്‍ വെള്ളം കുടിക്കാതെ ചത്തു പോകേണ്ടി വരും... അത് കൊണ്ട് ഇപ്പൊ ഭൂമിയില്‍ വീഴുന്ന മഴത്തുള്ളി ഒഴുകി പോകാതെ ഭൂമിയില്‍ താഴ്ന്നു പോകാന്‍ ഒരു കുഴിയെങ്കിലും കുഴിച്ചു വെക്കൂ... ഒരു കാര്യം കൂടി, വെള്ളമുള്ള കുഴിയില്‍ ആള്‍ക്കാര് വീണാല്‍ ചത്തു പോകും അത് കൊണ്ട് അതിനു വേണ്ട സുരക്ഷിതമായ ഒരു വേലി കൂടി നിര്‍മിക്കുക. ചൊവ്വയില്‍ നിന്നും ഇന്നലെ ഇറങ്ങിയ പോലെ നടക്കുന്ന നമ്മളൊക്കെ ഇനി എന്ന് പഠിക്കാനാ...