Saturday, October 25, 2014

മിന്ഷാ എന്ന സത്യസന്ധന്‍

പണ്ട് പണ്ട് ഒരു രാജ്യത്ത് മിന്ഷാ എന്ന് പേരുള്ള ഒരു യുവാവും അമ്മയും ജീവിച്ചിരുന്നു. കൃഷിപ്പണി ചെയ്തും വിറകു വെട്ടിയും ആണ് മിന്ഷാ തന്റെ വൃദ്ധ മാതാവിനെ പരിപാലിച്ചിരുന്നത്.

അങ്ങനെ ഒരു ദിവസം ഗ്രാമത്തില്‍ രാജാവിന്റെ ഭടന്മാര്‍ വന്നു പെരുമ്പറ മുഴക്കി ഒരു സന്ദേശം അറിയിച്ചു. മക്കളില്ലാത്ത രാജാവ് തന്റെ കാല ശേഷം രാജ ഭരണം ഏല്‍പ്പിക്കാന്‍ ഒരാളെ തേടുന്നു. ആരോഗ്യമുള്ള ആര്‍ക്കും ചില പരീക്ഷകളില്‍ വിജയിച്ചാല്‍ രാജാവിന്റെ പിന്തുടര്‍ച്ചക്കാരനാകാം.

അങ്ങനെ മാതാവിന്റെ അനുവാദവും വാങ്ങി മിന്ഷാ മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ കൊട്ടാരത്തിലേക്ക് യാത്രയായി. ആയോധന കലയിലും രാജാവിന്റെ എല്ലാ  പരീക്ഷകളിലും അതി സമര്‍ത്ഥരായ അഞ്ചു പേര്‍ വിജയിച്ചു. അതിലൊരാള്‍ മിന്ഷാ ആയിരുന്നു. രാജ് കൊട്ടാരത്തില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു.  ഇനി നടത്താന്‍ മത്സരങ്ങളില്ല.  രാജ ഭരണം ഒരാളെ മാത്രമേ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. രാജാവ് ചിന്താകുലനായി.  അങ്ങനെ അവസാനം രാജാവ് കടുത്ത ഒരു പരീക്ഷണം കൂടി നടത്താന്‍ തീരുമാനിച്ചു.

അഞ്ചു പേരെയും വിളിച്ചു കുറച്ചു  വിത്തുകളും ഒരു ചെടിച്ചട്ടിയും നല്‍കി. എന്നിട്ട് പറഞ്ഞു "നിങ്ങള്‍ ഈ വിത്തുകള്‍ മുളപ്പിച്ചു ഈ ചെടിച്ചട്ടിയില്‍ വളര്‍ത്തുക. ആറു മാസം കഴിഞ്ഞിട്ട് കൊണ്ട് വരിക. തിരിച്ചു വരാത്തവര്‍ക്ക് കടുത്ത ശിക്ഷ ഉണ്ടായിരിക്കുന്നതാണ്"

അങ്ങനെ ആറു മാസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു പോയി. വീട്ടിലെത്തിയ ഉടനെ മിന്ഷാ  വിത്ത്‌ നട്ടു വെള്ളവും നനച്ചു. പക്ഷെ മാസം ഒന്ന് കഴിഞ്ഞിട്ടും വിത്തുകള്‍ ഒന്നും മുളച്ചില്ല. മാസം മൂന്നു കഴിഞ്ഞിട്ടും രാജാവ് കൊടുത്ത് വിത്തുകള്‍ മുളച്ചില്ല. അവസാനം തന്റെ കൂടെ മത്സരത്തിനുള്ള മറ്റുള്ളവരുടെ ഗ്രാമങ്ങളില്‍ ചെന്ന് മിന്ഷാ അന്വേഷണം നടത്തി. എല്ലാവരുടെ ചെടിച്ചട്ടിയില്‍  വിത്തുകള്‍ മുളച്ചു ചെടികളായി വളര്‍ന്നു നില്‍ക്കുന്നത് കണ്ട മിന്ഷാ നിരാശനായി.

അവസാനം ആറു മാസം കഴിഞ്ഞു, അഞ്ചു പേരെയും രാജാവ് രാജ സദസില്‍ വിളിപ്പിച്ചു. ഓരോരുത്തരും അവരവരുടെ ചെടിച്ചട്ടികളുമായി രാജാവിന്റെ മുഖം കാണിച്ചു. ഏറ്റവും ഒടുവിലായി മിന്ഷാ മാതാവിനോടൊപ്പം രാജ സന്നിധിയിലെത്തി. ചെടിയോന്നുമില്ലാത്ത വെറും ചെടിച്ച്ചട്ടിയുമായി എത്തിയ മിന്ഷായെ കണ്ടു കൂടെയുള്ളവര്‍ ചിരിച്ചു. മത്സരത്തില്‍ താന്‍ തോറ്റു പോയല്ലോ എന്ന ചിന്ത മിന്ഷായെ കൂടുതല്‍ തളര്‍ത്തി.

രാജാവ് എഴുന്നള്ളി ഓരോ ചെടിച്ചട്ടിയും പരിശോദിച്ചു. അവസാനം മിന്ഷായുടെ ചെടിയില്ലാത്ത ചട്ടി കണ്ടപ്പോള്‍ രാജാവ് ചോദിച്ചു
"ഞാന്‍ തന്ന വിത്തുകള്‍ നീ എന്ത് ചെയ്തു...?"
"തിരു മനസ് പൊറുക്കണം, ആ വിത്തുകള്‍ ഒന്നും തന്നെ മുളച്ചില്ല. എന്റെ ഈ വൃദ്ധ മാതാവും ദൈവവും അതിനു സാക്ഷികളാണ്. അടിയനോട്‌ മാപ്പാക്കണം"

രാജാവ് സിംഹാസനത്തില്‍ ഉപവിഷ്ടനായി. അല്‍പ നേരത്തെ ആലോചനക്കു ശേഷം അദ്ദേഹം മിന്ഷായെ തന്റെ പിന്തുടര്‍ച്ചക്കാരനായി പ്രഖ്യാപിച്ചു. എന്നിട്ട് അതിനുള്ള കാരണവും അദ്ദേഹം വിവരിച്ചു.
"ഞാന്‍ നിങ്ങള്ക്ക് തന്നത് പുഴുങ്ങിയ വിത്തുകളായിരുന്നു, വിദഗ്ദ്ധരായ കര്‍ഷകര്‍ മുളക്കില്ല എന്ന് ഉറപ്പാക്കിയ വിത്തുകളായിരുന്നു അവ. രാജ ഭരണം കിട്ടാന്‍ വേണ്ടി എല്ലാവരും മുളക്കാത്ത വിത്തിന് പകരം മറ്റു വിത്തുകള്‍ മുളപ്പിച്ചു ചെടികലാക്കി കൊണ്ട് വന്നപ്പോള്‍ മിന്ഷാ മാത്രം സത്യസന്തത കാണിച്ചു. അതില്‍ നാം തൃപ്തനായിരിക്കുന്നു. അതിനാല്‍ നമ്മുടെ പിന്തുടര്‍ച്ചക്കാരനായി നാം മിന്ഷായെ നിയമിച്ചിരിക്കുന്നു... ആരവിടെ ... കള്ളത്തരം കാണിച്ച മറ്റു നാല് പേരെയും തുറങ്കിലടക്കൂ...."

അങ്ങനെ രാജാവിന്റെ കാല ശേഷം സത്യസന്ധനായ മിന്ഷാ വര്‍ഷങ്ങളോളം ആ രാജ്യത്തെ ഭരണാധികാരിയായി വാണു.

"ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വന്നാലും സത്യത്തെ മുറുകെ പിടിക്കുക"

Saturday, October 18, 2014

അയാള്‍, ഒരു സ്വപ്ന സഞ്ചാരി.

തന്റെ അടുത്തിരിക്കുന്ന പെണ്‍കുട്ടി തട്ടം വലിച്ചു മുഖം മറച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്.
"ക്ഷമിക്കണം.. ഞാന്‍ എന്തോ ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഓര്‍ക്കാതെ നിങ്ങളെ തുറിച്ചു നോക്കിപ്പോയതാണ്‌... ക്ഷമിക്കണം." അയാള്‍ പറഞ്ഞു.

വിശാലമായ ബീച്ചില്‍ സിമന്റു ബഞ്ചില്‍ എപ്പോഴാണ് ഇരുന്നത് എന്നയാള്‍ക്ക് ഓര്‍മയില്ല ,  വണ്ടി എവിടെയോ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ക്യാമറയും തൂക്കി നടക്കുമ്പോള്‍ നല്ല ഒരു ഫ്രെയിം മാത്രമായിരുന്നു ആലോചന. ചിന്തകള്‍  പിന്നീട് നാട്ടിലേക്കും വീട്ടിലേക്കും പറന്നു പോയി. സ്ഥല കാല ബോധമില്ലാതെ അയാള്‍ ബീചിലൂടെ അലസമായി നടക്കുകയായിരുന്നു. അബോധാവസ്ഥയില്‍  എപ്പോഴോ അയാള്‍ ആ ബെഞ്ചിലിരുന്നു. ബഞ്ചിന്റെ മറ്റേ തലക്കല്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയില്‍ നിന്നുള്ള ഒരു ചെറിയ ചലനം അയാളെ ചിന്തയില്‍ നിന്നും ഉയര്‍ത്തുകയായിരുന്നു. സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് അയാള്‍ക്ക്‌ മനസിലായിത് താന്‍ ബീച്ചില്‍ ഒരു ബെഞ്ചില്‍ ഇരിക്കുകയാണെന്നു. ബെഞ്ചിന്റെ മറ്റേ അറ്റത്ത് പുസ്തകം വായിച്ചിരുന്ന പെണ്‍കുട്ടിയെ താന്‍ തുറിച്ചു നോക്കുകയായിരുന്നു എന്നാ ചിന്ത അയാളെ അലോസരപ്പെടുത്തി.

താന്‍ എപ്പോഴും ചെയ്യുന്ന ഒരു  ദുശീലമാണ് ഈ തുറിച്ചു നോട്ടം. പല സ്ഥലങ്ങളിലും തനിക്ക് ഈ തുറിച്ചു നോട്ടം കൊണ്ട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. മാത്രവുമല്ല എന്തെങ്കിലും കാര്യമായി ആലോചിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഔട്ട്‌ ഓഫ് ഫോക്കസ് ആവുകയും അത് മറ്റുള്ളവര്‍ക്ക് തുറിച്ചു നോട്ടമായി അനുഭവപ്പെടാറുമാണ് പതിവ്. ഇതില്‍ നിന്നും മോചനം അയാള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു.

"എന്തൊക്കെയോ ഓര്‍ത്തു നടന്നപ്പോ ചിന്ത നാടു വിട്ടു.. അതിനിടയില്‍ ഇവിടെ വന്നിരുന്നതും ഞാന്‍ അറിഞ്ഞില്ല.. തുറിച്ചു നോക്കി നിങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം... അറിഞ്ഞു കൊണ്ടല്ല.." അയാളുടെ വാക്കുകളില്‍ ഹൃദ്യമായ ഒരു മാപ്പപേക്ഷ ഉണ്ടായിരുന്നു. അതവളെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

"ഫോട്ടോഗ്രാഫര്‍മാര്‍ ഒരു വിധമൊക്കെ ഇങ്ങനെ തന്നെയാ... വ്യൂ ഫൈന്ററില്‍ കാണുന്നതെല്ലാം സബ്ജക്റ്റ് ആയി മാത്രം കരുതുന്നവര്‍.. അതിലെ വെളിച്ചവും വെളിച്ചക്കുറവും മാത്രമാണ് നിങ്ങളുടെ വിഷയം. അപ്പോള്‍ ഈ നോട്ടം സ്വാഭാവികം... സബ്ജക്റ്റിനു മനസുണ്ടോ ജീവനുണ്ടോ എന്നൊന്നും ചിന്തിക്കാറില്ല. ." അവളുടെ വാക്കുകളില്‍ എവിടെയൊക്കെയോ ഒരു നിരാശ പടര്‍ന്നു കയറിയതായി അയാള്‍ക്ക്‌ തോന്നി. മഴക്കാലത്ത് വീടിന്റെ തറയില്‍ പച്ച നിറത്തില്‍ പടര്‍ന്നു കയറുന്ന പായല്‍ ആയിരുന്നു അയാളുടെ മനസ്സില്‍ .... അതിനിടയില്‍ ചാര നിറത്തില്‍ പ്രത്യേക രൂപത്തില്‍ കാണുന്ന പൂപ്പല്‍ അവളുടെ സങ്കടങ്ങളായി അയാള്‍ക്ക്‌ തോന്നി.

അവള്‍ പറഞ്ഞ വാക്കുകളുടെ വിശദീകരണം ചോദിക്കാന്‍ അയാള്‍ക്ക്‌ മനസ് വന്നില്ല. കാരണം അവള്‍ പറഞ്ഞ കാരണം ആയിരുന്നില്ല അയാളുടെ മനസ്സില്‍. ഫോട്ടോഗ്രാഫര്‍ ചിലപ്പോള്‍ അങ്ങനെ ആയിരിക്കാം പക്ഷെ തന്റെ തുറിച്ചു നോട്ടത്തിനു പിന്നിലുള്ള കാരണം അതല്ല.

ദൂരെ അലയടിക്കുന്ന തിരമാലകളിലേക്ക് അയാള്‍ നോക്കിയിരുന്നു. കരയില്‍ വന്നു പതഞ്ഞു പൊങ്ങി കരയെ തലോടി തിരിച്ചു പോകുന്ന കടല്‍.  തലോടി തിരിച്ചു പോകുമ്പോള്‍ കരയുടെ രോമാഞ്ചം പോലെ മണല്‍തരികള്‍ നനഞ്ഞു പ്രത്യേക നിറം നേടുന്നു.

വീണ്ടും അയാളുടെ ചിന്ത പറന്നകന്നു.

അയാളുടെ മുത്തച്ചന്‍ അന്ധനായിരുന്നു. അയാള്‍ക്ക്‌ അറിവ് വെച്ച കാലം തൊട്ടേ ഒരു മുറിയില്‍ കിഴക്കോട്ടു  നോക്കി ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ടയാളായിരുന്നു അയാളുടെ മുത്തച്ചന്‍. തെക്ക് ഭാഗത്തുള്ള ജനാലയിലെക്ക് ഒരിക്കല്‍ പോലും അയാളുടെ മുത്തച്ചന്‍ നോക്കിയിരിക്കുന്നത് അയാള്‍ കണ്ടിട്ടില്ല. ഈ ജിജ്ഞാസയാണ് മുത്തച്ഛന്റെ മുന്നില്‍ ഇരുന്നു കണ്ണ് കാണാത്ത മുത്തച്ചനെ നോക്കിയിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. ജിജ്ഞാസ പിന്നീട് ഒരു തരാം തുറിച്ചു നോട്ടതിലേക്ക് അയാളെ നയിച്ച്‌.

സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ അയാള്‍ നേരെ മുത്തച്ഛന്റെ മുറിയുടെ മുന്നിലെത്തും പാത്ത് പതുങ്ങി ശബ്ദമുണ്ടാക്കാതെ മുത്തച്ഛന്റെ മുഖത്തെക്ക് തുറിച്ചു നോക്കിയിരിക്കും. ഒരിക്കലെങ്കിലും ജനാലയിലേക്ക് മുത്തച്ചന്‍ തിരിഞ്ഞു നോക്കുന്നത് കണ്ടു പിടിക്കാനുള്ള ഒരു തരം വാശിയായിരുന്നു. മുത്തച്ചന്‍ അറിയാതെയുള്ള ഈ തുറിച്ചു നോട്ടം അയാളല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.

ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ തുറിച്ചു നോക്കുന്നതിനിടയില്‍ അയാളുടെ മനസിന്റെ സഞ്ചാരവും വര്‍ധിച്ചു. രാവിലെ മുതല്‍ നടന്ന സംഭവങ്ങള്‍ ഈ നോട്ടത്തിനിടക്ക് അയാളുടെ മനസിലേക്ക് വരാന്‍ തുടങ്ങി. അതിലൂടെ സ്വപ്ന യാത്ര അയാള്‍ നടത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ കാല്‍പ്പനികവും മറ്റു ചിലപ്പോള്‍ ആകാംക്ഷാജനകവും ആയ ചിന്തകള്‍ അയാളെ പലപ്പോഴും എവിടെയൊക്കെയോ എത്തിച്ചു. വളരെ സമയം കഴിയുമ്പോള്‍ എന്തെങ്കിലും ശബ്ദമോ ചെറിയ ചലനമോ വീണ്ടും അയാളെ സ്വബോധത്തിലേക്ക് കൂട്ടിക്കൊണ്ടു വരും.

കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത മുത്തച്ചനും കാഴ്ച്ചയുണ്ടായിട്ടും ഒന്നും കാണാതെ ഇരിക്കുന്ന അയാളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അന്ധന്മാരായിരുന്നു. ഈ അന്ധമായ യാത്ര അയാളെ അടിമപ്പെടുത്തുകയായിരുന്നു. പതുക്കെ പതുക്കെ ഏകാന്തമായ സമയങ്ങളില്‍ ബുക്കിലെക്കോ ദൂരെ മല നിരകളിലെക്കോ തുറിച്ചു നോക്കിയിരുന്നു സ്വപനം കാണുന്ന ശീലം അയാളെ പിടി കൂടിയിരുന്നു.

മുത്തച്ഛന്റെ മരണശേഷവും   ഈ തുറിച്ചു നോക്കിയുള്ള സ്വപ്ന സഞ്ചാരം ഒരു ദുശീലമായി അയാളെ  പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. കോളേജിലും അത് കഴിഞ്ഞുള്ള ജോലി സ്ഥലങ്ങളിലും അയാളെ ഈ തുറിച്ചു നോട്ടം അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. പല സ്ഥലങ്ങളിലും അയാള്‍ ബുദ്ധി ജീവി എന്നും വായി നോക്കി എന്നും പല പേരുകളില്‍ അറിയപ്പെട്ടു.

"എന്താണ് ഇത്ര വലിയ ചിന്ത...?" അവളുടെ ചോദ്യം അയാളെ വീണ്ടും ഉണര്‍ത്തി.

"പ്രത്യേകിച്ച് ഒന്നുമില്ല... അതല്ല ഞാന്‍ ആലോചിക്കുകയായിരുന്നു... നിങ്ങള്‍ എന്തിനാണ് ഞാന്‍ തുറിച്ചു നോക്കിയപ്പോള്‍ ചീത്ത പറയുന്നതിന് പകരം  മുഖം തട്ടം കൊണ്ട് മറച്ചതു.....???   അയാള്‍ അലസമായി ചോദിച്ചു.

"ചെറുപ്പത്തിലെ ചില ശീലങ്ങള്‍ എത്ര പ്രായമായാലും നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും... ആ യാത്രര്ത്യത്തിനു പുറത്തു നാം എത്ര മേല്‍ മുഖം മൂടി ധരിച്ചാലും ചില സമയങ്ങളില്‍ അത് പുറത്തു വരിക തന്നെ ചെയ്യും...  ജീവിതം മുന്നോട്ടു നയിക്കുന്നത് പോലും ചിലപ്പോള്‍ ഈ ചറിയ ഓര്‍മകളും ശീലുങ്ങലുമായിരിക്കും....."

അത് പറഞ്ഞു കൊണ്ട് അയാളെ നോക്കി അവള്‍ പുഞ്ചിരിച്ചു. പിന്നെ സാവധാനം തന്റെ ബുക്കും ബാഗുമെടുത്ത് നടന്നു നീങ്ങി. അവള്‍   ദൂരേക്ക്‌  അവള്‍ നടന്നു നീങ്ങുമ്പോള്‍ അവള്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകാതെ അവളുടെ പിന്‍ ഭാഗത്ത് തന്നെ അയാള്‍ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു. മങ്ങിയ ആ ചലനം ദൂരെ എവിടെയോ ലയിച്ചു ചേരുന്നത് വരെ....