Saturday, October 18, 2014

അയാള്‍, ഒരു സ്വപ്ന സഞ്ചാരി.

തന്റെ അടുത്തിരിക്കുന്ന പെണ്‍കുട്ടി തട്ടം വലിച്ചു മുഖം മറച്ചപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്.
"ക്ഷമിക്കണം.. ഞാന്‍ എന്തോ ചിന്തിച്ചിരിക്കുന്നതിനിടയില്‍ ഓര്‍ക്കാതെ നിങ്ങളെ തുറിച്ചു നോക്കിപ്പോയതാണ്‌... ക്ഷമിക്കണം." അയാള്‍ പറഞ്ഞു.

വിശാലമായ ബീച്ചില്‍ സിമന്റു ബഞ്ചില്‍ എപ്പോഴാണ് ഇരുന്നത് എന്നയാള്‍ക്ക് ഓര്‍മയില്ല ,  വണ്ടി എവിടെയോ പാര്‍ക്ക് ചെയ്തിട്ടുണ്ട്. ക്യാമറയും തൂക്കി നടക്കുമ്പോള്‍ നല്ല ഒരു ഫ്രെയിം മാത്രമായിരുന്നു ആലോചന. ചിന്തകള്‍  പിന്നീട് നാട്ടിലേക്കും വീട്ടിലേക്കും പറന്നു പോയി. സ്ഥല കാല ബോധമില്ലാതെ അയാള്‍ ബീചിലൂടെ അലസമായി നടക്കുകയായിരുന്നു. അബോധാവസ്ഥയില്‍  എപ്പോഴോ അയാള്‍ ആ ബെഞ്ചിലിരുന്നു. ബഞ്ചിന്റെ മറ്റേ തലക്കല്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നതും അയാള്‍ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയില്‍ നിന്നുള്ള ഒരു ചെറിയ ചലനം അയാളെ ചിന്തയില്‍ നിന്നും ഉയര്‍ത്തുകയായിരുന്നു. സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് അയാള്‍ക്ക്‌ മനസിലായിത് താന്‍ ബീച്ചില്‍ ഒരു ബെഞ്ചില്‍ ഇരിക്കുകയാണെന്നു. ബെഞ്ചിന്റെ മറ്റേ അറ്റത്ത് പുസ്തകം വായിച്ചിരുന്ന പെണ്‍കുട്ടിയെ താന്‍ തുറിച്ചു നോക്കുകയായിരുന്നു എന്നാ ചിന്ത അയാളെ അലോസരപ്പെടുത്തി.

താന്‍ എപ്പോഴും ചെയ്യുന്ന ഒരു  ദുശീലമാണ് ഈ തുറിച്ചു നോട്ടം. പല സ്ഥലങ്ങളിലും തനിക്ക് ഈ തുറിച്ചു നോട്ടം കൊണ്ട് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. മാത്രവുമല്ല എന്തെങ്കിലും കാര്യമായി ആലോചിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ ഔട്ട്‌ ഓഫ് ഫോക്കസ് ആവുകയും അത് മറ്റുള്ളവര്‍ക്ക് തുറിച്ചു നോട്ടമായി അനുഭവപ്പെടാറുമാണ് പതിവ്. ഇതില്‍ നിന്നും മോചനം അയാള്‍ വളരെയധികം ആഗ്രഹിച്ചിരുന്നു.

"എന്തൊക്കെയോ ഓര്‍ത്തു നടന്നപ്പോ ചിന്ത നാടു വിട്ടു.. അതിനിടയില്‍ ഇവിടെ വന്നിരുന്നതും ഞാന്‍ അറിഞ്ഞില്ല.. തുറിച്ചു നോക്കി നിങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം... അറിഞ്ഞു കൊണ്ടല്ല.." അയാളുടെ വാക്കുകളില്‍ ഹൃദ്യമായ ഒരു മാപ്പപേക്ഷ ഉണ്ടായിരുന്നു. അതവളെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.

"ഫോട്ടോഗ്രാഫര്‍മാര്‍ ഒരു വിധമൊക്കെ ഇങ്ങനെ തന്നെയാ... വ്യൂ ഫൈന്ററില്‍ കാണുന്നതെല്ലാം സബ്ജക്റ്റ് ആയി മാത്രം കരുതുന്നവര്‍.. അതിലെ വെളിച്ചവും വെളിച്ചക്കുറവും മാത്രമാണ് നിങ്ങളുടെ വിഷയം. അപ്പോള്‍ ഈ നോട്ടം സ്വാഭാവികം... സബ്ജക്റ്റിനു മനസുണ്ടോ ജീവനുണ്ടോ എന്നൊന്നും ചിന്തിക്കാറില്ല. ." അവളുടെ വാക്കുകളില്‍ എവിടെയൊക്കെയോ ഒരു നിരാശ പടര്‍ന്നു കയറിയതായി അയാള്‍ക്ക്‌ തോന്നി. മഴക്കാലത്ത് വീടിന്റെ തറയില്‍ പച്ച നിറത്തില്‍ പടര്‍ന്നു കയറുന്ന പായല്‍ ആയിരുന്നു അയാളുടെ മനസ്സില്‍ .... അതിനിടയില്‍ ചാര നിറത്തില്‍ പ്രത്യേക രൂപത്തില്‍ കാണുന്ന പൂപ്പല്‍ അവളുടെ സങ്കടങ്ങളായി അയാള്‍ക്ക്‌ തോന്നി.

അവള്‍ പറഞ്ഞ വാക്കുകളുടെ വിശദീകരണം ചോദിക്കാന്‍ അയാള്‍ക്ക്‌ മനസ് വന്നില്ല. കാരണം അവള്‍ പറഞ്ഞ കാരണം ആയിരുന്നില്ല അയാളുടെ മനസ്സില്‍. ഫോട്ടോഗ്രാഫര്‍ ചിലപ്പോള്‍ അങ്ങനെ ആയിരിക്കാം പക്ഷെ തന്റെ തുറിച്ചു നോട്ടത്തിനു പിന്നിലുള്ള കാരണം അതല്ല.

ദൂരെ അലയടിക്കുന്ന തിരമാലകളിലേക്ക് അയാള്‍ നോക്കിയിരുന്നു. കരയില്‍ വന്നു പതഞ്ഞു പൊങ്ങി കരയെ തലോടി തിരിച്ചു പോകുന്ന കടല്‍.  തലോടി തിരിച്ചു പോകുമ്പോള്‍ കരയുടെ രോമാഞ്ചം പോലെ മണല്‍തരികള്‍ നനഞ്ഞു പ്രത്യേക നിറം നേടുന്നു.

വീണ്ടും അയാളുടെ ചിന്ത പറന്നകന്നു.

അയാളുടെ മുത്തച്ചന്‍ അന്ധനായിരുന്നു. അയാള്‍ക്ക്‌ അറിവ് വെച്ച കാലം തൊട്ടേ ഒരു മുറിയില്‍ കിഴക്കോട്ടു  നോക്കി ജീവിതം തള്ളി നീക്കാന്‍ വിധിക്കപ്പെട്ടയാളായിരുന്നു അയാളുടെ മുത്തച്ചന്‍. തെക്ക് ഭാഗത്തുള്ള ജനാലയിലെക്ക് ഒരിക്കല്‍ പോലും അയാളുടെ മുത്തച്ചന്‍ നോക്കിയിരിക്കുന്നത് അയാള്‍ കണ്ടിട്ടില്ല. ഈ ജിജ്ഞാസയാണ് മുത്തച്ഛന്റെ മുന്നില്‍ ഇരുന്നു കണ്ണ് കാണാത്ത മുത്തച്ചനെ നോക്കിയിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. ജിജ്ഞാസ പിന്നീട് ഒരു തരാം തുറിച്ചു നോട്ടതിലേക്ക് അയാളെ നയിച്ച്‌.

സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ അയാള്‍ നേരെ മുത്തച്ഛന്റെ മുറിയുടെ മുന്നിലെത്തും പാത്ത് പതുങ്ങി ശബ്ദമുണ്ടാക്കാതെ മുത്തച്ഛന്റെ മുഖത്തെക്ക് തുറിച്ചു നോക്കിയിരിക്കും. ഒരിക്കലെങ്കിലും ജനാലയിലേക്ക് മുത്തച്ചന്‍ തിരിഞ്ഞു നോക്കുന്നത് കണ്ടു പിടിക്കാനുള്ള ഒരു തരം വാശിയായിരുന്നു. മുത്തച്ചന്‍ അറിയാതെയുള്ള ഈ തുറിച്ചു നോട്ടം അയാളല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.

ദിവസങ്ങള്‍ കടന്നു പോയപ്പോള്‍ തുറിച്ചു നോക്കുന്നതിനിടയില്‍ അയാളുടെ മനസിന്റെ സഞ്ചാരവും വര്‍ധിച്ചു. രാവിലെ മുതല്‍ നടന്ന സംഭവങ്ങള്‍ ഈ നോട്ടത്തിനിടക്ക് അയാളുടെ മനസിലേക്ക് വരാന്‍ തുടങ്ങി. അതിലൂടെ സ്വപ്ന യാത്ര അയാള്‍ നടത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ കാല്‍പ്പനികവും മറ്റു ചിലപ്പോള്‍ ആകാംക്ഷാജനകവും ആയ ചിന്തകള്‍ അയാളെ പലപ്പോഴും എവിടെയൊക്കെയോ എത്തിച്ചു. വളരെ സമയം കഴിയുമ്പോള്‍ എന്തെങ്കിലും ശബ്ദമോ ചെറിയ ചലനമോ വീണ്ടും അയാളെ സ്വബോധത്തിലേക്ക് കൂട്ടിക്കൊണ്ടു വരും.

കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത മുത്തച്ചനും കാഴ്ച്ചയുണ്ടായിട്ടും ഒന്നും കാണാതെ ഇരിക്കുന്ന അയാളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അന്ധന്മാരായിരുന്നു. ഈ അന്ധമായ യാത്ര അയാളെ അടിമപ്പെടുത്തുകയായിരുന്നു. പതുക്കെ പതുക്കെ ഏകാന്തമായ സമയങ്ങളില്‍ ബുക്കിലെക്കോ ദൂരെ മല നിരകളിലെക്കോ തുറിച്ചു നോക്കിയിരുന്നു സ്വപനം കാണുന്ന ശീലം അയാളെ പിടി കൂടിയിരുന്നു.

മുത്തച്ഛന്റെ മരണശേഷവും   ഈ തുറിച്ചു നോക്കിയുള്ള സ്വപ്ന സഞ്ചാരം ഒരു ദുശീലമായി അയാളെ  പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. കോളേജിലും അത് കഴിഞ്ഞുള്ള ജോലി സ്ഥലങ്ങളിലും അയാളെ ഈ തുറിച്ചു നോട്ടം അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. പല സ്ഥലങ്ങളിലും അയാള്‍ ബുദ്ധി ജീവി എന്നും വായി നോക്കി എന്നും പല പേരുകളില്‍ അറിയപ്പെട്ടു.

"എന്താണ് ഇത്ര വലിയ ചിന്ത...?" അവളുടെ ചോദ്യം അയാളെ വീണ്ടും ഉണര്‍ത്തി.

"പ്രത്യേകിച്ച് ഒന്നുമില്ല... അതല്ല ഞാന്‍ ആലോചിക്കുകയായിരുന്നു... നിങ്ങള്‍ എന്തിനാണ് ഞാന്‍ തുറിച്ചു നോക്കിയപ്പോള്‍ ചീത്ത പറയുന്നതിന് പകരം  മുഖം തട്ടം കൊണ്ട് മറച്ചതു.....???   അയാള്‍ അലസമായി ചോദിച്ചു.

"ചെറുപ്പത്തിലെ ചില ശീലങ്ങള്‍ എത്ര പ്രായമായാലും നമ്മെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും... ആ യാത്രര്ത്യത്തിനു പുറത്തു നാം എത്ര മേല്‍ മുഖം മൂടി ധരിച്ചാലും ചില സമയങ്ങളില്‍ അത് പുറത്തു വരിക തന്നെ ചെയ്യും...  ജീവിതം മുന്നോട്ടു നയിക്കുന്നത് പോലും ചിലപ്പോള്‍ ഈ ചറിയ ഓര്‍മകളും ശീലുങ്ങലുമായിരിക്കും....."

അത് പറഞ്ഞു കൊണ്ട് അയാളെ നോക്കി അവള്‍ പുഞ്ചിരിച്ചു. പിന്നെ സാവധാനം തന്റെ ബുക്കും ബാഗുമെടുത്ത് നടന്നു നീങ്ങി. അവള്‍   ദൂരേക്ക്‌  അവള്‍ നടന്നു നീങ്ങുമ്പോള്‍ അവള്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകാതെ അവളുടെ പിന്‍ ഭാഗത്ത് തന്നെ അയാള്‍ തുറിച്ചു നോക്കിയിരിക്കുകയായിരുന്നു. മങ്ങിയ ആ ചലനം ദൂരെ എവിടെയോ ലയിച്ചു ചേരുന്നത് വരെ.... 

2 comments:

  1. അതെ..ചൊട്ടയിലെ ശീലം ചുടല വരെ ന്നല്ലേ?..rr

    ReplyDelete
  2. ഒരു നല്ല വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറാകുക. പ്രകൃതിയെയും ജീവജാലങ്ങളെയും ആത്മാർത്ഥമായി നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുക. അവയ്ക്ക് ഈഗോ ഇല്ല. അവയുടെ ഭാഗമായി നിന്നുകൊണ്ട് ചിത്രങ്ങൾ പകർത്തുക. അതിനുശേഷം മാത്രം ക്യാമറയുമായി ആളുകളുടെയിടയിൽ ഇറങ്ങുക. സബ്ജക്ടിന്റെ ഈഗോ ആണോ ഫോട്ടോഗ്രാഫറുടെ മനസ്സ് ആണോ പ്രശ്നമുണ്ടാക്കുന്നതെന്ന് അപ്പോൾ തിരിച്ചറിയാം. സ്വന്തം ജീവിതത്തിന്റെ ഭാഗമല്ല എന്നുവരുന്ന സന്ദർഭങ്ങളിൽ ചിത്രമെടുക്കാതിരിക്കാനുള്ള വിവേകം ഉണ്ടായിരിക്കുക.
    മൊബൈൽക്യാമറ ഉണ്ടാകുന്നതിനുമുൻപുപോലും എല്ലാവരും ഫോട്ടോഗ്രാഫർമാരായിരുന്നു. കണ്ണുകളാകുന്ന ക്യാമറ ഉള്ളതുകൊണ്ട്.

    ReplyDelete