Monday, November 17, 2014

കോഴിയുടെ സത്യം.

പണ്ടു പണ്ടു ഒരു രാജ്യത്ത് രാമു എന്നും  ദാമു എന്നും പേരുള്ള   രണ്ടു കര്‍ഷകര്‍ ജീവിച്ചിരുന്നു. കൃഷിയില്‍ പൊതുവേ മടിയനായ രാമു  അസൂയാലു കൂടി ആയിരുന്നു. സത്യ സന്ധനായ ദാമുവിന്റെ കഠിനാധ്വാനത്തിന്റെ ഫലം  മോഷ്ടിച്ചും കയ്യേറിയും സ്വന്തമാക്കുക എന്നതായിരുന്നു രാമുവിന്റെ പ്രധാന ജോലി.  ഇവര്‍ തമ്മില്‍  വഴക്ക് പതിവായിരുന്നു.

ഒരു ദിവസം രാവിലെ ദാമു രാമുവിന്റെ വീട്ടിലെത്തി. തന്റെ വീട്ടിലെ കോഴി ഇന്നലെയും ഇന്നും ഇവിടെ മുട്ടയിട്ടിട്ടുന്ടെന്നും അത് തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ദാമുവിന്റെ കോഴിയെയോ മുട്ടയോ താന്‍ കണ്ടിട്ട് പോലുമില്ലെന്നും രാമുവും തിരിച്ചടിച്ചു. പരസ്പരം വാക്കേറ്റമായി, അടിപിടിയായി. അവസാനം ദാമു ഗ്രാമത്തലവന്റെ മുന്നിലെത്തി പരാതി ബോധിപ്പിച്ചു.

വളരെ ചെറിയ പരാതി ആണെങ്കിലും സത്യസന്ധമായി പരാതി പരിഹരിക്കാന്‍ മിടുക്കനായിരുന്നു ആ നാട്ടിലെ ഗ്രാമത്തലവന്‍. ദാമുവിന്റെ പരാതി കേട്ട ഗ്രാമത്തലവന്‍ രാമുവിനെ വിളിപ്പിച്ചു. എല്ലാ വിവരങ്ങളും ചോദിച്ചു. പക്ഷെ രാമു ഒന്നും തന്നെ സമ്മതിച്ചില്ല. ദാമുവിന്റെ പരാതി കള്ളമാണെന്നും മനപ്പൂര്‍വ്വം തന്നെ അതിക്ഷേപിക്കുന്നതാണെന്നും വാദിച്ചു. സാക്ഷികള്‍ ആരും തന്നെ ഇല്ലാത്തതിനാല്‍ ഗ്രാമത്തലവന്‍ പരാതി എങ്ങനെ പരിഹരിക്കും എന്ന് ആലോചിച്ചിരുന്നു. അവസാനം ഗ്രാമത്തലവന്‍ തന്റെ അമ്മയുടെ മുന്നിലെത്തി പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ ആവശ്യപ്പെട്ടു. വൃദ്ധയായ മാതാവ്  പരാതിക്കാരായ രണ്ടു പേരെയും അടുത്തു വിളിച്ചു. 

"ഈ കേസില്‍ മനുഷ്യരായി സാക്ഷികള്‍ ആരും തന്നെ ഇല്ല. എങ്കിലും ദൈവം ഇവിടെ സാക്ഷിയാണ്.  ദൈവത്തിന്റെ നിയമങ്ങള്‍ സത്യമുള്ളതാണ് അതില്‍ തെറ്റ് സംഭവിക്കില്ല. അത് കൊണ്ട് വിധി പറയുന്നതിനായി ഈ പരാതി ദൈവത്തിന്റെ മുന്നില്‍ സമര്‍പ്പിക്കുക. ഇനി ഒരു മാസക്കാലം നിങ്ങള്‍ തമ്മില്‍ കാണരുത്, സംസാരിക്കരുത്. " 

ശേഷം ഗ്രാമത്തലവനെ വിളിച്ചു കൊണ്ട് സ്വകാര്യമായി പറഞ്ഞു. "ഒരു മാസം കഴിയുമ്പോള്‍ ഇതില്‍ ഒരാള്‍ കള്ളം പറയുന്നുണ്ടെന്ന് ദൈവം നിനക്ക് കാണിച്ചു തരും" മാതാവിന്റെ വാക്കുകള്‍ ശിരസാവഹിച്ചു എല്ലാവരും പിരിഞ്ഞു പോയി.

ഗ്രാമ മുഖ്യന്‍ പരാതി പരിഹരിക്കാത്തതില്‍  രാമു വളരെ സന്തോഷവാനായി, തന്റെ പരാതി വിധി പറയാതെ തള്ളിയതില്‍ ദാമു ദുഖിതനായി.  അങ്ങനെ ഒരു മാസം കഴിഞ്ഞു. ഗ്രാമ മുഖ്യന്‍ തന്റെ വൃദ്ധ മാതാവിനെയും കൂട്ടി ഈ പരാതിക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചു.  രണ്ടു വീടുകളും സന്ദര്‍ശിച്ച മാതാവ് രാമു കള്ളനാണെന്ന് വിധിച്ചു. ഗ്രാമ മുഖ്യന്‍ മാതാവിനോട് ഭവ്യതയോടെ ഈ വിധിയുടെ വിശദീകരണം ആവശ്യപ്പെട്ടു.

"കോഴിക്ക് സത്യമുണ്ട്, നോക്കൂ.... ഇത്രയും ദിവസം താന്‍ മുട്ടയിട്ട അതെ സ്ഥലത്ത് മാത്രമേ അത് അടയിരിക്കുകയുള്ളൂ. രാമുവിന്റെ വീടിന്റെ അടുക്കളയില്‍ അത് അടയിരിക്കുന്നത് കണ്ടില്ലേ?  നിങ്ങള്‍ എത്രയൊക്കെ അതിനെ ആട്ടി ഓടിച്ചു വിട്ടാലും അത് ഈ സ്ഥലത്ത് തന്നെ തിരികെയെത്തും, കാരണം അത് മുട്ടയിട്ടിരിക്കുന്നത് അവിടെയാണ്. അത് ദൈവത്തിന്റെ നിയമമാണ് അത് തെറ്റില്ല."

വളരെ ശാസ്ത്രീയമായ വിധി കേട്ട ഗ്രാമവാസികള്‍ സന്തോഷിച്ചു. ഉടനെ ദാമുവിന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി.കള്ളം പറഞ്ഞ രാമു കല്‍ത്തുറങ്കിലുമായി.
------------------------------------------------------------------------
പ്രകൃതിയുടെ നിയമങ്ങള്‍ സത്യമാണ്. അത് മനുഷ്യന് തെറ്റിക്കാന്‍ സാധിക്കില്ല.

No comments:

Post a Comment