നാട്ടിലുള്ള മഖാമുകളിലെല്ലാം ഉറൂസ് എന്നാ വാര്‍ഷിക പള്ളി നേര്‍ച്ച കൊണ്ടാടുന്നത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഉള്ള മാസങ്ങളില്‍ ആയിരുന്നു. മഴ കുറഞ്ഞു ഒരു വിധം നല്ല കാലാവസ്ഥ ഉള്ള ഒരു സമയമാണിത്.
കശുവണ്ടി കട്ട് പെറുക്കിയും , തോട്ടത്തില്‍ വീണു കിടക്കുന്ന കുരു മുളക് പെറുക്കിയും ഒരുക്കി കൂട്ടി വെക്കുന്ന ചില്ലറ നാണയങ്ങളുമായി നടന്നും ഓടിയും ഉറൂസ് നഗരിയില്‍ എത്തും. മഖാമില്‍ പൈസ ഇടണം എന്ന് പറഞ്ഞു ഉമ്മാനോടു വാങ്ങുന്ന അഞ്ചു രൂപയില്‍ നിന്നും അമ്പതു പൈസ ഭണ്ടാരത്തിലിട്ടു ബാക്കി കാശുമായി ചന്തയിലേക്ക് ഓടും. കാറിന്റെയും ലോരിയുടെയും വില കേട്ട് ഞെട്ടി അവസാനം വല്ല ബലൂണോ പീപിയോ വാങ്ങി നിരാശയോടെ വീട്ടിലേക്ക് മടങ്ങുന്ന പ്രായം അല്ലെങ്കില്‍ കാലം....
കുന്നുംകൈ മഖാം ഉറൂസ്. ഞായറാഴ്ച , അവസാന ദിവസം. രാവിലെ മദ്രസ വിട്ടു വന്ന ഉടനെ പത്തര മണിയോടെ ഞങ്ങള്‍ നാല് പേര്‍ കുന്നുകൈക്ക് നടത്തം തുടങ്ങി. ഞാനും ഫൈസലും പിന്നെ റാഫിയും വേറെ ആരോ ഒരാളും കൂടെ ഉണ്ടായിരുന്നു. ശെരിക്കു ഓര്‍ക്കുന്നില്ല.
ഓടി തോല്പ്പിച്ചും, ഒരു ഇല പറിച്ചെടുത്ത് അത് പോലത്തെ ഇല മറ്റുള്ളവരോട് പെട്ടെന്ന് കണ്ടെത്താന്‍ പറഞ്ഞും , കൂകിയും ചിരിച്ചും , കല്ലെടുത്ത് കാട്ടിലെറിഞ്ഞും, ആടിപാടി ഞങ്ങള്‍ പോവുകയായിരുന്നു. മേലടക്കം ജങ്ക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ എചിലാം കയം വരെ ഇറക്കമാണ്. ഈ ഇറക്കത്തില്‍ വീഴാതെ താഴെ എത്തുക എന്നുള്ളത് ഞങ്ങളെ പോലുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു സംഭവം തന്നെ ആണ്.
ഇറക്കം തുടങ്ങിയ ഉടനെ ദൂരെ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നത് കണ്ടു. ഞായറാഴ്ച പള്ളിയില്‍ പോയി വരുന്ന ഏതോ ഒരു അച്ചായത്തി കുട്ടി. വളരെ ഫാഷന്‍ ഉള്ള, സുന്ദരിയായ ചുരിദാര്‍ ഇട്ട കയ്യില്‍ ഒരു തടിച്ച പുസ്തകം മാറോട് ചേര്‍ത്ത് പിടിച്ചു നടന്നു വരുന്ന ഒരു പെണ്ണ്.
ഉടനെ ബെറ്റ് വന്നു . "ടാ ഒളോടു ആര് മുണ്ടും..? മുണ്ടുന്നോനു എന്റെ വക നാരങ്ങ സോഡാ.."
ഒരു പെണ്ണിനോട് പ്രേമം തോന്നി സംസാരിക്കാനുള്ള ഒരു മാനസിക നിലയോന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും പെണ്ണിനോട് സംസാരിക്കുന്നത് സെക്സിനെ കുറിച്ചും പ്രണയത്തെ കുറിച്ചും മാത്രമായിരിക്കും എന്നതും , പരിചയമില്ലാത്ത ഒരു പെണ്ണിനോട് സംസാരിക്കുക എന്നാല്‍ ഹിമാലയം കീഴടക്കുന്നതിനേക്കാള്‍ വലിയ സംഭവം ആണെന്നും പെണ്ണുങ്ങളോട് എന്ത് പറഞ്ഞാലും അവര്‍ ചെരുപ്പ് ഊരി തല്ലുകയോ കൂവി വിളിച്ചു ആള്‍ക്കാരെ കൂട്ടുകയോ ചെയ്യും എന്നൊകെ ഉള്ള 'പൊതു ധാരണ' ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.
"ടാ ബേണ്ടാ ട്ടാ , ഏതോ ചേട്ടത്തി പെണ്ണ് പള്ളീ പോയിട്ട് ബെരുന്നതാ.. ബെറുതെ കൊയപ്പാകണ്ടാ.."
"പോടാ ആടന്നു ധൈര്യോ ഉള്ള ആരിക്കും മുണ്ടാ... ബെറുതെ മുണ്ടിയാ പോരാ ഓള് അയിനു മറുപടി പറേണം.. കുന്നുംകീ എത്തിയാ നാരങ്ങാ സോടാ ഒറപ്പ്.." സംസാരിക്കുന്നവന് അടി ഉറപ്പാക്കുന്ന നിയമങ്ങള്‍...!!
"ഡാ നീ പറയോ ഒളോട് ബിശ്യം..?? നീ പരയുഒ??? ബേം പറ, അപ്പെ ണ്ണ് ഇങ്ങേത്താനായി" അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ച്തല്ലാതെ ആരും തയ്യാറായില്ല.
പെട്ടെന്ന് ഫൈസല് പറഞ്ഞു ''ഞാന്‍ ബിശ്യം പറയാ... നാരങ്ങാ സോഡാ ഒറപ്പല്ലേ.. പെറ്റിക്കരത് "..
എല്ലാരും ഞെട്ടി... കൂട്ടത്തില്‍ ചെറുത് ഫൈസലാണ്. ആ പെണ്ണിന്റെ സൈസ് കണ്ടിട്ട് അവളുടെ ഒരു അടി പോലും കൊള്ലാനുള്ള ആരോഗ്യ സ്ഥിതി അവനില്ല.
അവന്‍ തീരുമാനം ഉറപ്പിച്ചതോടെ ഞെട്ടിപ്പോയ ഞങ്ങള്‍ , എന്തോ താഴെ വീണ പോലെ നിലത്തിരുന്നു മണ്ണില്‍ തപ്പിക്കൊണ്ടിരുന്നു. ഫൈസല്‍ മുന്നോട്ടു തന്നെ, പിന്നോട്ടില്ല. പടച്ചോനെ ..
അവന്‍ എങ്ങനെ അത് അവളോട് പറയും .., എന്തൊക്കെ ചീത്ത അവള്‍ പറയും, .എങ്ങനെ അവള്‍ തല്ലും എന്നുള്ള ഒരു തരം വീര്‍പ്പു മുട്ടല്‍.
ഞങ്ങളില്‍ നിന്ന് ഒരു പത്തു മീറ്റര്‍ ദൂരത്ത് മുഖാ മുഖം അവരെത്തി.
പെട്ടെന്ന് ഫൈസല് അവളുടെ അടുത്തേക്ക് നീങ്ങി , ഞങ്ങളൊക്കെ പേടി കൊണ്ട് പകുതി അടഞ്ഞു പോയ കണ്ണോടെ നിലത്തിരുന്നു അവണെ പാളി നോക്കി.
"ഏണെ സമയം എത്ര ആയേ...??"
"പതിനൊന്നേ കാല്..."
തല്ലു കൊള്ലാതെ, ഭാവ മാറ്റമില്ലാതെ ഫൈസല്‍ മുന്നോട്ടു നടന്നു പോകുമ്പോള്‍ 'ഓന്‍ ബിശ്യം ഇങ്ങനെ' പറഞ്ഞതിന്റെ ഷോക്കില്‍ നിലത്ത് വീണു പോയ ഞങ്ങള്‍ ആ പെണ്ണ് കാണാതെ തുണിയുടെ മണ്ണ് തട്ടുകയായിരുന്നു.
***********************************************************************
No comments:
Post a Comment