പത്തു വര്‍ഷത്തിലധികമായി ദുബായിലും ഷാര്‍ജയിലും ഞാന്‍ കണ്ട അല്ലെങ്കില്‍ കേട്ടറിഞ്ഞ ചില തട്ടിപ്പുകള്‍ ഇവിടെ കുറിചിടുകയാണ്. ഇത്തരം ചതികളില്‍ പെടാതിരിക്കാന്‍ ആര്‍ക്കെങ്കിലും ഈ കുറിപ്പ് സഹായകമായേക്കാം.
1) സിറ്റിയിലെ കെട്ടിടങ്ങളുടെ ഇടയിലൂടെ നടന്നു പോകുമ്പോള്‍ ഒരു പാവം മനുഷ്യന്‍ വന്നു നൂറു ദിര്‍ഹമിന് ചില്ലറ തരുമോ എന്ന് ചോദിക്കും. ഏതൊരാളും പറയും ചില്ലറ ഇല്ല എന്ന്. സാറേ പാര്‍കിംഗ് ഇടാനാണ് എങ്കില്‍ ഈ പത്തു ദിര്‍ഹത്തിനു കോയിന്‍സ് എങ്കിലും താ.. അല്ലെങ്കില്‍ അഞ്ചു രൂപ എങ്കിലും തരാന്‍ പറയും. എന്തെങ്കിലും ചില്ലറ ഉണ്ടോ എന്ന് നോക്കാന്‍ നിങ്ങള്‍ പേഴ്സ് എടുക്കും. അവന്‍ അതും തട്ടിപ്പറിച്ചു അവന്‍ അങ്ങ് ഓടും. എത്ര നിലവിളിച്ചാലും കരഞ്ഞാലും ഓടിയാലും അവനെ പിടിക്കാന്‍ പറ്റില്ല. അവര്‍ക്ക് എല്ലാ ഊടു വഴികളും അറിയാം. പോലീസില്‍ പരാതി കൊടുക്കാം എന്നല്ലാതെ നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുക എന്നത് ഭാഗ്യം പോലെ ഇരിക്കും. (ഇതേ രീതിയില്‍ മിസ് കോള്‍ ചെയ്യാന്‍ മൊബൈല്‍ ആവശ്യപ്പെട്ടു വന്നിട്ട് ആ മൊബൈലുമായി ഓടിക്കളയുന്നവരും, മൊബൈലില്‍ സംസാരിച്ചു കൊണ്ട് പോകുമ്പോള്‍ അത് തട്ടിപ്പറിച്ചു ഓടുന്നവരും ഉണ്ട കേട്ടോ.) ഷാര്‍ജ റോള ബാങ്ക് സ്ട്രീറ്റും, ദുബായ് ഫ്രിജ് മുരാറും പ്രധാന മേഘല.
2) നിങ്ങള്‍ തനിയെ പോവുകയാണെങ്കില്‍ തിരക്കുള്ള വഴിയില്‍ ഒരു മുഴുവന്‍ പര്‍ദ്ദ ധരിച്ച സ്ത്രീ വന്നു വഴി ചോദിക്കും. വളരെ പ്രശസ്തമായ സ്ഥലമായിരിക്കും ചോദിക്കുക. നിങ്ങള്‍ വഴി പറഞ്ഞു കൊടുക്കുമ്പോള്‍ അവര്‍ ചോദിക്കും ഈ സ്ഥലം ഏതാണ് എന്ന്?? ഞാന്‍ ഇവിടെ വന്നു പെട്ടതാണെന്നും എന്റെ സുഹൃത്തിന് ഈ സ്ഥലം ഒന്ന് ഫോണില്‍ പറഞ്ഞു കൊടുക്കാമോ എന്നും ചോദിക്കും. ഫോണ്‍ ചെയ്യാനായി ഒഴിഞ്ഞ സ്ഥലത്തേക്ക് അവര്‍ നിങ്ങളെ കൊണ്ട് പോകും. അവര്‍ നിങ്ങള്ക്ക് ഒരു നമ്പര്‍ ഡയല്‍ ചെയ്തു തരും. നിങ്ങള്‍ എത്ര ഉച്ചത്തില്‍ പറഞ്ഞാലും മറു തലക്കല്‍ മനസിലാകാത്ത രീതിയില്‍ എവിടെ എന്ന് ചോദിച്ചു കൊണ്ടേ ഇരിക്കും. ഈ സമയത്ത് നിങ്ങളുടെ കൂടെ ഉള്ള സ്ത്രീ അറിയാത്ത രീതിയില്‍ നിങ്ങളുടെ 'സ്വകാര്യതയെ' ഒന്ന് സ്പര്‍ശിക്കും. പിന്നെ പെട്ടെന്ന് ഫോണ്‍ തിരിച്ചു വാങ്ങിയിട്ട് ഫോണില്‍ 'ഞാന്‍ ടാക്സി വിളിച്ചു വന്നോളാം' എന്ന് പറഞ്ഞു കട്ട് ചെയ്യും. എന്നിട്ട് നിങ്ങളോട് വളരെ നന്ദിയും പറയും. പോകാന്‍ നേരം ആ സ്ത്രീ നിങ്ങളെ വളരെ ശക്തമായി കെട്ടിപ്പിടിക്കും, ഉമ്മ തരും. നിമ്നോന്നതങ്ങളുടെ സ്പര്‍ശനത്തില്‍ നിങ്ങള്‍ തരിച്ചു പോകും അല്ലെങ്കില്‍ അറബി പെണ്ണല്ലേ എന്ന് കരുതി പേടിച്ചു പോകും. പെട്ടെന്ന് തന്നെ അവര്‍ നിങ്ങളെ വിട്ടു ചിരിച്ചു കൊണ്ട് നന്ദിയും പറഞ്ഞു പോകും. തരിപ്പോക്കെ മാറി നിങ്ങള്‍ നോക്കുമ്പോ പെഴ്സും മൊബൈലും പോക്കറ്റില്‍ ഉള്ള സകലതും പോയിട്ടുണ്ടാകും. ഇനി നിങ്ങള്‍ ഈ സ്ത്രീയെ അന്വേഷിച്ചാലും കാണില്ല. കാരണം സംഭവം കഴിഞ്ഞാല്‍ ആദ്യം അവര്‍ ചെയുന്നത് പര്‍ദ്ദ അഴിച്ചു മാറ്റുക എന്നതാണ്, പിന്നെ അവര്‍ നിങ്ങളുടെ മുന്നില്‍ വന്നു നിന്നാലും തിരിച്ചറിയാന്‍ കഴിയില്ല. (ഇതേ പരിപാടി തന്നെ ലിഫ്റ്റില്‍ ഒന്നിച്ചു പോകുമ്പോള്‍ കെട്ടിപ്പിടിച്ചും ചെയ്യാറുണ്ട്.) ഈ സംഭവം ഒരു മലയാളിയുടെ 28,000 ദിര്‍ഹം കൊണ്ടുപോയതായി കഴിഞ്ഞ മാസം ടീ വീ യില്‍ കാണിച്ചിരുന്നു. എവിടെയും ഇത്തരക്കാര്‍ ഉണ്ട.
3) നിങ്ങള്‍ വഴിയെ നടന്നു പോകുമ്പോള്‍ നിങ്ങളുടെ മുന്നില്‍ നടന്നു പോകുന്ന ആളിന്റെ ബാഗില്‍ നിന്നും നോട്ടു കെട്ടു റോഡില്‍ വീഴും, നിങ്ങള്‍ ഉടനെ അതെടുത്ത് മുന്നില്‍ പോകുന്ന ആളിനെ വിളിക്കും. എല്പ്പിക്കാനായി പിന്നാലെ ഓടും പക്ഷെ ആ സമയം കൊണ്ട് നിങ്ങളുടെ വിളി കേള്‍ക്കാതെ അത് വഴി വന്ന വണ്ടിയില്‍ കയറി അയാള്‍ പോകും. നിങ്ങള്‍ ഈ പണം എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ ഓടി വന്നു പറയും, ഇതെന്റെ പണം ആണെന്ന്. നിങ്ങള്‍ പറയും അല്ല ആ പോയ ആളിന്റെതാണ് എന്ന്. തമ്മില്‍ തര്‍ക്കമാകും. ഒന്നുകില്‍ അയാള്‍ പറയും പോലിസ് സ്റേഷനില്‍ പോകാം എന്ന് അല്ലെങ്കില്‍ അയാള്‍ പറയും നിനക്ക് ഞാന്‍ ഇതിന്റെ പകുതി തരാം എന്ന് . ഇതില്‍ ഏതു സമ്മതിച്ചാലും അയാള്‍ പറയും എന്റെ വണ്ടി ഉണ്ട് അതില്‍ പോകാം അല്ലെങ്കില്‍ അതില്‍ ഇരുന്നു സംസാരിക്കാം. വണ്ടിയില്‍ കയറുന്നതോടെ നിങ്ങളുടെ ഭാഗം തീര്‍ന്നു. പിന്നെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടു ഏതെന്കിലും ആളൊഴിഞ്ഞ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിങ്ങളെ ആരെങ്കിലും കണ്ടെത്തും.. (വഴി അറിയാത്ത ആളിന് വഴി കാണിച്ചു കൊടുക്കാന്‍ അവരുടെ വണ്ടിയില്‍ കയറിയാലും , കുറഞ്ഞ വാടകക്ക് ഓട്ടം വരുന്ന കള്ള ടാക്സിയില്‍ കയറിയാലും, ഈ ചതി പ്രതീക്ഷിക്കുക.) തിരക്കുള്ള ദേരയിലും ഷാര്‍ജ രോളയിലും വളരെ സാധാരണമായി നടക്കുന്നത്.
4)നിങ്ങള്‍ ഷെയറിംഗ് ടാക്സി പ്രതീക്ഷിച്ചു റോഡില്‍ നിക്കുമ്പോള്‍ ഫുള്‍ ആള്‍ക്കാരുമായി എന്നാല്‍ ഒരാളുടെ മാത്രം ഒഴിവുള്ള ഒരു കാര്‍ വരും എവിടെ പോകണം എന്ന് ചോദിക്കും,നിങ്ങള്‍ക്ക് പോകേണ്ട സ്ഥലം പറഞ്ഞാല്‍ അവിടേക്ക് തന്നെയാണ് ഞങ്ങളും എന്ന് പറയും. നിങ്ങള്‍ കയറും. പകുതി എത്തുമ്പോള്‍ ഒരാളുടെ പേഴ്സ് കാണുന്നില്ല എന്ന് പറയും. എല്ലാവരുടെയും പോക്കറ്റ് പരിശോടിക്കാന്‍ ഡ്രൈവര്‍ പറയും. എല്ലാരും പുറത്തിറങ്ങി പേഴ്സ് എടുത്തു കാണിക്കും. പക്ഷെ നിങ്ങളുടെ പോക്കറ്റില്‍ മാത്രം രണ്ടു പേഴ്സ് ഉണ്ടാകും അല്ലെങ്കില്‍ ഇരുന്ന സ്ഥലത്ത് മറ്റേ കാണാതായ പേഴ്സ് ഉണ്ടാകും. നിങ്ങള്‍ കള്ളനാനെന്നും.. പോലീസിനെ വിളിക്കണം എന്നും പറഞ്ഞു വിരട്ടും. പക്ഷെ അതിലൊരാള്‍ തനിക്ക് തിരക്കുന്ടെന്നും 'അവനെ ഇവിടെ വിട്ടേക്കു, നിങ്ങളുടെ പേഴ്സ് കിട്ടിയില്ലേ ഇനി നമുക്ക് പോകാം' എന്ന് പറയും. പേടിച്ചു വിറച്ചു നിക്കുമ്പോ അവര് വണ്ടിയില്‍ കയറി പോകും. ഇതിനിടയില്‍ അവര്‍ നിങ്ങളുടെ പേഴ്സും കൊണ്ട് പോയിട്ടുണ്ടാകും.
5) നിങ്ങള്‍ അമ്പതു രൂപയുടെ പെണ് വിഷയത്തിനു പോകുന്നവന്‍ ആണെങ്കില്‍ , ശ്രദ്ധിക്കുക. സുന്ദരിയായ ഒരു സ്ത്രീ നിങ്ങളെ മുപ്പതു രൂപ മതി എന്നും പറഞ്ഞു അവളുടെ ഫ്ലാറ്റിലേക്ക് കൂട്ടി കൊണ്ട് പോകും. നൂറിന്‍റെ മൊതലിനെ മുപ്പതിന് കിട്ടിയല്ലോ എന്ന് കരുതി നിങ്ങള്‍ കൂടെ ചെല്ലും. ഫ്ലാറ്റ് തുറക്കുമ്പോള്‍ ഹാളില്‍ മങ്ങിയ ഇരുട്ടായിരിക്കും. ആദ്യം തന്നെ അവളുടെ മുപ്പതു ദിര്‍ഹം വാങ്ങും, ചില്ലറ ഇല്ലെങ്കില്‍ ബാക്കി പോകുമ്പോള്‍ തരാം എന്ന് പറഞ്ഞു നിങ്ങളുടെ നൂറിന്റെ നോട്ടു കൈക്കലാക്കും.. ഇവിടെ ആരും ഇല്ലെന്നും വസ്ത്രങ്ങള്‍ ഇവിടെ അഴിച്ചു വെച്ചോളൂ എന്നും അവള്‍ പറയും. നിങ്ങളുടെ മുന്നില്‍ നിന്നും അവള്‍ വസ്ത്രം അഴിച്ചു മാറ്റി അകത്തെ മുറിയിലേക്ക് നിങ്ങളെ ക്ഷണിക്കും. ആക്രാന്തം മൂത്ത നിങ്ങള്‍ എല്ലാം ആ ഹാളില്‍ അഴിച്ചിട്ട് അവളുടെ മുറിയിലേക്ക് കയറും. അകത്ത് കയറി വല്ലതും തുടങ്ങുമ്പോഴേക്കും അവള്‍ക്കു ഒരു ഫോണ്‍ വരും. ഉടനെ അവള്‍ നിങ്ങളെ തള്ളി മാറ്റി പോലീസ് പോലീസ് എന്ന് നിലവിളിക്കും. അവിടെ പോലീസ് റൈഡ് നടക്കുന്നുണ്ടെന്നും പെട്ടെന്ന് പൊയ്ക്കോളൂ അല്ലെങ്കില്‍ പോലീസ് പിടിക്കും എന്നും പറയും. പേടിച്ചു വിറച്ചു കിട്ടിയ തുണിയും ഉടുത്തു നിങ്ങള്‍ ഇറങ്ങി ഓടും. കുറച്ചു ദൂരെ ചെന്ന് ഒന്ന് ദീര്‍ഘ നീശ്വാസം വിടുമ്പോഴാണ് അറിയുക, കയ്യിലുള്ള മൊബൈലും പേഴ്സും, സകലതും നഷ്ടപ്പെട്ടു പോയി എന്നാ കാര്യം. തിരിച്ചു പോകാന്‍ തുടങ്ങിയാല്‍ ഒന്നുകില്‍ നിങ്ങള്ക്ക് ഫ്ലാറ്റു ഏതാണെന്ന് ഓര്‍മയുണ്ടാവില്ല, അഥവാ നിങ്ങള്‍ അവിടെ എത്തിയാലും നേരത്തെ കണ്ട സ്ത്രീ അവിടെ ഉണ്ടാവില്ല, അഥവാ ഉണ്ടായാലും നിങ്ങള്‍ പറയുന്നത് അവര്‍ അന്ഗീകരിക്കില്ല. ഇത് പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന ഫ്ലാറ്റ് ആണെന്നും ഇവിടെ ബഹളം ഉണ്ടാക്കിയാല്‍ പോലീസിനെ വിളിക്കും എന്നും പറയും. അതോടെ തീര്‍ന്നു. നിരാശയോടെ വീട്ടിലേക്ക് പോകാന്‍ മാത്രമേ പറ്റുകയുള്ളൂ, കാരണം പോലീസിനെ ആ സ്ത്രീകള്‍ വിളിച്ചാല്‍ നിങ്ങള്‍ എന്ത് കാരണത്തിന് ആണ് നേരത്തെ അവിടെ പോയത് എന്ന് പോലീസിനോട് പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ നിങ്ങളും പ്രശ്നത്തിലായി.
(ഇതിലെ ചതി നടക്കുന്നത് നിങ്ങള്‍ ആദ്യം ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ അവിടെ ഇരുട്ടില്‍ മറഞ്ഞു അല്ലെങ്കില്‍ ബാത്ത് റൂമില്‍ മറ്റൊരു സ്ത്രീ ഉണ്ടാകും. നിങ്ങള്‍ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് മുറിയിലേക്ക് കയറിയാല്‍, നിങ്ങളുടെ മൊബൈലും സകലതും എടുത്തതിനു ശേഷം അകത്ത് നിങ്ങളോടൊപ്പം ഉള്ള സ്ത്രീക്ക് മൊബൈലില്‍ റിംഗ് കൊടുക്കും അപ്പോള്‍ അവള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പോലെ പോലീസ് റൈഡ് എന്ന് നില വിളിക്കും.. നിങ്ങള്‍ ഇറങ്ങി ഓടും...)
6)നിങ്ങള്‍ നടന്നു പോകുമ്പോള്‍ നിങ്ങള്‍ക്ക് വയര് കൂടുതലാണെന്നും , അല്ലെങ്കില്‍ കണ്ണിനു ചുറ്റും കറുപ്പ് നിറം കൂടുതല്‍ ആണെന്നും, അല്ലെങ്കില്‍ സെക്സില്‍ താങ്കള്‍ പരാചിതനാനെന്നു തോന്നുന്നു എന്നും പറഞ്ഞു കൊണ്ട് ഒരാള്‍ നിങ്ങളെ സമീപിക്കും. ഇതില്‍ നിങ്ങള്‍ 'അതെ' എന്ന് മറുപടി പറഞ്ഞാല്‍ അഫ്ഘാനിസ്ഥാനില്‍ നിന്നും മുല്ല അല്ലെങ്കില്‍ ചാച്ച ഇവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്, അദ്ദേഹത്തിന്റെ ആയുര്‍വേദ മരുന്ന് ഇതിനെല്ലാം വളരെ ഫലപ്രധമാണെന്നും പറയും. ചാച്ച മരുന്നൊന്നും തരില്ലേന്നും മരുന്ന് കുറിച്ച് തന്നാല്‍ അത് ആയുര്‍വേദ കടയില്‍ നിന്ന് വാങ്ങി കഴിച്ചാല്‍ മതി എന്നും പറയും. പ്രത്യേകിച്ച് ഫീസൊന്നും കൊടുക്കണ്ട മറ്റന്നാള്‍ തിരിച്ചു പോകുന്നതിനു മുന്‍പേ കാണണം അത് കൊണ്ട് ഇപ്പൊ തന്നെ പൊയ്ക്കോ എന്ന് പറയും. പറഞ്ഞ സ്ഥലത്ത് പോയാല്‍ വലിയ വെള്ള താടി വെച്ച ഒരു വയസനെ കാണാം. കാര്യം പറഞ്ഞാല്‍ അദ്ദേഹം പറയും ശെരിയാക്കാം, കുറച്ചു മരുന്നുകള്‍ വാങ്ങണം.. അതൊക്കെ തമ്മില്‍ ചേര്‍ത്തിട്ടാണ് നിങ്ങളുടെ രോഗത്തിനുള്ള മരുന്നുണ്ടാക്കെണ്ടാത്. അത് കൊണ്ട ആദ്യം പോയി ഈ മരുന്ന് വാങ്ങിയിട്ട് വാ എന്ന് പറയും. ഇയാള തന്ന ലിസ്റ്റുമായി സകല ഹെര്‍ബല്‍ കടയില്‍ പോയാലും ഈ മരുന്നില്ല എന്ന് പറയും. അവസാനം കിട്ടാതെ നമ്മള്‍ തിരിച്ചു ചെല്ലും അപ്പോള്‍ ചാച്ച അഫ്ഗാനികളെ വിളിച്ചിട്ട് ഈ മരുന്ന് എവിടെ കിട്ടും എന്ന് ചോദിക്കും. എന്നിട്ട നമുക്ക് ഒരു അഡ്രസ്സും തരും. ആ അഡ്രസില്‍ പോയാല്‍ ഒരാളിന്റെ കയ്യില്‍ നിന്നും സാധനം കിട്ടും. പക്ഷെ അവര് പറയും ഇത് എവിടെയും കിട്ടാത്ത മരുന്നാണ് അത് കൊണ്ട് വില കൂടും. നാന്നൂറു ദിര്‍ഹം കൊടുത്ത് ഈ മരുന്നും വാങ്ങി ചാച്ചയെ കാണണം. അപ്പോള്‍ വേറെ ഒരു ലിസ്റ്റ് തരും. ആ ചെറിയ മരുന്നുകളും കൂടി വാങ്ങണം. അത് അമ്പതു ദിര്‍ഹത്തിന് ഏതു ഹെര്‍ബല്‍ കടയിലും കിട്ടും. ഇതൊക്കെ കൊടുത്താല്‍ ചാച്ച എല്ലാം കൂടി മിക്സ് ചെയ്തു തരും. ഇനി ഒരു മാസം കഴിച്ചിട്ട് വിവരം പറയണം എന്ന് പറയും. നാളെ മുതല്‍ വയര് കുറയുന്നതും സ്വപ്നം കണ്ടു നമ്മള്‍ കഴിച്ചു തുടങ്ങും ആദ്യ ദിവസം തന്നെ വയറ്റിളക്കം വന്നു ജോലിക്ക് പോകാന്‍ പറ്റാതെ കുടുങ്ങും, രണ്ടാം ദിവസം മുതല്‍ കഴിക്കില്ല. ഇനി തിരിച്ചു പഴയ സ്ഥലത്ത് പോയാല്‍ ചാച്ച ഉണ്ടാവില്ല ഈച്ചയും ഉണ്ടാവില്ല. മരുന്ന് വാങ്ങിയ സ്ഥലത്തും ആളുണ്ടാവില്ല. നമ്മുടെ ചാച്ചയും മരുന്ന് തന്ന ചെങ്ങാതിയും ഈ തട്ടിപ്പിന്റെ രണ്ടു പ്രധാന കണ്ണികള്‍ മാത്രം. ഈ അമളി പറ്റിയ ആരും തന്നെ ഈ കാര്യം പുറത്തു പറയാറില്ല.
7) നിങ്ങള്‍ ജോലി ഇല്ലാതെ നടക്കുന്ന ആളാണോ?? ഒരു ജോലിക്ക് പത്രങ്ങളില്‍ തപ്പി നോക്കിയാല്‍ ഒരു കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പല ജോലികളിലും ഒഴിവു കാണാം. സീ വീ ഈ മെയില്‍ ചെയ്‌താല്‍ ഉടനെ വിളി വരും. ഇന്റര്‍വ്യൂ നാളെ. നല്ല പോര്‍ഷ് ഏരിയയില്‍ ആയിരിക്കും അവരുടെ ഓഫീസ്. അവിടെ എത്തിയാല്‍ ഉടനെ തന്നെ നമ്മളെ ഒരു സുന്ദരി വന്നു ഇന്റര്‍വ്യൂ ചെയ്യും. അപ്പോള്‍ അവള്‍ പറയും ഞങ്ങളുടെ ക്ലയന്റിന് വേണ്ടിയാണ് ഇന്റര്‍വ്യൂ ചെയ്യുന്നത് ഇവിടെ പാസ്സായാല്‍ നിങ്ങള്ക്ക് അടുത്ത പടിയായി ക്ലയന്റ് ഇന്റര്‍വ്യൂ ഉണ്ടാകും. ഈ പ്രോസീജരുകള്‍ തീര്‍ക്കാനായി 250 ദിര്‍ഹം അടച്ചു റിസപ്ഷനില്‍ പേര് രേജിസ്ടര്‍ ചെയ്യണം. കാശും കൊടുത്ത് വീട്ടില്‍ പോയി കാത്തിരിക്കും. പിന്നെ ഒരിക്കലും വിളി വരില്ല. വീണ്ടും ആ ഓഫീസില്‍ പോയി ഒച്ചപ്പാട് ഉണ്ടാക്കിയാല്‍ അവര്‍ പറയും മൂന്ന് ദിവസം കൊണ്ട് ശേരിയാകും എന്ന്. വീട്ടില്‍ എത്തുന്നതിനു മുന്‍പ് ഇന്റര്‍വ്യൂ കോള്‍ വരും. റാസല്‍ ഖൈമയില്‍ നാളെ രാവിലെ എത്തണം ഒരു മൊബൈല്‍ നമ്പരും തരും. രാവിലെ അവിടെ എത്തി പറഞ്ഞ നമ്പരില്‍ വിളിച്ചാല്‍ പറയും ഞാന്‍ ഇപ്പോള്‍ ഓഫീസില്‍ ഇല്ല പുറത്താണ് .. മാറ്റി വെക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. കഷ്ടപ്പെട്ട് ദുബായില്‍ നിന്നും വരുന്നെന്നു പറഞ്ഞാല്‍ പറയും ഒരു കാര്യം ചെയ്യൂ ഈ കോഫീ ഷോപ്പില്‍ വരൂ . അവിടെ നിങ്ങളെ മീറ്റ് ചെയ്യാം. അവിടെ ഇരുന്നു ഒരാള്‍ ഇന്ടവ്യൂ നടത്തും. വിളിക്കാം എന്ന് പറഞ്ഞു പിരിയും. വീട്ടില്‍ എത്തുന്നതിനു മുന്‍പേ അടുത്ത കോള്‍ വരും. നാളെ രാവിലെ അബൂ ദാബിയില്‍ എത്തണം. പിറ്റേന്ന് ഫുജൈറ, അത് കഴിഞ്ഞാല്‍ അല്‍ ഐന്‍. അങ്ങനെ ഓടി ഓടി മടുക്കുമ്പോള്‍ നിങ്ങള്‍ പറയും എനിക്ക് വരാന്‍ പറ്റില്ല എന്ന്. അതോടെ നിങ്ങളുടെ കാര്യം തീര്‍ന്നു. കൊടുത്ത കാശും പോയിക്കിട്ടി.
8) വെറുതെ ഇരിക്കുന്ന നിങ്ങളുടെ ഫോണിലേക്ക് എത്തിസലാത്തില്‍ നിന്നാണെന്നും പറഞ്ഞു ഒരു കോള്‍ വരും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഒരു നറുക്കെടുപ്പിലൂടെ ഒരു മില്യണ്‍ ദിര്‍ഹം നേടിയിട്ടുണ്ടെന്നും ഇത് സ്വീകരിക്കാനായി ഉടനെ തിരിച്ചു വിളിക്കണമെന്നും പറയും. തിരിച്ചു വിളിച്ചാല്‍ നമ്മുടെ പാസ്പോര്‍ട്ട് കോപ്പിയും ബാങ്ക് അക്കൌന്റ്റ് നമ്പറും ഉടനെ വേണമെന്നും പറയും. അത് ഒരു ഇ മെയില്‍ അദ്രസിലേക്ക് അയക്കാന്‍ പറയും. അടുത്ത പടിയായി ഈ ഒരു മില്യണ്‍ നിങ്ങളുടെ അക്കൌണ്ടിലേക്ക് മാറ്റാനുള്ള പ്രോസസ്സിംഗ് ഫീ ആയ അഞ്ഞൂറ് ദിര്‍ഹം അയച്ചു കൊടുക്കാന്‍ പറയും. എങ്ങനെ അയക്കുമെന്ന് ചോദിച്ചാല്‍ നൂറു രൂപയുടെ എത്തിസലാത്ത് റീചാര്‍ജ് കാര്‍ഡ് സ്ക്രാച് ചെയ്തു നമ്പര്‍ അയച്ചു കൊടുക്കാന്‍ പറയും അല്ലെങ്കില്‍ വിളിക്കുന്ന മൊബൈലിലേക്ക് അഞ്ഞൂറ് ദിര്‍ഹം റീചാര്‍ജ് ചെയ്യാന്‍ പറയും. ഇത്രയും ആകുമ്പോഴേക്കും ഒരു വിധം ആള്‍ക്കാര്‍ക്ക് തട്ടിപ്പ് മനസിലാകും , എന്നാലും ഇപ്പോഴും ഒരു പാട് പേര്‍ ഈ ചതി അറിയാതെ അവരുടെ മൊബൈലിലേക്ക് പണം അയച്ചു കൊടുക്കുന്നുണ്ട്. ഓരോരോ നിയമ പ്രശനങ്ങള്‍ പറഞ്ഞു അവര്‍ കാശ് ചോദിച്ചു കൊണ്ടേ ഇരിക്കും. അവസാനം ഒരു മില്യണ്‍ അവര്‍ക്ക് കൊടുത്താല്‍ പോലും ഒരു രൂപ തിരിച്ചു കിട്ടില്ല. അവര്‍ക്ക് വേണ്ട കാശ് കിട്ടി കഴിഞ്ഞാല്‍ പിന്നെ ആ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമായിരിക്കും. എത്ര വിളിച്ചാലും പ്രവര്‍ത്തന രഹിതമാണെന്ന് പറയും.
9) നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക. റോഡിലൂടെ നിങ്ങള്‍ വണ്ടി ഓടിച്ചു പോകുമ്പോള്‍ മറ്റൊരു കാര്‍ പിന്നില്‍ വന്നു ചെറുതായി ഒന്ന് തട്ടും. നിങ്ങളും അവരും വണ്ടി നിര്‍ത്തും , ടെന്‍ഷന്‍ കൊണ്ട് നിങ്ങള്‍ ഇറങ്ങി പോയി വണ്ടിയുടെ പിന്നില്‍ എന്തെങ്കിലും പറ്റിയോ എന്ന് നോക്കും. ചെറുതായി ഒന്ന് തട്ടിയാതെ ഉള്ളൂ. ഒന്നും സംബവിച്ചില്ല . ഭാഗ്യം. മാത്രവുമല്ല പിറകില്‍ തട്ടിയ വണ്ടിയിലെ ഡ്രൈവര്‍ ഒന്നുകില്‍ സ്ത്രീ ആയിരിക്കും അല്ലെങ്കില്‍ പ്രായം ഉള്ള ആള്‍ ആയിരിക്കും. അവര്‍ വളരെ ടെന്‍ഷന്‍ അടിച്ചു നിങ്ങളോട് മാപ്പ് പറയും. എല്ലാ കുറ്റങ്ങളും ഏറ്റു പറയും. ട്രാഫിക് ജാം ആകുന്നു. നിങ്ങള്ക്ക് കുഴപ്പമില്ലെന്കില്‍ നമുക്ക് പോകാം. അല്ലെങ്കില്‍ പോലീസിനെ വിളിക്കാം എന്ന് പറയും. മറ്റു വണ്ടിക്കാരുടെ ഹോണ്‍ അടിയും ട്രാഫിക് ജാമും ഒക്കെ കൂടി ആകുമ്പോള്‍ "കുഴപ്പമില്ല പോലീസിനെ വിളിക്കണ്ട" എന്ന് പറഞ്ഞു നിങ്ങള്‍ വന്നു വണ്ടിയില്‍ കയറും. അഥവാ ഇനി വണ്ടിക്കു ഡാമേജ് ഉണ്ടെങ്കില്‍ തന്നെ പോലീസിനെ വിളിക്കാന്‍ വണ്ടി സൈഡിലെ പാര്‍ക്കിങ്ങിലേക്ക് നീക്കും. അപ്പോഴാണ് നിങ്ങളുടെ വണ്ടിയില്‍ ഉണ്ടായിരുന്ന ലാപ് ടോപ്പും മൊബൈലും പേഴ്സും, സകല സാധനങ്ങളും നഷ്ടപ്പെട്ടതായി കാണുക. ഇടിച്ച ആള്‍ ഇതൊന്നും എടുത്തിട്ടില്ല എന്ന് നിങ്ങള്‍ക്കറിയാം കാരണം അവര്‍ മുന്നോട്ടു വന്നിട്ടില്ല. അത് കൊണ്ട് അവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാനും പറ്റില്ല. പിന്നെ ഇതെവിടെ നിന്നും നഷ്ടപ്പെട്ടു എന്നതായിരിക്കും നിങ്ങളുടെ ചിന്ത.
ഇത് വളരെ പ്ലാന്‍ ചെയ്തു നടത്തുന്ന തട്ടിപ്പാണ്. ഇത്തരം പരിപാടി ചെയ്യാന്‍ വരുന്നവര്‍ രണ്ടു വണ്ടിയിലാണ് വരിക. നിങ്ങളുടെ ലാപ്ടോപും മൊബൈലും ഒക്കെ വണ്ടിയില്‍ കണ്ടാല്‍ അവരുടെ ഒരു വണ്ടി നിങ്ങളുടെ വലതു വശത്തും മറ്റൊരു വണ്ടി പിറകിലും വരും. പിറകിലെ വണ്ടി ഇടിക്കും. നിങ്ങള്‍ ഇറങ്ങുന്ന നേരം കൊണ്ട് വലതു വശത്തെ വണ്ടിയില്‍ ഉള്ള ആള്‍ക്കാര്‍ അപകടം കാണാന്‍ ഇറങ്ങുന്നത് പോലെ ഇറങ്ങി വന്നു നിങ്ങളുടെ വണ്ടിയില്‍ ഉള്ളതെല്ലാം എടുത്തു അവരുടെ വണ്ടിയില്‍ കയറി പോകും. ഇതിനൊക്കെ നിമിഷങ്ങള്‍ മാത്രമേ വേണ്ടതുള്ളൂ. ട്രാഫിക് ജാം ആയാല്‍ എല്ലാവരും എങ്ങനെയെങ്കിലും അവിടെ നിന്നും വണ്ടി നീക്കി കൊണ്ട് പോകാനേ ശ്രദ്ടിക്കുകയുള്ളൂ. ഇത്തരം മോഷണങ്ങള്‍ ആരും കാണാറില്ല.
10) നിങ്ങള്‍ എന്തെങ്കിലും കാര്യത്തിനു വേഗത്തില്‍ നടന്നു പോവുകയാണ്. പെട്ടെന്ന് എതിരെ വന്ന ഒരാളുമായി കൂടി ഇടിച്ചു. രണ്ടു പേരും ശ്രദ്ധിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ വീഴാന്‍ പോയ നിങ്ങളെ അയാള്‍ താങ്ങി നിര്‍ത്തി. രണ്ടു പേരും സോറി പറഞ്ഞു. പിരിഞ്ഞു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ പേഴ്സ് അല്ലെങ്കില്‍ മൊബൈല്‍ കാണുന്നില്ല. നിങ്ങള്‍ വന്ന വഴി മുഴുവന്‍ അരിച്ചു പെരുക്കിയാലും കിട്ടില്ല. കാരണം നിങ്ങളെ ഇടിച്ച ആള്‍ ഒരു പോക്കറ്റടിക്കാരന്‍ ആയിരുന്നു.
11) നിങ്ങള്‍ തനിച്ചാണ് താമസിക്കുന്നതെന്കില്‍ ശ്രദ്ധിക്കുക, ആളൊഴിഞ്ഞ നേരത്ത് ഡോര്‍ ബെല്‍ അടിച്ചു ഒരാള്‍ വാതിലില്‍ മുട്ടും, കാര്യം അറിയാനായി വാതില്‍ തുറന്നാല്‍, ഒന്നുകില്‍ ഗ്യാസ് മീറ്റര്‍ റീഡിംഗ് എടുക്കണം എന്ന് പറയും, അല്ലെങ്കില്‍ വൈദ്യുതി വയറിംഗ് ചെക്ക് ചെയ്യാന്‍ വന്നതാണെന്ന് പറയും. അല്ലെങ്കില്‍ നമ്മുടെ കുളിമുറിയിലെ വെള്ളം താഴത്തെ നിലയിലേക്ക് ചോരുന്നു അത് നോക്കാന്‍ വന്നതാണെന്ന് പറയും. എന്ത് കാരണം പറഞ്ഞായാലും അകത്തോട്ടു കയറാന്‍ അയാള്‍ ശ്രമിക്കും. ചുറ്റുവട്ടത്ത് ആരും ഇല്ലെങ്കില്‍ അയാള്‍ നിങ്ങളെ തള്ളി മാറ്റി അകത്ത് കടക്കും. അയാള്‍ അകത്ത് കയറിയാല്‍ പിന്നെ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അയാള്‍ തന്നെ ചെയ്തോളും. എതിര്‍ക്കാന്‍ നിന്നാല്‍ അയാള്‍ നിങ്ങളെ അപായപ്പെടുത്തിയെക്കും. വാതില്‍ പൂട്ടുന്നതും നിങ്ങളെ കെട്ടിയിടുന്നതും , വായില്‍ മാസ്കിംഗ് ടേപ്പ് ഒട്ടിക്കുന്നതും, വിലപിടിപ്പുള്ള എല്ലാം ബാഗില്‍ നിറയ്ക്കുന്നതും, താക്കോലും സാധങ്ങളും എടുത്തു പുറത്തിറങ്ങി, വീട് പുറത്തു നിന്നും പൂട്ടുന്നതും എല്ലാം അയാള്‍ ചെയ്തു കൊള്ളും. പിന്നെ നിങ്ങള്ക്ക് ആയുസിന് നീളം ഉണ്ടെങ്കില്‍ ആരെങ്കിലും വന്നു നിങ്ങളെ രക്ഷിചോളും. അല്ലെങ്കില്‍ തലവിധി. ഇത് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ. പ്രത്യേകിച്ച് ഫാമിലി ഫ്ലാറ്റുകളില്‍ സ്ത്രീകള്‍ തനിച്ചാകുന്ന സമയങ്ങളില്‍ ശ്രദ്ധിക്കുക. കതകിനു മുഴുവന്‍ തുറക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള സേഫ്റ്റി ചെയിന്‍ ഘടിപ്പിക്കുക.
ഇങ്ങനെ ഒരു പാട് സംഭവങ്ങള്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും .... ഇനിയും ഒരു പാട്... എല്ലാവര്ക്കും ഒന്നും നഷ്ടപെടാത്ത ദിനങ്ങള്‍ നേരുന്നു. ശ്രദ്ധിക്കുക. സൂക്ഷിക്കുക. കള്ളന്മാര്‍ ചുറ്റുവട്ടത്ത് തന്നെ ഉണ്ട്...
RECENT UPDATE:
RECENT UPDATE:
എന്റെ കമ്പനിയിലെ സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍ ഇന്നലെ (13.08.2014) രാവിലെ ഓഫീസിലേക്ക് വരികയായിരുന്നു. എട്ടു മണിക്ക് ക്രൌണ്‍ പ്ലാസയുടെ പുറകു വശത്തു പാര്‍ക്കിംഗ് ചെയ്യാന്‍ സ്ഥലം നോക്കി പതുക്കെ പോവുകയായിരുന്നു. പെട്ടെന്ന് ഒരാള്‍ ഓടി വന്നു വണ്ടിയുടെ പിന്‍ ഭാഗത്ത് ശക്തിയായി അടിച്ചു. ഉടനെ അയാള്‍ നിലത്ത് കിടന്നു നിലവിളിയും തുടങ്ങി.
പേടിച്ചു പോയ എന്‍ജിനീയര്‍ പെട്ടെന്ന് അയാളെ എഴുന്നേല്‍പ്പിച്ചു.ധരിച്ചിരിക്കുന്ന വേഷം പ്രകാരം ഈ നാട്ടുകാരനായ ആ വ്യക്തി പോലീസിനെ വിളിക്കണമെന്നും ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞു. എന്‍ജിനീയര്‍ പോലീസിനെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ അയാള്‍ തടഞ്ഞു. വണ്ടിയില്‍ ഇരുത്താന്‍ ആവശ്യപ്പെട്ടു. വണ്ടിയില്‍ കയറിയപ്പോ തന്നെ ആശു പത്രിയില്‍ കൊണ്ട് പോയാല്‍ മതി എന്നായി.
ആശുപത്രിയില്‍ പോകാന്‍ വണ്ടി എടുത്തു ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ ആ മനുഷ്യന്‍ എന്ജിനീയരെ വിരട്ടിത്തുടങ്ങി.
"ആശുപത്രിയില്‍ പോയാല്‍ കേസാകും. നിന്റെ വണ്ടി പോകും.കേസായാല്‍ നീ ജയിലില്‍ ആകും .. നിന്റെ ജോലി പോകും ..അത് കൊണ്ട് ഇത് ഒത്തു തീര്‍പ്പക്കാം..."
"ആശുപത്രിയില്‍ പോയാല്‍ കേസാകും. നിന്റെ വണ്ടി പോകും.കേസായാല്‍ നീ ജയിലില്‍ ആകും .. നിന്റെ ജോലി പോകും ..അത് കൊണ്ട് ഇത് ഒത്തു തീര്‍പ്പക്കാം..."
പതിനയ്യായിരം ദിര്‍ഹം തന്നാല്‍ കേസില്ലാതെ ഒതുക്കാം.. ഇല്ലെങ്കില്‍ നിന്റെ ജോലി.. കുടുംബം എല്ലാം പ്രശ്നത്തിലാകും... പേടിച്ചു വിറച് എന്‍ജിനീയര്‍ കയ്യെ കാലേ പിടിച്ചു പറഞ്ഞിട്ടും അയാള്‍ കൂട്ടാക്കിയില്ല. അവസാനം ചര്‍ച്ചയിലൂടെ അയ്യായിരം ദിര്‍ഹാത്തിനു സമ്മതിച്ചു.
അടുത്തുള്ള ATM മെഷീനില്‍ നിന്നും അയ്യായിരം ദിര്‍ഹം ഇന്ത്യക്കാരനായ ആ പാവം എന്‍ജിനീയര്‍ ഉടനെ എടുത്തു നല്‍കി. കാശ് കിട്ടിയതിനു ശേഷം ആ സ്വദേശി വേഷധാരി എങ്ങോട്ട് പോയി എന്നറിയില്ല.
---------------------------------------------------------
കാശ് കൊടുത്തയാള്‍ വിഡ്ഢി എന്നൊക്കെ നിങ്ങള്ക്ക് തോന്നിയേക്കാം. അയാള്‍ക്ക് ആരെയെങ്കിലും സഹായത്തിനു വിളിക്കാമായിരുന്നു. ഓഫീസില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. പേടിച്ചു പോയ അയാള്‍ക്ക് ഒന്നിനും സാധിച്ചില്ല. പക്ഷെ ഒരു സാധാരണ വ്യക്തിയെ ഇത്ര കൃത്യമായി കുടുക്കാന്‍ പ്ലാന്‍ തയ്യാറാക്കി നടക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ ചുറ്റും ഉണ്ടെന്നത് ഓര്‍ക്കുക. വളരെ ശ്രദ്ധിച്ചു ജീവിക്കുക.
---------------------------------------------------------
കാശ് കൊടുത്തയാള്‍ വിഡ്ഢി എന്നൊക്കെ നിങ്ങള്ക്ക് തോന്നിയേക്കാം. അയാള്‍ക്ക് ആരെയെങ്കിലും സഹായത്തിനു വിളിക്കാമായിരുന്നു. ഓഫീസില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. പേടിച്ചു പോയ അയാള്‍ക്ക് ഒന്നിനും സാധിച്ചില്ല. പക്ഷെ ഒരു സാധാരണ വ്യക്തിയെ ഇത്ര കൃത്യമായി കുടുക്കാന്‍ പ്ലാന്‍ തയ്യാറാക്കി നടക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ ചുറ്റും ഉണ്ടെന്നത് ഓര്‍ക്കുക. വളരെ ശ്രദ്ധിച്ചു ജീവിക്കുക.
നന്ദിയോടെ
റഷീദ് തായലാര്‍
പ്രിയപ്പെട്ട റഷീദ്,നിങ്ങള്‍അത്യന്തംപ്രയോജന പ്രദവുംഅടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നതുമായ ഈ കുറിപ്പ് വല്ലപത്രങ്ങളിലും ഉടന്‍ പ്രസിദ്ധീകരിക്കൂ.ഒന്നാ യില്ലങ്കില്‍ തുടരനായി ജനങ്ങളുടെ മുന്നിലെത്തിക്കൂ.ഒരു സംശയവും വേണ്ട അവരത് നെഞ്ചോടു ചേര്‍ക്കും,അത്രക്കും ലളിതവുംഗ്രാഹ്യവും ജീവല്‍ പ്രധാനവുമായ കുറിപ്പാണിത്.ഒരു ഫോട്ടോഗ്രാഫറുടെ നിരീക്ഷണ വൈഭവം നിത്യ ജീവിത്തിലും പുലര്‍ത്തുന്ന താങ്കളെ അഭിനന്ദിക്കാന്‍ ഹൃദയം വെമ്പുംപോഴും വാക്കുകള്‍ക്കു വഴിമുട്ടുന്നു.നന്ദി !!!
ReplyDeleteപ്രോല്സാഹനത്തിനു നന്ദി, ഞാന്‍ ശ്രമിക്കാം.
Deleteവളരെ നല്ല ഒരു പോസ്റ്റ് ഇത് കൂടുതൽ ആളുകൾ വായിക്കപ്പെടണം
ReplyDeleteതീര്‍ച്ചയായും, പ്രോല്സാഹനത്തിനു നന്ദി. :)
Deleteവളരെ ഉപകാരപ്രദമായ വിവരണം
ReplyDelete